ദുബൈ റിയല്‍ എസ്റ്റേറ്റില്‍ 55 ശതമാനം വളര്‍ച്ച; കുതിപ്പില്‍ മുന്നില്‍ മലയാളി കമ്പനി

20 ലക്ഷം ദിര്‍ഹത്തില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്റ് കൂടി
 Dubai city wide landscape
dubai citycanva
Published on

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പിന്റെ സൂചനകള്‍. കഴിഞ്ഞ പാദത്തില്‍ വിപണി വളര്‍ന്നത് 55 ശതമാനമാണ്. മൂന്നു മാസത്തിനുള്ളില്‍ നടന്നത് 33,110 പുതിയ പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനുകള്‍. 2023 ലെ ഇതേ കാലയളവില്‍ 21,403 പ്രോപ്പര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് പ്രമുഖ ബില്‍ഡല്‍മാരാണ് വളര്‍ച്ചക്ക് പിന്നില്‍, പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരള കമ്പനിയായ ശോഭ റിയല്‍റ്റിയും.

വിപണി പിടിച്ച് ശോഭ

സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിറഞ്ഞു നിന്നത് മലയാളി കമ്പനിയായ ശോഭ റിയല്‍റ്റിയാണ്. 1,960 യൂണിറ്റുകളാണ് ഈ കാലയളവില്‍ കമ്പനി വിറ്റത്. ശോഭ ഗ്രൂപ്പിന്റെ പ്രമുഖ പ്രോജക്ടായ ശോഭ ഒര്‍ബിസിന്റെ വിജയമാണ് കമ്പനിക്ക് കരുത്തായത്. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ വില്‍പ്പന 44 ശതമാനം വര്‍ധിച്ച് 6,500 കോടി ദിര്‍ഹം കടന്നതായി പ്രമുഖ പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സ്‌ക്വയര്‍ യാര്‍ഡ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ശോഭ റിയല്‍റ്റിയുടെ വരുമാനം 4,500 കോടി ദിര്‍ഹം ആയിരുന്നു.

മുന്‍ നിരയിലെ കമ്പനികള്‍

ശോഭക്കൊപ്പം മൂന്ന് കമ്പനികള്‍ പുതിയ രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സ്ഥാനത്തുള്ള അസീസി ഡവലപ്‌മെന്റ്‌സ് 1,158 യൂണിറ്റുകളാണ് കഴിഞ്ഞ പാദത്തില്‍ കൈമാറിയത്. ഡമാക് പ്രോപ്പര്‍ട്ടീസ്, ഭഗവതി ഡവലപ്പേഴ്‌സ് എന്നിവരും പട്ടികയില്‍ മുന്നിലുണ്ട്. റെസിഡന്‍ഷ്യന്‍ യൂണിറ്റുകളുടെ വില്‍പ്പനയിലും ശോഭ റിയല്‍റ്റിയാണ് മുന്നിലുള്ളത്. 420 കോടി ദിര്‍ഹമാണ് ഈ സെക്ടറില്‍ നിന്ന് ശോഭയുടെ വരുമാനം. രണ്ടാം സ്ഥാനത്തുള്ള എമ്മാര്‍ പ്രോപ്പര്‍ട്ടീസ് 200 കോടി ദിര്‍ഹത്തിന്റെ ബിസിനസാണ് നടത്തിയത്. ഡമാക് പ്രൊപ്പര്‍ട്ടീസ്, അസീസി ഡവലപ്‌മെന്റ്‌സ് എന്നിവരാണ് ഈ വിഭാഗത്തില്‍ തൊട്ടുപിറകിലുള്ളത്.

ഇടത്തരം സ്‌പേസുകള്‍ക്ക് ഡിമാന്റ്

1,000 ചതുരശ്ര അടിയില്‍ താഴെയുള്ള സ്‌പേസുകള്‍ക്കാണ് ദുബൈയില്‍ ഇപ്പോള്‍ ഡിമാന്റ് കൂടുതലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ നടന്ന ഇടപാടുകളില്‍ 75 ശതമാനവും ഈ വിഭാഗത്തിലായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ 61 ശതമാനമാണ് വളര്‍ച്ച. 1,000 ചതുരശ്ര അടിക്ക് മുകളിലുള്ള സ്‌പേസുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷാവസാനത്തെ 39 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 25 ശതമാനമായി ഇടിയുകയും ചെയ്തു. വിലയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 20 ലക്ഷം ദിര്‍ഹത്തിന് താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. മുന്‍ വര്‍ഷത്തെ 70 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ന്നു. 30 ലക്ഷം ദിര്‍ഹത്തിന് മുകളിലുള്ള സ്‌പേസുകള്‍ക്ക് ഡിമാന്റ് കുറയുന്നതായി സ്‌ക്വയര്‍ യാര്‍ഡ് ഡാറ്റ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com