പി.വി.ആറിന്റെ വമ്പന്‍ 9-സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ് കൊച്ചിയില്‍; കണ്‍മുന്നില്‍ ഇനി ആഡംബര ദൃശ്യാനുഭവം

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര തിയറ്റര്‍ ശൃംഖലയായ പി.വി.ആര്‍ ഐനോക്സ് ഒമ്പത് സ്‌ക്രീനുകള്‍ അടങ്ങിയ പുതിയ മള്‍ട്ടിപ്‌ളെക്‌സ് കൊച്ചിയില്‍ തുറന്നു. കേരളത്തില്‍ ആദ്യമായി പി(എക്‌സ്.എല്‍) ഫോര്‍മാറ്റില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്‌ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീനും ഉള്‍പ്പെടെയുള്ള പുതിയ തിയേറ്റര്‍ സമുച്ചയം കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആഡംബരപൂര്‍ണവും സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന രണ്ട് ലക്‌സ് (LUXE) സ്‌ക്രീനുകളും ഇതിലുള്‍പ്പെടുന്നു. മൊത്തം 1,489 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മള്‍ട്ടിപ്ലക്സാണിത്.

പുത്തന്‍ സൗകര്യങ്ങള്‍ ഇങ്ങനെ

പി.വി.ആറിന്റെ ഏറ്റവും വലിയ സ്‌ക്രീനില്‍ സിനിമ കാണാന്‍ കഴിയുന്ന ഫോര്‍മാറ്റാണ് പി(എക്‌സ്.എല്‍). 4കെ ലേസര്‍ പ്രൊജക്ടറും ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസവും കൂടിച്ചേരുന്നതോടെ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും പി(എക്‌സ്.എല്‍) സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ റിയല്‍ 3ഡി സംവിധാനവും ദൃശ്യാനുഭവത്തിന് മാറ്റേകുന്നു. മറ്റെവിടെയും കിട്ടാത്തത്രയും സൗകര്യങ്ങളോടെ സിനിമകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ലക്‌സ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും ഈ സ്‌ക്രീനുകള്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കിച്ചനും സജ്ജമായിരിക്കുമെന്നും കമ്പനി അറിയിച്ചു. വിവിധതരം ഭക്ഷണങ്ങള്‍ പാകം ചെയ്ത് സീറ്റുകളില്‍ എത്തിച്ചുനല്‍കും.

Image courtesy: PVR

പി.വി.ആര്‍ ഐനോക്സിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവമായിരിക്കണം കിട്ടേണ്ടത് എന്ന ലക്ഷ്യത്തോടുകൂടിയാണ് പി(എക്‌സ്.എല്‍) ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് പി.വി.ആര്‍ ഐ നോക്‌സ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബിജ്ലി പറഞ്ഞു. ലേസര്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടെ കൊച്ചിയിലെ ഏറ്റവും വലിയ സ്‌ക്രീന്‍ ഒരുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Image courtesy: Inaugural ceremony/PVR

ഫോറം മാളിലും പി.വി.ആര്‍ എത്തിയതോടെ കൊച്ചിയില്‍ മൂന്നിടങ്ങളിലായി പി.വി.ആര്‍ ഐനോക്സ് സ്‌ക്രീനുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്‌ക്രീനുകളാണുള്ളത്. ദക്ഷിണേന്ത്യയില്‍ 99 ഇടങ്ങളിലായി കമ്പനിയുടെ 558 സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it