കൃഷിഭൂമി ആര്‍ക്കും വേണ്ടതായി, സ്ഥലവില്പന കുറഞ്ഞതോടെ വില താഴ്ത്തി വിറ്റൊഴിവാക്കാന്‍ ഉടമകള്‍; റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സംഭവിക്കുന്നതെന്ത്?

വില്ക്കാന്‍ ഒരുപാട് വീടും സ്ഥലങ്ങളും കിടപ്പുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. നടക്കുന്ന കച്ചവടങ്ങള്‍ പോലും വലിയതോതില്‍ വില കുറച്ചാണ് വില്ക്കുന്നത്.
കൃഷിഭൂമി ആര്‍ക്കും വേണ്ടതായി, സ്ഥലവില്പന കുറഞ്ഞതോടെ വില താഴ്ത്തി വിറ്റൊഴിവാക്കാന്‍ ഉടമകള്‍; റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സംഭവിക്കുന്നതെന്ത്?
Published on

അയര്‍ലന്‍ഡില്‍ കുടുംബസമേതം ജീവിക്കുന്ന മൂവാറ്റുപുഴ സ്വദേശി ജോസ് മാത്യു ഒരു മാസം മുമ്പ് നാട്ടിലെത്തിയത് ഉള്ള വീടും പറമ്പും വില്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ലക്ഷങ്ങള്‍ മുടക്കി പണിത വീടാണ്. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കണ്ണായ സ്ഥലത്ത് തന്നെയാണ് വീടും 15 സെന്റ് സ്ഥലവും. എളുപ്പം വില്പന പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ഒന്നും നടന്നില്ല.

ഒരുമാസമായിട്ടും വില്പന നടക്കാതായതോടെ വില താഴ്ത്തി. എന്നിട്ടു പോലും കച്ചവടം നടക്കുന്നില്ല. അടുത്ത സുഹൃത്തിനെ വില്പന കാര്യങ്ങള്‍ ഏല്പിച്ച് തിരിച്ച് അയര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുകയാണ് ജോസ്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. അത്യാവശ്യ കാര്യത്തിനായി വീടും സ്ഥലവും വില്ക്കാന്‍ നോക്കുന്ന പലരും പ്രതിസന്ധിയിലാണ്.

ഒരുകാലത്ത് കേരളത്തിന്റെ മുക്കിലും മൂലയിലും സ്ഥലവില കുതിച്ചുയരുകയായിരുന്നു. എന്നാലിപ്പോള്‍ കഥമാറി. സ്ഥലവില്പന തീര്‍ത്തും കുറഞ്ഞെന്ന് തൊടുപുഴയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരിലൊരാളായ ടി.ജെ ഷൈന്‍ പറയുന്നു. വില്ക്കാന്‍ ഒരുപാട് വീടും സ്ഥലങ്ങളും കിടപ്പുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. നടക്കുന്ന കച്ചവടങ്ങള്‍ പോലും വലിയതോതില്‍ വില കുറച്ചാണ് വില്ക്കുന്നത്.

മുമ്പ് മലയാളികളുടെ നിക്ഷേപം ഏറെയും സ്ഥലത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ കാലാവസ്ഥ മാറി. പുതുതലമുറയ്ക്ക് സ്ഥലം വാങ്ങിയിടുന്നതിനോട് താല്പര്യമില്ല. ഓഹരി വിപണിയും മറ്റ് നിക്ഷേപങ്ങളുമാണ് അവര്‍ക്ക് നോട്ടം.

കേരളത്തില്‍ ഭൂമിവില കുറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. കേരളത്തില്‍ പ്രവാസികള്‍ കൂടുതലുള്ള ജില്ലകളിലടക്കം ഏകദേശം 11 ലക്ഷം വീടുകള്‍ അടഞ്ഞു കിടപ്പുണ്ട്. കണ്ണായ സ്ഥലങ്ങളില്‍ നിക്ഷേപമായി വാങ്ങിക്കൂട്ടിയ ഭൂമി പലരും വിറ്റൊഴിവാക്കുകയാണ്. അതുമാത്രമല്ല, വിദേശപഠനത്തിനും മറ്റുമായി ഭൂമി വില്ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. സ്ഥലം വില്ക്കാനുള്ളവരുടെ എണ്ണം വര്‍ധിച്ചെങ്കിലും അതിനനുസരിച്ച് വില്പന നടക്കുന്നില്ലെന്നതാണ് സത്യം. ഭൂമിയെന്നത് ആകര്‍ഷകമായ നിക്ഷേപക മാര്‍ഗമല്ലാതായി മാറിയിരിക്കുന്നു.

