മലയാളി സംരംഭകരുടെ എഡ് ടെക് കമ്പനി അമേരിക്കയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു, എലിപ്സിസിനെ സ്വന്തമാക്കി ക്യുബിറ്റ്സ് ലേണിംഗ്

കെ-12 വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ക്യുബിറ്റ്സ് ലേണിംഗ്
Qubits Learning
Published on

മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ് ടെക് കമ്പനിയായ ക്യുബിറ്റ്സ് ലേണിംഗ് (Qubits Learning) യു.എസ് ആസ്ഥാനമായുള്ള എലിപ്സിസ് എഡ്യൂക്കേഷനെ ഏറ്റെടുത്തു. ഇതിലൂടെ അമേരിക്കയിലുടനീളം ക്യുബിറ്റ്സിന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. ദുബായ് ആസ്ഥാനമായുള്ള ക്യുബിറ്റ്സ് ലേണിംഗ് 14 രാജ്യങ്ങളിലായി മൂന്ന് ലക്ഷം വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു. ഏറ്റെടുക്കല്‍ തുക കമ്പനി വ്യക്തമാക്കിയിട്ടില്ല.

നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സുരക്ഷ, ഫിസിക്കൽ കമ്പ്യൂട്ടിംഗ് തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമാണ് ക്യുബിറ്റ്സ് ലേണിംഗ്. 2021 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. മുവാറ്റുപുഴ സ്വദേശിയായ ഡി പോൾ കണ്ണന്താനവും തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ ചെറുപ്രാപ്പനും ചേര്‍ന്നാണ് കമ്പനി ആരംഭിക്കുന്നത്.

അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, ന്യൂ മെക്സിക്കോ, മിസിസിപ്പി, നെവാഡ തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യമുള്ള എലിപ്സിസ് എഡ്യൂക്കേഷന്‍ 2018 ലാണ് സ്ഥാപിതമാകുന്നത്. ക്യുബിറ്റ്സിന്റെ ആകർഷകമായ എ.ഐ അധിഷ്ഠിത വിദ്യാർത്ഥി പ്ലാറ്റ്‌ഫോമും എലിപ്‌സിസ് എഡ്യൂക്കേഷന്റെ മികച്ച പാഠ്യപദ്ധതിയും അധ്യാപക പിന്തുണയും സംയോജിപ്പിച്ച് അമേരിക്കയിലെ കെ-12 വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഡി പോൾ കണ്ണന്താനം പറഞ്ഞു. ലോകോത്തര കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകാനുള്ള കമ്പനിയുടെ ദൗത്യത്തിലെ സുപ്രധാനമായ ഏടാണ് ഏറ്റെടുക്കലെന്നും ഡി പോൾ വ്യക്തമാക്കി.

പുറത്തു നിന്ന് ധനസമാഹരണം നടത്താതെയാണ് ക്യുബിറ്റ്സ് ലേണിംഗ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. എലിപ്‌സിസ് എഡ്യൂക്കേഷൻ ഇതുവരെയായി ഏകദേശം 150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലും സാന്നിധ്യം ഉറപ്പിക്കാനുളള നീക്കങ്ങളിലാണ് ക്യുബിറ്റ്സ് ലേണിംഗ്.

Malayali-led Qubits Learning acquires US-based Ellipsis Education to expand its EdTech presence across America.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com