റിയൽ എസ്റ്റേറ്റ് കുതിപ്പിൽ കോഴിക്കോട്; 40ലേറെ പദ്ധതികൾ, പുതിയ ടൗൺഷിപ്പുകളും ഹോട്ടലുകളും ഐടി വികസനവും

അടിസ്ഥാന സൗകര്യ വികസനത്തിലടക്കം അതിവേഗം മുന്നേറുകയാണ് ഇവിടം
Kozhikode witnessing major real estate expansion
Image courtesy: Canva
Published on: 

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ് കോഴിക്കോട്ട് ഉയരുന്നു! നഗരത്തിനകത്തും പുറത്തുമായി നിരവധി ടൗണ്‍ഷിപ്പുകളും കൊമേഴ്സ്യല്‍ ബില്‍ഡിങ്ങുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഹോസ്പിറ്റലുകളും വേറെ. തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നിലായിരുന്ന കോഴിക്കോട് അവക്കൊപ്പം ഉയരുകയാണ്. നിലവില്‍ കോഴിക്കോട്ട് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് ബില്‍ഡര്‍മാരുടെ 40ലേറെ പ്രോജക്റ്റുകളാണ്. ഇത് ഏകദേശം 15 ദശലക്ഷം ചതുരശ്രയടി വരും. അംഗീകാരം കാത്തുകിടക്കുന്നവയും നിരവധി.

ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവര്‍

വയനാട് റോഡില്‍ നിര്‍മാണം നടക്കുന്ന ഗാലക്സി ബില്‍ഡേഴ്സിന്റെ അറ്റ്മോസ്ഫിയര്‍ എന്ന റെസിഡന്‍ഷ്യല്‍ ടവറിന്റെ ഉയരം 167 മീറ്ററാണ്. 51 നിലകളിലായി ഒരുങ്ങുന്ന ഈ റെസിഡന്‍ഷ്യല്‍ ടവര്‍ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയതാണെന്ന് അവര്‍ അവകാശപ്പെടുന്നു.

കോഴിക്കോടിന്റെ പല ലാന്‍ഡ്മാര്‍ക്കുകളും അടയാളപ്പെടുത്തിയ ഹൈലൈറ്റ് ബില്‍ഡേഴ്സിന്റേതായി വരുന്നത് നിരവധി പ്രോജക്റ്റുകളാണ്.

പ്രാദേശിക സംരംഭങ്ങളെ ആഗോള ബിസിനസുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്ന പ്രഖ്യാപനവുമായി വരുന്ന ദി വേള്‍ഡ് ട്രേഡ് സെന്ററാണ് അതിലൊന്ന്. 6,500 കോടിയോളം രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് സിറ്റിയിലാണ് ഇതൊരുങ്ങുന്നത്. ബിസിനസ് ലോഞ്ച്, കണ്‍വെന്‍ഷന്‍ സെന്റര്‍, എക്സിബിഷന്‍ സ്പേസ്, ഓഡിറ്റോറിയം, പ്രീമിയം ഓഫീസ് സ്പേസ്, അക്കാദമിക് സ്ഥാപനങ്ങള്‍, റീറ്റെയ്ല്‍ ഏരിയ തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. ഹൈലൈറ്റ് സിറ്റിക്കകത്തെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളായ ഒളിംപസ് കക, സൈപ്രസ്, പാട്രാസ് എന്നിവ നിര്‍മാണഘട്ടത്തിലാണ്. കാലിക്കറ്റ് സൈബര്‍ പാര്‍ക്കിനകത്തെ ഹൈലൈറ്റ് സൈബര്‍ ഹബ്ബ്, സൈബര്‍ ടവര്‍ എന്നിവയും നിര്‍മാണം തുടങ്ങിയ പ്രോജക്റ്റുകളാണ്.

