വായ്പാ മോറട്ടോറിയം വ്യക്തത തേടി ക്രെഡായ്; ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടിസ്
ലോക്ഡൗണിനോടനുബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്പാ മോറട്ടോറിയം റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്ക് ബാങ്കുകളും എന്‍ബിഎഫ്സികളും എച്ച്എഫ്സികളും അനുവദിച്ചിടുള്ള മുഴുവന്‍ വായ്പകള്‍ക്കും ബാധകമാണെന്നുറപ്പുവരുത്തണമെന്ന അപേക്ഷയുമായി ക്രെഡായ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടിസ് പുറപ്പെടുവിച്ചു.
സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരുടെ ഉന്നത സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹരിയാന ചാപ്റ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എല്‍ എന്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും സെബിയില്‍ നിന്നും പ്രതികരണം തേടി.
എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്സി) ടേം ലോണുകളുടെ തവണകളായി ബാങ്കുകള്‍ മൊറട്ടോറിയം അനുവദിക്കുന്നത് നിര്‍ബന്ധമാണോ അതോ അത്തരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് വിവേചനാധികാരം നല്‍കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി റിസര്‍വ് ബാങ്കിനോടും ധനമന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
മാര്‍ച്ച് 27 ന് പ്രഖ്യാപിച്ച ലോണ്‍ മൊറട്ടോറിയത്തിന് എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ (എച്ച്എഫ്‌സി) യോഗ്യരാണോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കും ലോണ്‍ മൊറട്ടോറിയത്തിന്് അര്‍ഹതയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നിലവിലെ ആര്‍ബിഐ മോറട്ടോറിയം വിവേചനാധികാരമില്ലാതെ എല്ലാ ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും എച്ച്എഫ്സികള്‍ക്കും നിര്‍ബന്ധമാക്കണമെന്നു ക്രെഡായ് ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രാലയ, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെങ്കിലും പല ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കു വായ്പാ മൊറട്ടോറിയം ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നു ക്രെഡായ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.മോറട്ടോറിയം അനുവദിക്കാനുള്ള തീരുമാനം ധനകാര്യ സ്ഥാപനത്തിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തതായി ഇതിനിടെ റിസര്‍വ് ബാങ്ക് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിലിലെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസംഗം പക്ഷേ, വിവേചനാധികാരം അനുവദിച്ചിട്ടില്ല.
സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടി കോടതിയെ ബോധിപ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ഹാജരാക്കുന്ന നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡികള്‍), ബോണ്ടുകള്‍ തുടങ്ങിയവയുപയോഗിച്ച് ബാധ്യതകള്‍ പുനഃക്രമീകരിക്കാന്‍ എന്‍ബിഎഫ്സികളെ സെബി അനുവദിക്കാത്തതിലുള്ള ബുദ്ധിമുട്ടും ഹരീഷ് സാല്‍വെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.പണലഭ്യതാ പ്രതിസന്ധിയെ നേരിടാന്‍ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരിന്റെ മൊത്തത്തിലുള്ള നയത്തിന് അനുകൂലമായി സെബി പ്രവര്‍ത്തിക്കുന്നില്ല.
സമന്വയ ഭാവത്തില്‍ പ്രവര്‍ത്തിക്കാനും എല്ലാ മേഖലകള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കാനും റെഗുലേറ്റര്‍മാര്‍ക്ക് ഭരണഘടനാപരമായ കടമയുണ്ടെന്ന് ക്രെഡായ് വാദിച്ചു. എന്‍ബിഎഫ്സികളും എച്ച്എഫ്സികളും മൊറട്ടോറിയത്തിന്റെ അഭാവത്തില്‍ പണലഭ്യത ഇല്ലാതെ പാപ്പരത്തത്തിലേക്കു നീങ്ങുകയാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ തകര്‍ച്ചയാണു ഫലം. നിര്‍മ്മാണ വ്യവസായം നാശ ഗര്‍ത്തത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline