ഭൂ ഉടമകള്‍ക്കെല്ലാം 'ലാന്‍ഡ് കാര്‍ഡ്' നല്‍കാന്‍ കേരളം

കേരളത്തിൽ ലാന്‍ഡ് കാര്‍ഡ് സമ്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓരോരുത്തരുടെയും പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലാന്‍ഡ് കാര്‍ഡ് സംവിധാനം ആന്ധ്രാ പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒരാളുടെ പേരിലുള്ള ഭൂമിയെല്ലാം ലാന്‍ഡ് കാര്‍ഡില്‍ രേഖപ്പെടുത്തും. ഭൂമി കൈമാറ്റം ചെയ്യുന്നതിനനുസരിച്ച് കാര്‍ഡിലും മാറ്റമുണ്ടാകും. ഇതിന് മുന്നോടിയായി ഒരാളുടെ പേരില്‍ സംസ്ഥാനത്താകെയുള്ള ഭൂമിക്ക് ഒരുതണ്ടപ്പേരാക്കാനും അത് ആധാറുമായി ലിങ്ക് ചെയ്യാനും നടപടി തുടങ്ങി.ബിനാമി പേരില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ലാന്‍ഡ് കാര്‍ഡിലൂടെ കഴിയും.

ഭൂമി കൈമാറ്റത്തിന് ആധാര്‍ നിര്‍ബന്ധമാക്കണമെങ്കില്‍ പോക്കുവരവ് നിയമം ഭേദഗതി ചെയ്യണം. തിരിച്ചറിയലിന് ആധാര്‍ കാര്‍ഡുപയോഗിക്കാമെങ്കിലും, സേവനങ്ങള്‍ക്ക് അത് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുള്ളതിനാല്‍ നിയമക്കുരുക്കില്‍പ്പെടാതെ ആധാറില്‍ തണ്ടപ്പേര്‍ ലിങ്ക് ചെയ്യാനാണ് ശ്രമം. രജിസ്‌ട്രേഷനിലുള്ള തട്ടിപ്പുകളും ഇതുവഴി തടയാം.

ഇപ്പോള്‍ ഓരോ വില്ലേജ് ഓഫീസിലെയും ക്രമനമ്പര്‍ പ്രകാരമാണ് തണ്ടപ്പേരുള്ളത്. ഇനി മുതല്‍ സംസ്ഥാനത്തൊട്ടാകെ 13 അക്ക തണ്ടപ്പേരായിരിക്കും. തണ്ടപ്പേര്‍ ആധാറുമായി ലിങ്കു ചെയ്യുന്നതോടെ കൂടുതല്‍ മിച്ചഭൂമി കണ്ടെത്താമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ സംസ്ഥാനത്ത് ഒരു കുടുംബത്തിന് പരമാവധി 15 ഏക്കറേ കൈവശം വയ്ക്കാനാവൂ. ഇതില്‍ കൂടുതലുണ്ടെങ്കില്‍ മിച്ചഭൂമിയായി മാറുമെന്നാണ് നിയമം. എന്നാല്‍ അതേ വില്ലേജ് വിട്ട് മറ്റൊരിടത്ത് ഭൂമിയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ നിലവില്‍ സംവിധാനമില്ല.
ഒരാള്‍ക്ക് ഒരു തണ്ടപ്പേര്‍ ആക്കുകയും അത് ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്യുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാം.യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്താം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it