

ഫെബ്രുവരി മാസം രാജ്യത്തെ സേവന മേഖലയിലുണ്ടായത് അതിവേഗ വളര്‍ച്ച. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തോതിലാണ് സേവന മേഖലയിലെ കഴിഞ്ഞമാസത്തെ വളര്‍ച്ച. അതേസമയം തൊഴിലില്‍ ഇടിവും കമ്പനികളുടെ മൊത്തം ചെലവില്‍ വര്‍ധനവുമുണ്ടായി.
ഇന്ത്യാ സര്‍വീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക ജനുവരി മാസത്തെ 52.8 ല്‍ നിന്ന് ഫെബ്രുവരിയില്‍ 55.3 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സര്‍വീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക 50 ന് മുകളില്‍ നില്‍ക്കുന്നത്. കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയത് ബിസനസ് രംഗത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് കാരണമായി. ഇതേതുടര്‍ന്നാണ് സേവന മേഖലയിലും വളര്‍ച്ചയുണ്ടായതെന്നാണ് കരുതുന്നു. അതേസമയം യാത്രാ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര സേവന ആവശ്യത്തെ തടഞ്ഞുവെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സ്വകാര്യമേഖലയുടെ ഉല്‍പ്പാദനം നാലുമാസത്തിനിടെ അതിവേഗം ഉയര്‍ന്നു. സ്വകാര്യ മേഖലയിലെ ഉല്‍പ്പാദന തോത് അളക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ജനുവരിയിലെ 55.8 ല്‍ നിന്ന് ഫെബ്രുവരിയില്‍ 57.3 ആയി ഉയര്‍ന്നു.
'മൂന്നാം പാദത്തിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തുവന്ന ശേഷം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. പിഎംഐ സൂചകങ്ങളിലെ വര്‍ധന നാലാം പാദത്തില്‍ ശക്തമായ വളര്‍ച്ചയുണ്ടാകുമെന്ന് വിരല്‍ ചൂണ്ടുന്നു' 'ഐഎച്ച്എസ് മാര്‍ക്കറ്റിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.
വളര്‍ച്ച തുടരുകയാണെങ്കിലും ഫെബ്രുവരിയില്‍ സേവനമേഖലയിലെ തൊഴിലില്‍ കുറവുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം തൊഴില്‍ നിയന്ത്രണം വേണമെന്ന് നിരവധി കമ്പനികള്‍ അഭിപ്രായപ്പെട്ടതായി ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ ഇന്ത്യാ സര്‍വീസ് പിഎംഐയില്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine