ക്വിക്ക് കൊമേഴ്‌സ് ബിസിനസ്സുകള്‍ ഇരുട്ടില്‍; വെയര്‍ഹൗസുകള്‍ പൂട്ടുന്നു

ഫ്‌ളിപ്ക്കാര്‍ട്ട് ക്വിക്ക്, ഡണ്‍സോ, ഫ്രാസോ തുടങ്ങിയ ഒന്നിലധികം ക്വിക്ക് ഗ്രോസറി ഡെലിവറി കമ്പനികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ ഡാര്‍ക്ക് സ്റ്റോറുകളുടെ (വെയര്‍ഹൗസുകള്‍) എണ്ണം കുറച്ചു. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സമയത്ത് ഈ മേഖലയില്‍ ഉയര്‍ന്നു നിന്നിരുന്ന ഡിമാന്‍ഡില്‍ ഇപ്പോള്‍ കുറവുണ്ടായതുമാണ് ഇതിന് കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

ക്വിക്ക് കൊമേഴ്‌സില്‍ സുസ്ഥിരമായ ഒരു ബിസിനസ് മോഡല്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കമ്പനി ചില നഗരങ്ങളില്‍ നിന്ന് ഫ്‌ളിപ്ക്കാര്‍ട്ട് ക്വിക്കിനെ ഈയടുത്തായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് കമ്പനി ഫ്‌ളിപ്പ്കാര്‍ട്ട് സൂപ്പര്‍മാര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുപോലെ തന്നെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി റിലയന്‍സ് ഉടമസ്ഥതയിലുള്ള ഡണ്‍സോയുടെ ഡാര്‍ക്ക് സ്റ്റോറുകളും അടച്ചുപൂട്ടിയിട്ടുണ്ട്.

ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡണ്‍സോയുടെ 20-30 ശതമാനം ഡാര്‍ക്ക് സ്റ്റോറുകളും അടച്ചുപൂട്ടിയിട്ടുണ്ട്. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഇത്തരമൊരു നീക്കമെന്ന് ഡണ്‍സോ വക്താവ് പറഞ്ഞു. 10-30 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്ന സംവിധാനമാണ് ക്വിക്ക് ഗ്രോസറി ഡെലിവറി അല്ലെങ്കില്‍ ക്വിക്ക് കൊമേഴ്സ് എന്ന് പറയുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it