വരുമാനത്തില്‍ റെക്കോഡ്‌ ചൂളംവിളിയുമായി റെയില്‍വേ; ആനുകൂല്യം ഒഴിവാക്കി ലാഭിച്ചത് കോടികള്‍

വന്ദേ ഭാരത് അടക്കം ന്യൂജെന്‍ ട്രെയിനുകളുമായി കളംനിറയുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2023-24 സാമ്പത്തിക വര്‍ഷം റെക്കോഡ്‌ വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ നേടാനായതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ 2.40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പഴങ്കഥയാക്കിയത്. സാമൂഹ്യമാധ്യമമായ എക്‌സിലാണ് മന്ത്രി വരുമാന കണക്ക് വെളിപ്പെടുത്തിയത്.

2023-24 സാമ്പത്തിക വര്‍ഷം 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണ് നടന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 151.2 കോടി ടണ്ണായിരുന്നു. പുതിയ പാതകളുടെ നിര്‍മാണത്തിനും പഴയവയുടെ നവീകരണത്തിനുമായി കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,300 കിലോമീറ്റര്‍ ട്രാക്കാണ് റെയില്‍വേ പണിതീര്‍ത്തത്. 551 സ്റ്റേഷനുകളുടെ ഡിജിറ്റല്‍വല്‍ക്കരണവും പൂര്‍ത്തിയാക്കി.
ചരക്കു നീക്കത്തിൽ ലക്ഷ്യം മറികടന്നു
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 787.6 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് റെയില്‍ മാര്‍ഗം ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 181 മില്യണ്‍ ടണ്‍ ഇരുമ്പയിരും 154 ടണ്‍ സിമന്റും ഇക്കാലയളവില്‍ റെയില്‍ മാര്‍ഗം കൊണ്ടുപോയി. ലക്ഷ്യമിട്ടതിലും കൂടുതല്‍ അളവില്‍ ചരക്കുനീക്കം നടത്താന്‍ ഇക്കാലയളവില്‍ സാധിച്ചു. റെയില്‍വേയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ചരക്കു നീക്കത്തിലൂടെയാണ്.
റെയില്‍വേയുടെ വൈദ്യുതീകരണവും പുതിയ ട്രാക്കുകളുടെ നിര്‍മാണവും അതിവേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ദിനംപ്രതി 14.5 കിലോമീറ്റര്‍ എന്ന രീതിയിലാണ് വൈദ്യുതീകരണം പുരോഗമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,188 കിലോമീറ്ററാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. തൊട്ടുമുമ്പത്തെ കാലയളവില്‍ ഇത് 6,565 കിലോമീറ്ററായിരുന്നു. 2014-15 40,000 കിലോമീറ്ററില്‍ അധികമാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്.
ആനുകൂല്യത്തില്‍ കൈയിട്ട് കോടികള്‍
സീനിയര്‍ സിറ്റിസണ്‍സിന്റെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നതിലൂടെ റെയില്‍വേയ്ക്ക് നാലു വര്‍ഷം കൊണ്ട് അധികമായി ലഭിച്ചത് 5,800 കോടി രൂപ. 2020 മാര്‍ച്ച് 20 നാണ് കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം ആനുകൂല്യങ്ങള്‍ ഒഴിവാക്കിയത്. സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള പുരുഷന്മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവും ആയിരുന്നു ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടായിരുന്നത്.
നിരക്കിലെ ആനുകൂല്യം എടുത്തു കളഞ്ഞതോടെ ഈ വിഭാഗത്തിലുള്ളവര്‍ ടിക്കറ്റിനായി മുഴുവന്‍ തുകയും ഒടുക്കേണ്ടി വന്നു. നാലു വര്‍ഷത്തിനിടെ ആനുകൂല്യത്തിന് അര്‍ഹരായ 13 കോടി പുരുഷന്മാരും 9 കോടി സ്ത്രീകളും റെയില്‍വേ വഴി യാത്ര ചെയ്തിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it