മേരി ജോര്‍ജ് - സാമ്പത്തിക വിദഗ്ധ

എന്തുകൊണ്ട് മാറ്റം ?

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പതിനായിരക്കണക്കിന് പ്രോപ്പര്‍ട്ടികളാണ് വില്ക്കാനായി ഇട്ടിരിക്കുന്നത്. മിക്ക വീടുകളിലും താമസക്കാരില്ല. വിദേശ കുടിയേറ്റ ട്രെന്റ് കാലത്ത് നാടുവിട്ടവരുടെ വസ്തുക്കളാണ് ഇപ്പോള്‍ കൂടുതലായി വില്പനയ്ക്കായി വരുന്നത്. സാമൂഹികവിരുദ്ധരുടെ താവളങ്ങളായി മാറിയതും പരിപാലനം തലവേദനയായതും നാട്ടിലെ വസ്തുവകകള്‍ വില്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നു.

പുതുതലമുറയ്ക്ക് നാട്ടില്‍ നില്ക്കാന്‍ താല്പര്യമില്ല. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുവന്ന് നാട്ടിലെ വീടും പറമ്പും വില്ക്കാനാണ് പലര്‍ക്കും താല്പര്യം. നാട്ടിലേക്ക് തിരിച്ചുവരാന്‍ താല്പര്യമില്ലാത്ത തലമുറ കിട്ടുന്ന പൈസയ്ക്ക് എല്ലാം വിറ്റൊഴിവാക്കുകയാണ് ഇടുക്കി അടിമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ കെ.എം നവാസ് പറയുന്നു.

കാലാവസ്ഥ മാറ്റവും പ്രധാനം

2018ലെ പ്രളയവും കാലാവസ്ഥാ ആശങ്കകളും ചില പ്രദേശങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മനോഭാവം മാറ്റാന്‍ കാരണമായി. 2018ന് ശേഷം വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ വീടുകളോടും ഭൂമിയോടും ചിലര്‍ക്ക് ഭയം കൂടി. തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ആശങ്കയും സ്വാധീനിക്കുന്നു.

കുടുംബ ഘടന മാറുന്നതും പ്രധാന ഘടകമാണ്. ഒരുകാലത്ത് വലിയ പറമ്പും രണ്ടുനില വീടും 'സ്റ്റാറ്റസ്' ആയിരുന്നു. ഇപ്പോഴത് മാറി. കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രി സൗകര്യം, യാത്രാ സൗകര്യം എന്നിവ പരിഗണിച്ച് നഗരകേന്ദ്രങ്ങളിലേക്കുള്ള മാറ്റവും കൂടുന്നു.

ജനസംഖ്യയുടെ വയോധികവല്‍ക്കരണവും ഒരു വലിയ ഘടകമാണ്. കേരളത്തില്‍ പ്രായമായവരുടെ അനുപാതം ഇന്ത്യയിലെ പല സംസ്ഥാനങ്ങളേക്കാളും കൂടുതലാണ്. ആരോഗ്യച്ചെലവിനും വിരമിച്ച ശേഷമുള്ള ജീവിതച്ചെലവിനുമായി ആസ്തി പണമായി മാറ്റേണ്ട സാഹചര്യം പല കുടുംബങ്ങള്‍ക്കും വരുന്നു. ഇതും വില്പന വര്‍ധിക്കാന്‍ കാരണമാകുന്നു.

എന്നാല്‍ കേരളമൊട്ടാകെ ഒരേ സ്ഥിതിയല്ല. കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരകേന്ദ്രങ്ങളിലും വിഴിഞ്ഞം, ഇന്‍ഫോപാര്‍ക്ക്, ഹൈവേ വികസനം നടക്കുന്ന മേഖലകളിലും ഭൂമിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്. ജനസംഖ്യ കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലും ടിയര്‍ 2, ടിയര്‍ 3 നഗരത്തിനു പുറത്തും വില്ക്കാനിട്ടിരിക്കുന്ന വീടുകള്‍ വര്‍ധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com