തോട്ടം മേഖലയ്ക്ക് ആശ്വാസം; പ്ലാന്റേഷന്‍ ടാക്‌സ് ഇനിയില്ല

തോട്ടം മേഖലയ്ക്ക് ആശ്വാസം; പ്ലാന്റേഷന്‍ ടാക്‌സ് ഇനിയില്ല
Published on

കൂടിയ ഉല്പാദന ചെലവും വിലക്കുറവും മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന തോട്ടം മേഖലയ്ക്ക് ആശ്വാസവുമായി സർക്കാർ. കാലാകാലങ്ങളായി നിലനിന്ന പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹെക്ടറിന് 700 രൂപ വീതമാണ് കേരളം നികുതി ഈടാക്കിക്കൊണ്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊന്നും പ്ലാന്റേഷന്‍ ടാക്‌സ് ഇല്ല.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാൻ 2015 നവംബറിൽ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ജൂൺ 20 ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.

തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മാത്രമല്ല, ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന് നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്ക് നടത്തിപ്പിനായി കൈമാറുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ഇതുവഴി, പൂട്ടിക്കിടക്കുന്ന പല തോട്ടങ്ങളും തുറക്കാനാകുമെന്നാണ് കരുതുന്നത്.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും എല്ലാ തോട്ടങ്ങളെയും ഒഴിവാക്കി എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. കശുമാവ്, കാപ്പി, എലം തുടങ്ങിയ നാണ്യവിളകളെ നേരത്തെ തന്നെ പരിസ്ഥിതിലോല നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങൾ

1. പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കും

2. തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കും

3. എസ്റ്റേറ്റിലെ എല്ലാ ലയങ്ങളേയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

4. നിലവിലുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാര്‍ഗരേഖകള്‍ക്കു വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കും. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50 ശതമാനം സര്‍ക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളില്‍നിന്ന് ഈടാക്കേണ്ട 50 ശതമാനം തുക ഏഴ് വാര്‍ഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകള്‍ സൗജന്യമായി സര്‍ക്കാരിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കും.

5. ഒരു റബ്ബര്‍ മരം മുറിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി തുക ഏകദേശം 5000 രൂപയാണ്. നിലവില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ 2500 രൂപ സീനിയറേജായി ഈടാക്കുന്നുണ്ട്. റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.

6. തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശുപാർശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

7. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കി.

8. ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന് നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും വിധം ആവശ്യമായ നിയമനിര്‍മ്മാണം നടത്തും. റവന്യൂ വകുപ്പ് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

9. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കും.

10 . പ്ലാന്റേഷന്‍ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന്‍ പോളിസി തയ്യാറാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com