ഫ്‌ളാറ്റുകള്‍ ഉയരുന്നു

അസറ്റ് ഹോംസിന്റെ ഹില്‍സ് എഡ്ജ്, സെനിത്ത്, എലന്‍ കാസ എന്നീ മൂന്ന് റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളുടെയാണ് പ്രവൃത്തി നടക്കുന്നത്. ശോഭ ബെല്ലെവ്യൂ, ബെല എന്‍കോസ്റ്റ, പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഓഷ്യന്‍ പേള്‍ കോഴിക്കോട് ബീച്ച് റോഡിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. സ്‌കൈലൈന്‍ മറീന ബേ, ഒഡീസി, റെയ്ഗേറ്റ് ലിന്‍ഡലേ പാര്‍ക്ക്, ലോറന്‍, ബ്ലൂമോണ്ട് പാര്‍ക്ക്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അവന്യു, ഓക്ക്‌വുഡ്, ബംഗളൂരുവില്‍ നിന്നുള്ള സൗപര്‍ണിക ഗ്രൂപ്പിന്റെ ഫ്ളോറന്‍സ, ദേശായ് ഹോംസിന്റെ ഡിഡി ഗ്രീന്‍ ക്രെസ്റ്റ്, വീഗാലാന്‍ഡിന്റെ സിംഫണി, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സിന്റെ ലിയോണ്‍ സെന്റര്‍, മെറിറ്റസ്, ലാന്‍ഡ്മാര്‍ക്ക് വില്ലേജ്, ഡൗണ്‍ടൗണ്‍ ക്രസന്റ്, ടിസി വണ്‍ നെസ്റ്റ് തുടങ്ങി 40ലേറെ പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്.

എലത്തൂരില്‍ ഗ്ലോബ്ഫാം ഗാര്‍ഡന്‍സ് ഇന്‍ഡിപ്പെന്റന്റ് എന്ന വില്ല പ്രോജക്റ്റും ഒരുങ്ങുന്നുണ്ട്.

റീറ്റെയ്ല്‍ സ്പേസ് മേഖലയില്‍ ശ്രദ്ധയൂന്നിയിരുന്ന സെക്യുറ ആദ്യത്തെ റെസിഡന്‍ഷ്യല്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. പാലാഴിയിലാണ് 150 യൂണിറ്റുകളുള്ള കോംപാക്ട് ലക്ഷ്വറി വിഭാഗത്തിലുള്ള പദ്ധതി വിഭാവനം ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബില്‍ഡേഴ്സിന് പുറമെ ചെറുകിട ബില്‍ഡര്‍മാരും അപ്പാര്‍ട്ട്മെന്റ്, വില്ല പ്രോജക്റ്റുകളുമായി എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് പുറമെ ഹൈലൈറ്റ് സിറ്റി മാതൃകയില്‍ ടൗണ്‍ഷിപ്പുകളും ഉയര്‍ന്നുവരുന്നുണ്ട്. ബൈപാസില്‍ കാപ്കോണ്‍ ഗ്രൂപ്പിന് കീഴില്‍ ഒരുങ്ങുന്ന കാപ്കോണ്‍ സിറ്റി ഇത്തരത്തിലൊന്നാണ്. ബിസിനസ് സെന്റര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, മൂന്ന് റെസിഡന്‍ഷ്യല്‍ ടവറുകള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. കോഴിക്കോട് ലുലു മാള്‍ എട്ട് ലക്ഷത്തോളം ചതുരശ്രയടി കൂട്ടാനുള്ള പ്ലാനിലാണ്. കൂടുതല്‍ വ്യാപാര ഇടങ്ങളും ഫാമിലി എന്റര്‍ട്ടെയ്ന്‍മെന്റ് സെന്റര്‍, റെസ്റ്റൊറന്റ്, സിനിമ തിയേറ്റര്‍, കാര്‍ പാര്‍ക്കിങ് സൗകര്യവുമൊക്കെ ഇതിന്റെ ഭാഗമായി വരുന്നുണ്ട്.

സൈബര്‍ പാര്‍ക്ക് വികസിപ്പിക്കുന്നു

സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും വിപുലീകരിക്കാനുള്ള പദ്ധതിയിലാണ്. നാല് ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ഐടി കെട്ടിടം, ഹൈലൈറ്റ് ഗ്രൂപ്പ് ഒമ്പത് ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന സൈബര്‍ ടവര്‍, 1.6 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന സൈബര്‍ ഹബ്ബ്, എട്ട് നിലകളിലായി 75,000 ചതുരശ്രയടിയിലുള്ള കാലിനോവ ഡാറ്റ സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ പൈപ്‌ലൈനിലാണ്.

അതോടൊപ്പം കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50 ഏക്കര്‍ ഭൂമിയില്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മാണം ചര്‍ച്ചയിലാണ്. സ്പോര്‍ട്സ് അക്കാദമി, അത്ലറ്റിക്സ് ട്രാക്ക് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കും.

ആഡംബര ഹോട്ടലുകളും ഹോസ്പിറ്റലുകളും

കോഴിക്കോട്ട് നിരവധി ആഡംബര ഹോട്ടലുകളും വരാനിരിക്കുകയാണ്. ഐഎച്ച്സിഎല്ലിന്റെ ജിഞ്ചര്‍, ഹയാത്ത് സെന്‍ട്രിക്, മെര്‍ക്യൂര്‍ ഹോട്ടല്‍സ്,

റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ പാര്‍ക്ക് ഇന്‍ ആന്‍ഡ് സ്യൂട്ട്സ് തുടങ്ങിയവ അതില്‍ ചിലതാണ്. ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡില്‍ ഒരുങ്ങുന്ന കേരളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് (ഗകഛഠഠ) 30 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരിക്കുന്നത്. 20 ഏക്കറില്‍ 300 കോടിയോളം രൂപ മുടക്കിയാണ് ഇത് നിര്‍മിക്കുന്നത്. ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ വിദേശ കമ്പനികള്‍ നിക്ഷേപം നടത്തിയതോടെ ഈ മേഖലയിലും ഉണര്‍വ് ഉണ്ടായിട്ടുണ്ട്.

യുഎസ് സ്വകാര്യ നിക്ഷേപ സ്ഥാപനമായ കെകെആര്‍ & കമ്പനി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ 70% ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെ മെയ്ത്ര ഹോസ്പിറ്റലിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയിട്ടുണ്ട്. അടുത്തിടെയാണ് ലക്ഷ്വറി ഹോസ്പിറ്റല്‍ ശ്രേണിയിലേക്ക് ഫൈസല്‍ കൊട്ടിക്കോളന്‍ നേതൃത്വം നല്‍കുന്ന തുല ക്ലിനിക്കല്‍ വെല്‍നസ് സാന്‍ക്ച്വറി കാക്കഞ്ചേരിയില്‍ യാഥാര്‍ത്ഥ്യമായത്.

ഹോട്ട്‌സ്‌പോട്ട് മാവൂര്‍ റോഡ് തന്നെ

ഏറ്റവും കൂടുതലാളുകള്‍ ഇപ്പോഴും പ്രഥമ പരിഗണന നല്‍കുന്ന ഇടം മാവൂര്‍ റോഡാണ്. ഈ മേഖലയില്‍ 7,000-7,500 രൂപ ചതുരശ്രയടിക്ക് സാധാരണ പ്രോജക്റ്റുകള്‍ക്കുണ്ട്. തരക്കേടില്ലാത്ത 2-3 ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 80 മുതല്‍ 1.5 കോടി രൂപ വരെയാണ് ഇവിടെ വില. ചേവായൂരും നല്ല ഡിമാന്‍ഡുള്ള മേഖലയാണ്. നിര്‍ദിഷ്ട ലൈറ്റ് മെട്രോ സ്റ്റേഷന്‍ ഇതുവഴി കടന്നുപോകും. 55 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഇവിടങ്ങളിലെ വില. മികച്ച കണക്ടിവിറ്റി തൊണ്ടയാടിന് നേട്ടമാകുന്നുണ്ട്.

ഐഐഎം, എന്‍ഐടി പോലുള്ള സ്ഥാപനങ്ങളും താരതമ്യേന കുറഞ്ഞ വിലയും കുന്ദമംഗലത്തിന് ഡിമാന്‍ഡ് കൂട്ടുന്നു. നഗരത്തിനകത്തുള്ളതിനേക്കാള്‍ 20-25% കുറഞ്ഞ വിലയേ ഇവിടെയുള്ളൂ. എരഞ്ഞിപ്പാലം, വെസ്റ്റ്ഹില്‍, നടക്കാവ്, പാലാഴി, ബേപ്പൂര്‍, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്ലെല്ലാം ഡിമാന്‍ഡ് കൂടി വരുന്നുണ്ട്. നഗരവുമായി ചേര്‍ന്ന, എന്നാല്‍ ബജറ്റ് ഫ്രണ്ട്ലി അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാകുന്ന സ്ഥലം ഫറോക്കാണ്.

വെല്ലുവിളികളും ഉണ്ട്

പുതിയ പ്രോജക്റ്റുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പ്രതിസന്ധികളില്ലെന്ന് അതിനര്‍ത്ഥമില്ല. സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം, പാറക്കല്ലിന്റെ ലഭ്യതക്കുറവ്, നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുവരാന്‍ മടിക്കുന്നതും വന്നവര്‍ക്ക് കൂലിയിലുണ്ടായിരിക്കുന്ന വര്‍ധന തുടങ്ങിയവയൊക്കെ നിര്‍മാണച്ചെലവ് കൂട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലി ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തോളമാണ് കൂടിയിരിക്കുന്നതെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. മുമ്പ് 50-60 ലക്ഷം രൂപ മുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് മുതല്‍ 10% വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നവരില്‍ അടുത്ത കാലം വരെ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളായിരുന്നുവെങ്കില്‍ ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യത്തില്‍ പലരും വീട് വാങ്ങാന്‍ മടിക്കുകണ്യാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് കോഴിക്കോട്?

  • കയ്യില്‍ പണമുണ്ട്: കൂടുതല്‍ ആളുകള്‍ ബിസിനസിലേക്ക് എത്തുന്നതും ഗള്‍ഫ് പ്രവാസവുമൊക്കെ കൊണ്ട് മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെ ആളുകളുടെ കയ്യില്‍ പണമുണ്ട്. അവര്‍ ഗ്രാമീണ മേഖലയില്‍ വീടുണ്ടെങ്കിലും നഗരത്തിനകത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാന്‍ താല്‍പര്യമുള്ളവരാണ്.

  • പ്രൊഫഷണലുകളുടെ വരവ്: പൊതു-സ്വകാര്യ മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ വന്നതോടെ പുറത്തുനിന്നുള്ള പ്രൊഫഷണലുകളും മറ്റും കോഴിക്കോട്ട് എത്തി. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക് എന്നിവയില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളും ഐടി അനുബന്ധ മേഖലയിലെ ജീവനക്കാരും കോഴിക്കോട്ട് താമസമാക്കി. സൈബര്‍ പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ മാത്രം 150ലേറെ ഐടി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 2017 മുതല്‍ മൂന്ന് വര്‍ഷം കൊണ്ട് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ കോഴിക്കോടിന് 390% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് മാത്രമല്ല, വ്യാപാരം വര്‍ധിക്കുന്നതിലൂടെ കൊമേഴ്സ്യല്‍ ബില്‍ഡിങ്ങുകള്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. 2035 ഓടെ ഏകദേശം അഞ്ച് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ കോഴിക്കോട് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

  • അടിസ്ഥാന സൗകര്യ വികസനം: കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ 500 കോടി രൂപയോളം മുടക്കി നവീകരിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി മീഞ്ചന്ത മുതല്‍ മെഡിക്കല്‍ കോളെജ് വരെയുള്ള മേഖലകളില്‍ വലിയ സാധ്യതകള്‍ തുറക്കും. ദേശീയപാത വികസനവും എയര്‍പോര്‍ട്ടിന്റെയും പോര്‍ട്ടിന്റെയും സാന്നിധ്യവും കോഴിക്കോടിന് നേട്ടമാകുന്നുണ്ട്.

