നൂറു ദിവസങ്ങള്‍ക്കുള്ളില്‍ 500 ഭവനങ്ങള്‍ കൈമാറാന്‍ ലക്ഷ്യമിട്ട് അസറ്റ് ഹോംസ്

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും രചനാത്മക ചലനങ്ങളുടെ സാധ്യത തെളിയിച്ച് അസറ്റ് ഹോംസ്. 2020 മാര്‍ച്ച് 31 വരെയുള്ള 100 ദിവസത്തിനുള്ളില്‍ 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. അറിയിച്ചു.

നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഏഴു ഭവന പദ്ധതികളിലും ഒരു വാണിജ്യ പദ്ധതിയിലുമായി 500-ലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളും പൂര്‍ത്തിയാക്കാനാണ് മിഷന്‍ 100 ഡേയ്സ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് നിര്‍മാണത്തിലിരിക്കുന്ന അസറ്റ് ഓര്‍ക്കെസ്ട്ര, അസറ്റ് ലെഗസി, അസറ്റ് ഹില്‍ക്രെസ്റ്റ് വോള്‍ഗ, കൊല്ലത്തെ അസറ്റ് ഗ്രാന്‍ഡിയോസ് സ്റ്റെര്‍ലിംഗ്, കോട്ടയത്തെ അസറ്റ് ക്രിസെബെല്ലെ, കൊച്ചിയിലെ അസറ്റ് ലുമിനെയര്‍, തൃശൂരിലെ അസറ്റ് ഗീതാഞ്ജലി എന്നീ ഭവനപദ്ധതികള്‍, കൊച്ചി ലുലു മാളിന് സമീപമുള്ള അസറ്റ് കോറിഡോര്‍ എന്ന കമേഴ്സ്യല്‍ ബില്‍ഡിംഗ് എന്നീ പദ്ധതികളിലായാണ് 100 ദിവസത്തിനുള്ളില്‍ 10 ലക്ഷം ചതുരശ്ര അടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

വിപണി വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ ഇതിനു മുമ്പും അസറ്റ് ഹോംസ് ഇത്തരം പൂര്‍ത്തീകരണയജ്ഞങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. പാര്‍പ്പിട വിപണിക്കൊപ്പം നിര്‍മാണ സാമഗ്രികളുടെ വിപണിയിലും തൊഴില്‍ മേഖലയിലും വലിയ ഊര്‍ജം പകരാനിടയാകുന്നുണ്ട് ഇതുവഴിയെന്ന് സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ ബില്‍ഡര്‍മാര്‍ക്കു ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഡിഎ 2+ ക്രിസില്‍ റേറ്റിംഗുമായി പന്ത്രണ്ടു വര്‍ഷത്തിനിടെ 58 പദ്ധതികളാണ് അസറ്റ് ഹോംസ് പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31-ന് മുന്‍പ് ഉടമകള്‍ക്ക് കൈമാറുന്ന എട്ട് പദ്ധതികള്‍ കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി അസറ്റ് ഹോംസിന് 20 ഭവനപദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായുണ്ട്.

ഗുണനിലവാരത്തിനും സമയക്ലിപ്തതയ്ക്കുമൊപ്പം ഉപഭോക്താക്കള്‍ക്കായി പതിനേഴ് വിവിധ തരം സേവനങ്ങള്‍ നല്‍കുന്ന അസറ്റ് ഡിലൈറ്റും റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ടെന്ന് എം.ഡി പറഞ്ഞു.അപ്പാര്‍ട്ടമെന്റുകള്‍ക്ക് രാജ്യത്താദ്യമായി 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ കഴിഞ്ഞതും അസറ്റിന്റെ വളര്‍ച്ചയിലെ ശ്രദ്ധേയ നേട്ടമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിര്‍മാണ സാമഗ്രികള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും 10 വര്‍ഷ വാറന്റി നല്‍കുന്ന ഏകസ്ഥാപനവും അസറ്റ് ഹോംസാണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയ്ക്കു (ഡിഡിയു-ജികെവൈ) കീഴില്‍ സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനുമായി സഹകരിച്ച് അസറ്റ് ഹോംസ് 18-നും 35-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കായി നിര്‍മാണരംഗത്തെ വിവിധ മേഖലകളില്‍ സൗജന്യമായി നിരവധി കോഴ്സുകള്‍ ആരംഭിച്ചിട്ടുള്ളതായി സുനില്‍ കുമാര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it