ഇത് പുതിയ നീക്കം: ഡ്രോണ്‍ കമ്പനിയിലെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്

ഡ്രോണ്‍ കമ്പനിയായ ത്രോട്ടില്‍ എയ്റോസ്പേസ് സിസ്റ്റത്തിന്റെ (ടിഎഎസ്) 60 ശതമാനം ഓഹരികളും സ്വന്തമാക്കി രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്. പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ നിയോസ്‌കി ഇന്ത്യ ലിമിറ്റഡ് (നിയോസ്‌കി) വഴിയാണ് ടിഎഎസിലെ നിക്ഷേപം നടത്തിയതെന്ന് രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ എത്ര തുകയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ ഏറ്റെടുക്കലിലൂടെ, നിയോസ്‌കിയുടെ ഉപഭോക്താക്കള്‍ക്ക് ഡ്രോണ്‍സ് ആസ് എ പ്രൊഡക്റ്റ് (ഡിഎഎപി), ഡ്രോണ്‍ ആസ് എ സര്‍വീസ് (ഡിഎഎഎസ്), സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് (എസ്എഎഎസ്) എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഡ്രോണ്‍ സൊല്യൂഷനുകളും നല്‍കാന്‍ കഴിയുമെന്ന് രത്തന്‍ ഇന്ത്യ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഡ്രോണ്‍ ബ്രാന്‍ഡായി മാറാനാണ് നിയോസ്‌കി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍, റട്ടന്‍ ഇന്ത്യ എന്റര്‍പ്രൈസസ് നിയോസ്‌കിയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മുന്‍ ബോയിംഗ്, എയറോനോട്ടിക്കല്‍ ഇന്‍ഡസ്ട്രി വെറ്ററന്‍ നാഗേന്ദ്രന്‍ കന്ദസാമിയുടെ നേതൃത്വത്തില്‍ 2016-ല്‍ സ്ഥാപിതമായ ടിഎഎസിന് സിവില്‍, മിലിട്ടറി ഗ്രേഡ് ഡ്രോണുകള്‍ നിര്‍മിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റെയും (ഡിജിസിഎ) പ്രതിരോധ മന്ത്രാലയത്തിന്റെയും അംഗീകാരവുമുണ്ട്.
നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഡ്രോണ്‍ വിപണി 50 ബില്യണ്‍ ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഓഗസ്റ്റിലെ ഡ്രോണ്‍ നിയമങ്ങള്‍ ലഘൂകരിക്കുകയും 2030-ഓടെ ഇന്ത്യയെ ഡ്രോണുകളുടെ ആഗോള ഹബ് ആക്കാനുള്ള പിഎല്‍ഐ സ്‌കീമും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it