  • വാടക വരുമാനം: ഐഐഎം, എന്‍ഐടി, യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി വാടകക്ക് താമസിക്കുന്നവരുടെ എണ്ണം കൂടിയത് നിക്ഷേപം എന്ന നിലയില്‍ വീട് വാങ്ങല്‍ ആകര്‍ഷമാക്കുന്നു.

  • മികച്ച സൗകര്യം, കുറഞ്ഞ വില: കൊച്ചിയിലേതിന് സമാനമായ നിലവാരത്തില്‍ താമസിക്കാനാകുകയും അതേസമയം 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുകയും ചെയ്യും എന്നതാണ് പ്രൊഫഷണലുകളെ കോഴിക്കോട്ട് ഒരു അപ്പാര്‍ട്ട്മെന്റ് എന്നതിലേക്ക് നയിക്കുന്നത്. നിലവില്‍ കോഴിക്കോട്ട് ചതുരശ്രയടിക്ക് 6,000-7,500 രൂപക്ക് ഇടത്തരം അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കുമെങ്കില്‍ സമാനമായ പ്രോപ്പര്‍ട്ടിക്ക് കൊച്ചിയില്‍ 6,000 മുതല്‍ 12,000 രൂപ വരെ നല്‍കണം.

  • കൂടിയ സ്ഥല വില: സ്ഥല വില കൂടിയത് കാരണം സ്വന്തമായി സ്ഥലമെടുത്ത് വീട് നിര്‍മിക്കുക എന്നത് മറ്റേത് നഗരങ്ങളെയും പോലെ കോഴിക്കോട് നഗരത്തിലും സമീപപ്രദേശങ്ങളിലും ഏറെക്കുറെ പ്രായോഗികമല്ലാതായി. അതോടെ ആളുകള്‍ അപ്പാര്‍ട്ട്മെന്റുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റിലെ വളര്‍ച്ചാനിരക്കില്‍ കോഴിക്കോട് ഒരുപക്ഷേ കൊച്ചിയെയും തിരുവനന്തപുരത്തെയും പിന്നിലാക്കിയിരിക്കുന്നു. അത്ര വേഗത്തിലാണ് നഗരത്തിന്റെ മുന്നേറ്റം. ഹോസ്പിറ്റാലിറ്റി, ടൂറിസം, ഐടി മേഖലകളിലെല്ലാം ഉണര്‍വ് പ്രകടമാണ്.

എം.എ മെഹബൂബ്, മാനേജിങ് ഡയറക്റ്റര്‍, സെക്യുറ ഡെവലപ്പേഴ്സ്

വലിയ തോതില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുതിച്ചുയരുന്ന നിര്‍മാണ സാമഗ്രികളുടെ വിലയും തൊഴിലാളി ക്ഷാമവും കൂലി വര്‍ധനയും മൂലം വില കൂട്ടാന്‍ നിര്‍ബന്ധിതരാകുകയാണ് ബില്‍ഡര്‍മാര്‍. അതിനൊപ്പം ഗള്‍ഫ് പ്രതിസന്ധിയും കൂനിന്മേല്‍ കുരു പോലെ വന്നിരിക്കുന്നു.

വി. ഗോപിനാഥന്‍, പ്രസിഡന്റ്, ക്രെഡായ് കോഴിക്കോട്

ഒരേസമയം നിരവധി പ്രോജക്റ്റുകളാണ് കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് തുടങ്ങി ഹോസ്പിറ്റലുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ളവ ഇതിലുണ്ട്. സമ്പന്നമായ വ്യാപാര ചരിത്രമാണ് കോഴിക്കോടിനുള്ളത്. ചെലവഴിക്കാന്‍ മടികാണിക്കാത്ത പുതുതല മുറയും കൂടിയാകുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്കും തഴച്ചുവളരാനുള്ള മണ്ണ് കോഴിക്കോട് നല്‍കുന്നു.

എം. സാവിന്‍, മാനേജിങ്, ഡയറക്റ്റര്‍, ഗ്ലോബ്ഫാം റിയല്‍റ്റി

(Originally published in Dhanam Magazine November 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```