ഭവന വില ഉയര്‍ന്നു, എട്ട് നഗരങ്ങളില്‍ വര്‍ധിച്ചത് 11 ശതമാനത്തോളം

ജനുവരി-മാര്‍ച്ച് കാലയളവിലാണ് വില ഉയര്‍ന്നത്
Home sales increase
Published on

നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ രാജ്യത്തെ ഭവന വിലയും (ഹോബ്സ് ) കുത്തനെ ഉയര്‍ന്നു. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഡിമാന്‍ഡ് വര്‍ധനയും നിര്‍മാണ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ജനുവരി-മാര്‍ച്ച് കാലയളവില്‍ എട്ട് പ്രധാന നഗരങ്ങളില്‍ ഭവന വില 11 ശതമാനത്തോളം ഉയര്‍ന്നതായി ക്രെഡായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഡല്‍ഹിയിലെ ഭവനങ്ങളുടെ വില 11 ശതമാനം ഉയര്‍ന്ന് സ്‌ക്വയര്‍ ഫീറ്റിന് 7,363 രൂപയായി. ഹൈദരാബാദില്‍ ഒന്‍പത് ശതമാനം വര്‍ധിച്ച് സ്‌ക്വയര്‍ ഫീറ്റിന് 9,232 രൂപയായപ്പോള്‍ അഹമ്മദാബാദില്‍ 8 ശതമാനം ഉയര്‍ന്ന് 5,721 രൂപയായും കൊല്‍ക്കത്തയില്‍ 6 ശതമാനം വര്‍ധനവോടെ 6,245 രൂപയുമായി.

ബംഗളൂരു, ചെന്നൈ, മുംബൈ മെട്രോപൊളിറ്റന്‍ മേഖലകളില്‍ (എംഎംആര്‍) ഭവന വില യഥാക്രമം 1 ശതമാനം ഉയര്‍ന്ന് സ്‌ക്വയര്‍ ഫീറ്റിന് 7,595, 7,107, 19,557 രൂപയായി. പൂനെയില്‍, ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില മൂന്ന് ശതമാനം ഉയര്‍ന്ന് ചതുരശ്ര അടിക്ക് 7,485 രൂപയായി. രാജ്യത്ത് ഭവന വിലകള്‍ ശരാശരി 4 ശതമാനമാണ് ഉയര്‍ന്നത്. ഇത് റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്നു.

അതേസമയം, സംസ്ഥാനത്തെ ഭവന വില്‍പ്പനയും കുത്തനെ ഉയര്‍ന്നു. ''നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ വീടുകളുടെ വിലയും ഉയര്‍ത്തി. നേരത്തെ 50-80 ലക്ഷമായിരുന്നു ഇടത്തരം വീടുകളുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 60 ലക്ഷം - ഒരു കോടി വരെയായി ഉയര്‍ന്നു. ഈ വിഭാഗത്തിലെ വില്‍പ്പന ഗണ്യമായി വര്‍ധിക്കുകയും ചെയ്തു'' ക്രെഡായ് (The Confederation of Real Estate Developers' Associations of India) സംസ്ഥാന പ്രസിഡന്റ് രവി ജേക്കബ് ധനത്തോട് പറഞ്ഞു. കുറച്ച് വാങ്ങലുകാര്‍ മാത്രമാണെങ്കിലും 2 - 4 കോടി വരെയുള്ള ആഡംബര വീടുകളുടെ വില്‍പ്പനയും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്.

''നഗരപ്രദേശങ്ങളിലാണ് ഭവന വില്‍പ്പന കൂടുതലായി നടക്കുന്നത്. സംസ്ഥാനത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ കൊച്ചിയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നവിടങ്ങളിലെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മന്ദഗതിയിലായിരുന്നു. ഭവന വില്‍പ്പന ഉയരുന്നതോടെ ഈ രംഗത്ത് നിക്ഷേപങ്ങള്‍ വരുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com