അദാനിയുടെ ബില്യണ്‍ ഡോളര്‍ പദ്ധതി ധാരാവിയുടെ മുഖച്ഛായ മാറ്റുമോ?

എട്ടു ലക്ഷം പേരെ പുനരധിവസിപ്പിക്കും
PC:pixabay.com/photos/mumbai-slums
PC:pixabay.com/photos/mumbai-slums
Published on

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈ ധാരാവിയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള ബൃഹത്പദ്ധതിക്ക് പ്രാരംഭ നടപടികള്‍ സജീവമായി. മഹാരാഷ്ട്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള 300 കോടി ഡോളര്‍ (2,500 കോടിയിലേറെ രൂപ) ചിലവു വരുന്ന ധാരാവി വികസന പദ്ധതി നടപ്പാക്കുന്നത് അദാനി ഗ്രൂപ്പാണ്. 24 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയ ഈ പദ്ധതി പല രീതിയുള്ള എതിര്‍പ്പുകളും തടസ്സങ്ങളും കാരണം ഇനിയും തുടങ്ങാനായിട്ടില്ല. ധാരാവിയിലെ താമസക്കാരുടെ സംഘടനയായ ധാരാവി റെസിഡന്റ്‌സ്  അസോസിയേഷൻ കഴിഞ്ഞ ദിവസം സുപ്രധാനമായ ഒരു തീരുമാനമെടുത്തതോടെ പ്രധാന തടസ്സങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലം സര്‍വ്വെക്ക് സമ്മതമാണെന്നാണ് കഴിഞ്ഞ ദിവസം റെസിഡന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ഇതോടെ പദ്ധതിയുടെ വഴിയിലെ പ്രധാനപ്പെട്ട തടസ്സങ്ങളിലൊന്നാണ് നീങ്ങിയത്.

വൈവിധ്യങ്ങളുടെ ധാരാവി, എതിര്‍പ്പുകളുടെയും

മുംബൈ മഹാനഗരത്തിന്റെ 'കറുത്ത പൊട്ട്' ആയും പലപ്പോഴും ധാരാവി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുംബൈയില്‍ എത്തി താമസം തുടങ്ങിയവരുടെ ചേരിയാണിത്. എഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ വലിയ മുപ്പത് ചേരികളില്‍ ഒന്നുമാണ്. തൊഴിലാളികള്‍ മുതല്‍ കച്ചവടക്കാര്‍ ഉള്‍പ്പടെ എട്ടുലക്ഷത്തോളം പേരാണ് ഏതാണ്ട് 600 ഏക്കര്‍ വരുന്ന ഈ ചേരി പ്രദേശത്ത് താമസിക്കുന്നത്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ത മതക്കാര്‍, വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലമുള്ളവര്‍ തുടങ്ങി വൈവിധ്യങ്ങളേറെ. പതിനായിരക്കണക്കിന് ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഈ ചേരിയിലുണ്ട്. ക്രിമിനലുകളുടെ ഒളിത്താവളമായും ഈ പ്രദേശം കുപ്രസിദ്ധി നേടിയിട്ടുണ്ട്. 24 വര്‍ഷം മുമ്പാണ് ധാരാവി മേഖലയില്‍ വികസന പദ്ധതി കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ തുടക്കം മുതല്‍ ഒട്ടേറെ പ്രതിസന്ധികളായിരുന്നു. എട്ടു ലക്ഷം പേരില്‍ ആര്‍ക്കെല്ലാം വീടുകള്‍ വച്ചു കൊടുക്കണം, വ്യാപാരികളുടെ പുനരധിവാസം, ഭാരിച്ച നിര്‍മ്മാണ ചിലവ് തുടങ്ങി പല കാരണങ്ങള്‍ മൂലം പദ്ധതി തുടങ്ങാനായില്ല. മാറി വന്ന സര്‍ക്കാരുകള്‍ വിവിധ രൂപത്തില്‍ പദ്ധതി രേഖ മാറ്റിയെങ്കിലും മുന്നോട്ടു പോകാനായില്ല. 2022 ല്‍ സര്‍ക്കാര്‍ പുതിയ ടെൻഡർ  ക്ഷണിക്കുകയും ഗൗതം അദാനി ഗ്രൂപ്പ് ടെൻഡറിൽ  വിജയിക്കുകയും ചെയ്തതോടെയാണ് വീണ്ടും പ്രതീക്ഷകള്‍ വളരുന്നത്.

ആറര ലക്ഷം പേര്‍ക്ക് വീട്

ധാരാവിയിലുള്ള എട്ടു ലക്ഷം പേരില്‍ ആറര ലക്ഷം പേര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കാനാണ് പദ്ധതി. ഇവര്‍ക്ക് 350 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് സൗജ്യമായി നല്‍കും. 2000 ന് മുമ്പ് മുതല്‍ ധാരാവിയില്‍ താമസിക്കുന്നവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ബാക്കി വരുന്ന ഒന്നര ലക്ഷം പേരെ മുംബൈ നഗരത്തില്‍ മറ്റൊരിടത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച അങ്ങോട്ട് മാറ്റും. അവരില്‍ നിന്ന് വീടിന് കുറഞ്ഞ നിരക്ക് ഈടാക്കും. സര്‍ക്കാരിന്റെ ഈ നിര്‍ദേശങ്ങള്‍ ചേരിനിവാസികള്‍ ഏറെ കുറെ അംഗീകരിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍വ്വെ നടപടികള്‍ കൂടി തുടങ്ങുന്നതോടെ പദ്ധതി നടപ്പാകുമെന്ന് ഏറെ കുറെ ഉറപ്പിക്കാം. ഏഴു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആധുനിക രീതിയിലുള്ള വികസനമാണ് ഇവിടെ നടപ്പാക്കുകയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വീടുകള്‍ക്ക് പുറമെ മികച്ച റോഡുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, വാണിജ്യ മാളുകള്‍ എന്നിവയും നിര്‍മ്മിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com