Begin typing your search above and press return to search.
സ്വര്‍ണവായ്പ നിയമങ്ങള്‍ കടുപ്പിക്കാന്‍ റിസര്‍വ് ബാങ്ക്; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ ഇറക്കിയേക്കും
ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പകളിലെ ഓഡിറ്റ് നടപടികളുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.
സ്വര്‍ണത്തിന്റെ ലോണ്‍ ടു വാല്യു, വായ്പ തുകയുടെ പരിധി, സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കുന്നത്, സ്വര്‍ണത്തിന്റെ പരിശുദ്ധി അളക്കുന്നത്, പണയ സ്വര്‍ണത്തിന്റെ ലേലം എന്നിവയുമായൊക്കെ ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയെ ശുദ്ധീകരിക്കാന്‍
ഐ.ഐ.എഫ്.എല്‍ വീഴ്ചയ്ക്ക് പിന്നാലെ സ്വര്‍ണ പണയ വായ്പ രംഗത്ത് നിലനില്‍ക്കുന്ന അലിഖിതമായ പല നിയമങ്ങളും ഇല്ലാതാക്കാനും ഈ മേഖലയെ ശുദ്ധീകരിക്കാനും റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്.
ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള സ്വര്‍ണ വായ്പ സ്ഥാപനങ്ങള്‍ വായ്പ തുക നേരിട്ട് പണമായി നല്‍കുന്നത് തുടരില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. ആദായനികുതി നിയമപ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള പണമിടപാടിന് രാജ്യത്തിന് വിലക്കുണ്ട്. സ്വര്‍ണ വായ്പകള്‍ അടിയന്തര ഉപയോഗങ്ങള്‍ക്കുള്ളതായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കാതെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പയുടെ ഭൂരിഭാഗവും പണമായാണ് വിതരണം ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പിടിമുറിക്കിയത്.
മൂല്യം കണക്കാക്കുന്നതും ലേലവും
മറ്റൊരു കാര്യം സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നതിലെ വ്യത്യാസം മൂലം ലോണ്‍-ടു വാല്യു അളക്കുന്നതില്‍ പ്രശ്‌നങ്ങള്‍ വരുന്നുണ്ടെന്നതാണ്. വടക്ക്, തെക്ക് സംസ്ഥാനങ്ങളില്‍ സ്വര്‍ണവിലയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. അതിനാല്‍ ബോംബെ ബുള്ള്യന്‍ റേറ്റ് (BBR) അനുസരിച്ച് സ്വര്‍ണവില കണക്കാനാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക നിരക്കുകളില്‍ നിന്ന് വലയ വ്യത്യാസമുണ്ട് ബിബി.ബി.ആര്‍. ഇതുസംബന്ധിച്ച് ആശങ്കയറിച്ച് ദക്ഷിണേന്ത്യന്‍ എന്‍.ബി.എഫ്.സികള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായി സൂചനകളുണ്ട്.
വായ്പ തിരിച്ചടയ്ക്കാതെ വരുന്ന സാഹചര്യത്തില്‍ ഈടായി നല്‍കിയിട്ടുള്ള സ്വര്‍ണം ലേലം ചെയ്യുന്നതില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള സമീപനം എന്‍.ബി.എഫ്.സികള്‍ പിന്തുടരുന്നതിലും റിസര്‍വ് ബാങ്ക് അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രീകൃതമായ ലേല നടപടികള്‍ കൈക്കൊള്ളമെന്നാണ് ആര്‍.ബി.ഐ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് ബിസിനസ് ചെലവുകള്‍ ഉയര്‍ത്തുമെന്നും ഉയര്‍ന്ന ചെലവുകള്‍ നേരിടാനായി സ്വര്‍ണ വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് ഇത് നയിക്കുമെന്നുമാണ് എന്‍.ബി.എഫ്.സികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഐ.ഐ.എഫ്.എല്‍ വീഴ്ച
സ്വര്‍ണ പണയ വായ്പകളിലെ ക്യാഷ് ഇടപാടുമായി ബന്ധപ്പെട്ട നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ചിലാണ് ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന് എതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. സ്വര്‍ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിലും തൂക്കം രേഖപ്പെടുത്തുന്നതിലും ചട്ടലംഘനം നടത്തിയാതായും കണ്ടെത്തിയിരുന്നു.
Next Story
Videos