ഇ പേമെന്റില്‍ വൈവിധ്യവല്‍ക്കരണത്തിന് ആര്‍ ബി ഐ

രാജ്യത്തെ ഇ പേമെന്റ് സംവിധാനം വൈവിധ്യവല്‍ക്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് സംയുക്ത മാതൃകയില്‍ നടപ്പിലാക്കുന്ന പുതിയ അംബ്രല്ലാ സംരംഭങ്ങളുടെ ലൈസന്‍സിനായി വമ്പന്‍ കമ്പനികള്‍ രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും ഗൂഗിളും ചേര്‍ന്ന കണ്‍സോര്‍ഷ്യം, ടാറ്റാ ഗ്രൂപ്പ് എച്ച് ഡി എഫ് സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, മാസ്റ്റര്‍ കാര്‍ഡ്, ഭാരതി എയര്‍ടെല്‍ എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യം, ആമസോണ്‍, വിസ്, ഐ സി ഐ സി ഐ, ആക്‌സിസ് ബാങ്ക്, ബില്‍ഡെസ്‌ക്, പൈന്‍ ലാബ്‌സ് സംയുക്ത സംരംഭം, പേ ടി എം, ഒല തുടങ്ങിയ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എന്നിവ ലൈസന്‍സിനായി അപേക്ഷ നല്‍കിയതും നല്‍കാനിരിക്കുന്നതുമായ കമ്പനികളില്‍ പെടുന്നു.

നിലവിലുള്ള നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് ബദലായി സാങ്കേതികമായി മെച്ചപ്പെട്ടതും വൈവിധ്യമുള്ളതുമായ ഇ പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിന് ആര്‍ ബി ഐ ആവിഷ്‌കരിച്ച പദ്ധതിയാണ് അംബ്രല്ലാ എന്റിറ്റീസ് എന്ന പേരിലുള്ള സംയുക്ത സംരംഭങ്ങള്‍. സാങ്കേതിക-ധനകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഒരു കുടക്കീഴില്‍ ഇതിനായി പുതിയ ലാഭരഹിത സംരംഭത്തിന് രൂപം നല്‍കണം. ആര്‍ ബി ഐയുടെ ലൈസന്‍സ് ലഭിക്കുന്ന സംരംഭങ്ങള്‍ക്ക് സ്വന്തം നിലയില്‍ പേമെന്റ് സംവിധാനം ആവിഷ്‌കരിച്ച് നടപ്പിലാക്കാം. എ ടി എമ്മുകള്‍, വൈറ്റ് ലേബല്‍ പി എസ് ഒകള്‍, ആധാര്‍ അധിഷ്ഠിത പേമെന്റ് സംവധാനങ്ങള്‍ എന്നിവ സ്വന്തമായി ആരംഭിക്കാം. പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് പുത്തന്‍ പേമെന്റ് രീതികള്‍ ആവിഷ്‌കരിക്കാം. രാജ്യത്തിനകത്തും പുറത്തും ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകും.
പേമെന്റ് രംഗത്ത് മൂന്നു വര്‍ഷത്തെ പരിചയസമ്പത്തുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് ലഭിക്കുക. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന വിദേശ നിക്ഷേപകരെയും അനുവദിക്കും. ഓരോ അംബ്രല്ലാ എന്റിറ്റിക്കും 500 കോടി മൂലധനമുണ്ടായിരിക്കണം. ഇതില്‍ ഒരു ഗ്രൂപ്പിന് 40 ശതമാനത്തിലധികം നിക്ഷേപം നടത്താന്‍ പാടില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്.


Related Articles
Next Story
Videos
Share it