ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ഭൂമി വാങ്ങി കുടുക്കിലായ നിരവധി പേരുണ്ട്. വേണ്ടത്ര അന്വേഷണം നടത്താതെ, വസ്തു ഉടമയുടേയോ ഇടനിലക്കാരന്റേയോ വാക്കുകളെ മാത്രം വിശ്വാസത്തിലെടുത്ത് ഇടപാട് നടത്തുമ്പോള്‍ വാങ്ങിയ ഭൂമി ഉപയോഗിക്കാനാകാതെ പോകുന്നു. ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍, അവകാശികള്‍ എന്നിങ്ങനെ തുടങ്ങി നിലവില്‍ ഉള്ള ബാധ്യതകള്‍ വരെ ഒറ്റ നോട്ടത്തില്‍ ഒരാധാരത്തില്‍ നിന്നു മാത്രമായി അറിയാന്‍ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്.

അതുപോലെ തന്നെയാണ് ഫ്‌ളാറ്റ് വാങ്ങുമ്പോഴും. കാരണം വസ്തു (അത് ഭൂമിയായാലും ഫ്‌ളാറ്റായാലും) കൈ മാറ്റത്തിലൂടെ നിയമപരമായി ആ വസ്തുവിന് മേലുള്ള എല്ലാ ബാധ്യതകളും വാങ്ങുന്നയാളിലേക്ക് എത്തിച്ചേരും. ഇവിടെ ബില്‍ഡര്‍ ചതിച്ചു എന്നൊക്കെ പറയാമെങ്കിലും വന്നു ചേര്‍ന്ന ബാധ്യത സ്വയം പരിഹരിക്കേണ്ടി വരും.

ഫ്‌ളാറ്റുകള്‍ വില്‍ക്കുന്നവര്‍ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്നയാളെ ധരിപ്പിച്ചിരിക്കണമെന്നാണ് നിയമം. പക്ഷെ പലപ്പോഴും ഇത് പൂര്‍ണമായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ ചതിക്കപ്പെടാതിരിക്കാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിയേണ്ടത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാകുന്നു.

പരസ്യങ്ങളുടേയും ഇടനിലക്കാരുടെ വാക്കുകളുടേയും മാത്രം അടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ അതിന് കൊടുക്കേണ്ടിവരുന്ന വില ചിലപ്പോള്‍ ഫ്‌ളാറ്റിന്റെ വിലയേക്കാള്‍ വളരെ അധികമായേക്കും. അതിനാല്‍ ഫാളാറ്റ് വാങ്ങുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങള്‍ അന്വേഷിച്ച്, പരിശോധിച്ച് അറിയണമെന്ന് നോക്കാം.

വസ്തുവിന്റെ ഉടമസ്ഥാവകാശം

ഫ്‌ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. ബില്‍ഡര്‍ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം.

ബില്‍ഡര്‍ സ്വന്തം ഭൂമിയിലാണ് ഫ്‌ളാറ്റ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രമാണങ്ങള്‍ പരിശോധിക്കേണ്ടതാണ്. ആ ഭൂമിയുടെ ആധാരം, മുന്‍ ആധാരം ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പെടുത്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം.

ഹിഡന്‍ ചാര്‍ജുകള്‍

പരസ്യത്തില്‍ സ്‌ക്വയര്‍ ഫീറ്റിന് പറഞ്ഞിരിക്കുന്ന വില മാത്രമല്ല പലപ്പോഴും ഫ്‌ളാറ്റ് സ്വന്തമാക്കുമ്പോള്‍ കൊടുക്കേണ്ടി വരിക. ഫ്‌ളാറ്റ് വില്‍ക്കുന്നയാള്‍ ആവശ്യക്കാരനെ ആകര്‍ഷിക്കാന്‍ വേണ്ടി യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്ന ആകെ തുക എത്രയെന്ന് പറഞ്ഞെന്നിരിക്കില്ല. അതിനാല്‍ ഈ ഹിഡന്‍ ചാര്‍ജ് എത്രയെന്ന് ആദ്യമേ അന്വേഷിച്ചറിയണം.

രജിസ്‌ട്രേഷന്‍ ചെലവ്, മെയിന്റനന്‍സ് ചാര്‍ജ്, കാര്‍ പാര്‍ക്കിംഗിനുള്ള വില, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് കൊടുക്കേണ്ടുന്ന തുക തുടങ്ങിയവ എത്രയെന്ന് അറിയണം. അതുപോലെ തന്നെ കേന്ദ്രീകൃത ഗ്യാസ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന ചെലവെത്രയെന്നും ചോദിച്ചറിയുകയും അത് രേഖാമൂലം കരാറാക്കുകയും വേണം.

ഫ്‌ളാറ്റ് കൈമാറ്റ സമയം

ബില്‍ഡറുടെ മുന്‍ പ്രോജക്റ്റുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയണം. നിര്‍മാണത്തിന്റെ ഗുണനിലവാരം, പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞതിനുശേഷം മാത്രം കരാറിലെത്തുന്നതാണ് നല്ലത്. പറഞ്ഞ സമയത്ത് തന്നെ ഫാളാറ്റ് പണി പൂര്‍ത്തിയാക്കി കൈമാറിയില്ലെങ്കില്‍ നഷ്ടപരിഹാരം ലഭ്യമാകുന്ന വിധം വേണം കരാറിലെത്താന്‍.

കാര്‍ പാര്‍ക്കിംഗ് സൗകര്യം

ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കാര്‍ പാര്‍ക്കിംഗിനുള്ള സൗകര്യം. ആദ്യം തന്നെ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ കാര്‍ പാര്‍ക്കിംഗ് ഒരു വലിയ തലവേദനയായി മാറും. അതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം.

മാലിന്യസംസ്‌ക്കരണ സംവിധാനം

അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം എന്നുണ്ട്. ബില്‍ഡര്‍ ഇത് മതിയായ വിധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. മതിയായ സീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം ഇല്ലാത്ത ഫ്‌ളാറ്റുകള്‍ ക്രമേണ വാസയോഗ്യമല്ലാതായിത്തീരും എന്നോര്‍ക്കുക. ഫ്‌ളാറ്റ് സ്വന്തമാക്കികഴിഞ്ഞാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കല്‍ ഡ്രോയിംഗ്, പ്ലംബിങ് സ്‌കെച്ച്, ഫ്‌ളാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒര്‍ജിനല്‍ ആധാരം തുടങ്ങിയ രേഖകള്‍ ചോദിച്ച് വാങ്ങുകയും വേണം.

Related Articles
Next Story
Videos
Share it