സ്വര്‍ണത്തിലല്ല, റിയല്‍ എസ്റ്റേറ്റിലാണ് സ്ത്രീകളുടെ താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണത്തിലല്ല, റിയല്‍ എസ്റ്റേറ്റിലാണ് സ്ത്രീകളുടെ താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്
Published on

രാജ്യത്തെ സ്ത്രീകളുടെ നിക്ഷേപ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. നേരത്തേ സ്വര്‍ണവും ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായിരുന്നു അവരുടെ ആദ്യ പരിഗണനയെങ്കില്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനോടാണ് താല്‍പ്പര്യമെന്ന് പഠനറിപ്പോര്‍ട്ട്. അനറോക്ക്-എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നടത്തിയ കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വേയിലാണ് ഇത് വെളിവായത്. സര്‍വേയില്‍ പങ്കെടുത്തു 57 ശതമാനം പേരും റിയല്‍ എസ്റ്റേറ്റിനെയാണ് ഒന്നാമതായി കാണുന്നത്. 28 ശതമാനം പേര്‍ ഓഹരി വിപണിയെ തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്. 11 ശതമാനം പേര്‍ സ്ഥിര നിക്ഷേപത്തെ മികച്ച നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുത്തപ്പോള്‍ നാലു ശതമാനം പേര്‍ മാത്രമാണ് സ്വര്‍ണത്തോട് താല്‍പ്പര്യം കാട്ടിയത്.

പുരുഷന്മാരെ പോലെ തന്നെ വരുമാനം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ സമീപ കാലത്ത് ഉണ്ടായ വര്‍ധന വീട് വാങ്ങല്‍ പോലുള്ള കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ നഗരപ്രദേശങ്ങളിലെയെങ്കിലും സ്ത്രീകളില്‍ പലര്‍ക്കും ആകുന്നുണ്ടെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ഇതു തിരിച്ചറിഞ്ഞ മിക്ക ബില്‍ഡര്‍മാരും സ്ത്രീ ഉപഭോക്താക്കളിലേക്ക് ശ്രദ്ധയൂന്നുന്നുണ്ട്. കൂടാതെ സര്‍ക്കാരും ബാങ്കുകളും സ്ത്രീകളുടെ വീടു വാങ്ങലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമം നടത്തി വരുന്നുണ്ട്. പല സംസ്ഥാനങ്ങളും വസ്തു രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടിയില്‍ സ്ത്രീകള്‍ക്ക് ഇളവുകള്‍ നല്‍കി വരുന്നു. ഡല്‍ഹി, യു പി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം. രണ്ടു ശതമാനം വരെയാണ് ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇളവ് നല്‍കുന്നത്.

മാത്രമല്ല, ജോയ്ന്റ് ഓണര്‍ഷിപ്പ് ആണെങ്കില്‍ പ്രത്യേകം നികുതിയിളവും സര്‍ക്കാര്‍ ലഭ്യമാക്കുന്നു. പല ബാങ്കുകളും പുരുഷന്മാരേക്കാള്‍ കുറഞ്ഞ പലിശയ്ക്കാണ് സ്ത്രീകള്‍ക്ക് ഭവന വായ്പ അനുവദിക്കുന്നത്. 0.05 ശതമാനം മുതല്‍ 0.25 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ സ്ത്രീകള്‍ക്ക് പലിശയില്‍ നല്‍കുന്ന ഇളവുകള്‍.

നിക്ഷേപ പോര്‍ട്ട്‌ഫോളിയുടെ വൈവിധ്യവത്കരണമോ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനോയ ആയി രാജ്യത്തെ നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ കൂടുതലായി റിയല്‍ എസ്റ്റേറ്റ് മേഖലയോട് താല്‍പ്പര്യം കാട്ടുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com