

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പുതിയ വീടുകള്‍ക്കുള്ള ഡിമാന്റ് കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെസിഡന്‍ഷ്യല്‍ ഹൗസിംഗ് വിപണി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 14 ശതമാനം ഇടിവ് നേരിട്ടതായാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പഠനം നടത്തുന്ന പ്രൊപ്‌ടൈഗര്‍ ഡോട്ട് കോമിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലും വില്‍പ്പനയില്‍ ഗണ്യമായ ഇടിവാണുണ്ടായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൗസിംഗ് പ്രൊജക്ടുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചത് മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണിലാണ്. 32 ശതമാനമാണ് ഇടിവ്. പൂനെയില്‍ വില്‍പ്പനയില്‍ 27 ശതമാനവും കുറവുണ്ടായി. ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, അഹമ്മദാബാദ് നഗരങ്ങളിലും വില്‍പ്പനയുടെ ഗ്രാഫ് താഴേക്കാണ്.
അതേസമയം, തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ പുതിയ വീടുകള്‍ക്ക് ഡിമാന്റ് കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളുരു, ചെന്നൈ നഗരങ്ങളില്‍ വില്‍പ്പന മെച്ചപ്പെട്ടു. കൊല്‍ക്കത്തയിലും ഡിമാന്റ് കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന നഗരങ്ങളില്‍ വില്‍പ്പന നടന്നത് 97,674 ഹൗസിംഗ് യൂണിറ്റികളാണ്.
മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍, പൂനെ, ബംഗളുരു എന്നിവിടങ്ങളിലാണ് ഇതില്‍ ഏറെയും നടന്നത്. വില്‍പ്പനയുടെ 60 ശതമാനവും ഈ നഗരങ്ങളില്‍ ആയിരുന്നു. എന്നാല്‍ പല നഗരങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന വളര്‍ന്നിട്ടില്ല. മുന്‍ വര്‍ഷം ഇത് 98,095 യൂണിറ്റുകളായിരുന്നു.
റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രൊപ്‌ടൈഗര്‍ ഡോട്ട്‌കോം സെയില്‍സ് വിഭാഗം മേധാവി ശ്രീധര്‍ ശ്രീനിവാസന്‍ പറയുന്നു. മധ്യ വര്‍ഗത്തിന് താങ്ങാവുന്നതിനേക്കാള്‍ ഉയര്‍ന്ന വിലകളാണ് ഇപ്പോഴുള്ളത്. അതിനാല്‍ പലരും കാത്തിരിക്കുകയാണ്. ഇത് വിപണിയിലെ ഒരു താല്‍ക്കാലിക അവസ്ഥയാണെന്നും യഥാര്‍ത്ഥ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നും ശ്രീധര്‍ ശ്രീനിവാസന്‍ പറയുന്നു.
കണക്കുകള്‍ ആശാവഹമല്ലെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കമ്പനികള്‍ നിക്ഷേപം കുറക്കുന്നില്ല. പുതിയ പ്രൊജക്ടുകള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലില്‍ കുറവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം പുതിയ പ്രൊജക്ടുകളുടെ ലോഞ്ചിംഗില്‍ 17 ശതമാനം കുറവുണ്ടായി. മുംബൈ, പൂനെ,ബംഗളുരു എന്നിവിടങ്ങളിലാണ് പുതിയ പ്രൊജക്ടുകളുടെ ലോഞ്ചിംഗ് കുറഞ്ഞത്. ചെന്നൈ, ഡല്‍ഹി എന്‍.സി.ആര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പുതിയ യൂണിറ്റുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ചെന്നൈയില്‍ പുതിയ ലോഞ്ചുകള്‍ 87 ശതമാനവും ഡല്‍ഹിയില്‍ 31 ശതമാനവും ബംഗളുരുവില്‍ 32 ശതമാനവും വര്‍ധിച്ചു.
ഇന്ത്യയെ ബാധിക്കുന്ന ജിയോ പൊളിറ്റിക്കല്‍ പ്രശ്നങ്ങളും ഹൗസിംഗ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധം നിക്ഷേപരില്‍ ആത്മവിശ്വാസം കുറച്ചതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹൗസിംഗ് യൂണിറ്റുകളുടെ ഉയര്‍ന്ന വില വരും നാളുകളിലും വില്‍പ്പനയെ ബാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജനസംഖ്യാ പെരുപ്പം, നഗര വല്‍ക്കരണം തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും വിലകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് അടുത്ത പാദങ്ങളിലും വിപണിയില്‍ ഇടിവിന് സാധ്യത നിലനിര്‍ത്തുന്നുണ്ട്. വില നിര്‍ണയമാണ് വിപണിയുടെ ഗതി നിശ്ചയിക്കുകയെന്നാണ് പ്രൊപ്‌ടൈഗര്‍ ഡോട്ട്‌കോമിന്റെ പഠനത്തില്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine