

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഇലക്ട്രിക് വാഹന നിര്‍മാണം അടുത്ത മാസം പൂര്‍ണമായും നിലയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്.
ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത്മാഗ്നറ്റുകളുടെ വരവ് (rare earth magnets) നിലച്ചതിനെ തുടര്‍ന്ന് ഈ മാസം ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. മാഗ്നറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്തതോടെ ഓഗസ്റ്റില്‍ ഒട്ടും ഉത്പാദനം നടക്കില്ലെന്നാണ് രാഹുല്‍ ബജാജ് പറയുന്നത്. ഉത്സവകാലം അടുത്തതോടെ വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാകുന്ന സമയത്താണ് മാഗ്നറ്റ് ദൗര്‍ബല്യം മൂലം നിര്‍മാണം നിലയക്കുന്നത്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നിലവില്‍ ബജാജ് ഓട്ടോ. ജൂണ്‍ വരെ നിര്‍മാണം നടത്താനുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റ്‌സ് മാത്രമാണ് കൈവശമുള്ളതെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നവെങ്കിലും ജൂലൈയില്‍ പകുതിയോളം ഉത്പാദനം നടത്താന്‍ കമ്പനിക്ക് സാധിച്ചു.
എന്നാല്‍ ഓഗസ്റ്റില്‍ ഉത്പാദനം പൂര്‍ണമായും നിലയ്ക്കുന്നത് കമ്പനിയുടെ വിപണി വിഹിതത്തെ കാര്യമായി ബാധിക്കും. മാത്രമല്ല ഇ.വി വിഭാഗം കാര്യമായ ലാഭം രേഖപ്പെടുത്തിയിരുന്നതിനാല്‍ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭത്തിലും (EBITDA) ഇത് പ്രതിഫലിക്കുമെന്ന ആശങ്കയും രാജീവ് ബജാജ് ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
ഹ്രസ്വകാലത്തേക്ക് റെയര്‍ എര്‍ത്ത് മെറ്റല്‍സിന്റെ ലഭ്യതയ്ക്ക് പരിഹാരം കാണാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ''ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ റെയര്‍എര്‍ത്ത് മെറ്റല്‍സ് വിതരണക്കാര്‍. പെട്ടെന്ന് ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനാകില്ല. അധികം താമസിയാതെ ഹെവി റെയര്‍ എര്‍ത്ത് മെറ്റല്‍സിന് ഒരു പകരക്കാരനെ കണ്ടെത്തുകയാണ് മുന്നിലുള്ള മാര്‍ഗം. കൂടാത ചൈനയ്ക്ക് പുറത്ത് മറ്റ് ദാതാക്കളെ കണ്ടെത്താനുള്ള ശ്രമവും നടത്തണം''. അദ്ദേഹം പറയുന്നു.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇരുചക്ര വിപണിയുടെ ഏകദേശം 25% വിഹിതം നേടാനായി. ഇലക്ട്രിക് കാറുകള്‍ ഇപ്പോഴും രണ്ടു ശതമാനം മാത്രമാണെന്നിരിക്കേയാണിത്. വലിയ നഗരങ്ങളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇതിലും കൂടുതലാണ്. അതിനാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ വിതരണത്തിലോ പിന്തുണയിലോ എന്തെങ്കിലും മാന്ദ്യം ഉണ്ടായാലും പല ഉപഭോക്താക്കളും പെട്രോള്‍ സ്‌കൂട്ടറുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കില്ല. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ധാരാളം നിക്ഷേപം നടത്തിയിട്ടുള്ള ചെറുകിട വിതരണക്കാരെയും ഡീലര്‍മാരെയും ഇത് വലിയ തോതില്‍ ബാധിച്ചേക്കാം. ഇപ്പോഴത്തെ ഈ പ്രതിസന്ധി തുടര്‍ന്നാല്‍ ഡീലര്‍മാരും വിതരണക്കാരും വലിയ പ്രശ്‌നത്തിലാകുമെന്നും രാജീവ് ബജാജ് പറയുന്നു.
ഇലക്ട്രിക് വാഹന നയങ്ങള്‍ അടിക്കടി മാറുന്നതിലും ഒപ്പം സംസ്ഥാനങ്ങള്‍ ഇലക്ടിക് സബ്‌സിഡി നല്‍കാന്‍ കാലാതാമസമെടുക്കുന്നതിലും രാജീവ് ബജാജ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇന്‍സെന്റീവ് ലഭിക്കാത്തത് കമ്പനികളുടെ ക്യാഷ്ഫ്‌ളോയില്‍ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്.
റെയര്‍ മെറ്റല്‍സിന്റെ ലഭ്യതക്കുറവു മൂലം അടുത്ത മാസം വാഹന നിര്‍മാണം പൂര്‍ണമായും നിലയ്ക്കുമെന്ന രാജീവ് ബജാജ് വ്യക്തമാക്കിയതിനു പിന്നാലെ ബജാജ് ഓട്ടോ ഓഹരികള്‍ ഇന്ന് രണ്ടര ശതമാനം ഇടിവിലായി.
റെയര്‍എര്‍ത്ത് മെറ്റല്‍സിന്റെ സംസ്‌കരണത്തിന്റെ 90ശതമാന ത്തിലധികവും നിയന്ത്രിക്കുന്ന ചൈന, ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏഴ് റെയര്‍ എര്‍ത്ത് മാഗ്നെറ്റുകളുടെ കയറ്റുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ആഗോള വിതരണം തടസപ്പെടുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 540 ടണ്‍ മാഗ്നറ്റ് ഇറക്കുമതി ചെയ്തതില്‍ 80% ത്തിലധികവും ചൈനയില്‍ നിന്നായിരുന്നു.
ചൈനീസ് ആശ്രിതത്വം കുറയ്ക്കാനായി ഒരു പദ്ധതിക്ക് സര്‍ക്കാര്‍ അന്തിമരൂപം നല്‍കുകയാണെന്ന് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രി സെക്രട്ടറി കമ്രാന്‍ റിസ്‌വി അടുത്തിടെ പറഞ്ഞിരുന്നു. അപൂര്‍വ എര്‍ത്ത് ഓക്‌സൈഡുകള്‍ മാഗ്നറ്റുകളാക്കി മാറ്റുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
നിയോഡൈമിയം-അയണ്‍-ബോറോണ്‍ (NdFeB) ഉള്‍പ്പെടെയുള്ള റെയര്‍ എര്‍ത്ത് മാന്ഗനറ്റുകള്‍, ഇലക്ട്രിക് വാഹന മോട്ടോറുകള്‍, ബ്രേക്കിംഗ് സിസ്റ്റങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ മുഖ്യഘടകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine