
ക്വിക്ക് കൊമേഴ്സ് മേഖല ദ്രുതഗതിയിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. നാല് കൊല്ലം മുമ്പ് ഭക്ഷണ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയില്‍ ഒതുങ്ങിയിരുന്ന ഇ കൊമേഴ്സ് മേഖല, അതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് വിപുലപ്പെടുത്തുന്നത്. പലചരക്ക് സാധനങ്ങൾ വേഗത്തില്‍ എത്തിക്കുന്ന സേവനത്തില്‍ നിന്ന് ഈ മേഖല ഫാഷന്‍ ഉല്‍പ്പന്നങ്ങളിലേക്കും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളിലേക്കും അതിവേഗമാണ് വ്യാപിച്ചത്.
ശിശു സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ (baby care products) അതിവേഗം എത്തിച്ചു നല്‍കുന്ന മേഖലയിലേക്കാണ് ഇ കൊമേഴ്സ് പുതുതായി കടക്കുന്നത്. നിരവധി നിക്ഷേപകരാണ് ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. 30 മിനിറ്റിനുള്ളിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ബംഗളൂരു ആസ്ഥാനമായുള്ള കാവി (Cavi). സ്റ്റെല്ലാരിസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് (Stellaris Venture Partners) കാവിയില്‍ 30-40 ലക്ഷം ഡോളർ (ഏകദേശം 34 കോടി രൂപ) നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണെന്ന് മണികൺട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓസീ യിൽ (Ozi) 40-50 ലക്ഷം ഡോളർ നിക്ഷേപിക്കാൻ ബ്ലൂം വെഞ്ച്വേഴ്‌സ് ചർച്ചകൾ നടത്തിവരികയാണ്. കുട്ടിക്ക് ആവശ്യമായതെല്ലാം 60 മിനിറ്റിനുളളില്‍ ഡെലിവറി ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഇ കൊമേഴ്സ് സ്റ്റാർട്ടപ്പാണ് സോഡിൽ (Zoddle). സാധ്യതയുള്ള നിക്ഷേപകരുമായി പണം സ്വരൂപിക്കുന്നതിനായി സജീവ ചര്‍ച്ചകളിലാണ് സോഡിൽ.
ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്‌ക്കറ്റ്, ഫ്ലിപ്കാർട്ട് മിനിറ്റ്സ് തുടങ്ങിയവ ക്വിക്ക് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ അഭൂതപൂര്‍വമായ വിജയമാണ് ഈ മേഖലയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമേകുന്ന പ്രധാന ഘടകം. അടുത്തിടെ ഫാഷൻ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഇ കൊമേഴ്സ് സ്റ്റാർട്ടപ്പായ സ്ലിക്ക് (Slikk) മൂന്ന് മാസത്തിനുള്ളിലാണ് 13 കോടി ഡോളറിലധികം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത്. മറ്റൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാബിറ്റിനും (Snabbit) വേഗത്തില്‍ 2.4 കോടി ഡോളറിലധികം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കാനായി.
ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് രംഗത്തെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് സെപ്‌റ്റോ (Zepto) കഴിഞ്ഞ വര്‍ഷം ആറ് മാസത്തിനുള്ളിൽ 130 കോടി ഡോളറിലധികം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചതാണ് ഈ രംഗത്തുളള മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമാകുന്നത്.
Quick commerce startups expand into baby care products, attracting millions in venture capital.
Read DhanamOnline in English
Subscribe to Dhanam Magazine