സിമന്റിന് ഡിമാന്റ് കൂടി; വില വര്‍ധിക്കുന്നു; കെട്ടിട നിര്‍മാണം ചിലവേറും

കേരളത്തില്‍ വര്‍ധന 10 രൂപ; തമിഴ്‌നാട്ടില്‍ 40 രൂപ
CEMENT  PRODUCTION
CEMENT  PRODUCTION
Published on

മാസങ്ങളായി താഴ്ന്നു കിടന്നിരുന്ന സിമന്റ് വില ഉയരുന്നു. നിര്‍മാണ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതാണ് കാരണം. എല്ലാ സിമന്റ് ബ്രാന്റുകള്‍ക്കും രാജ്യവ്യാപകമായാണ് വിലവര്‍ധന. കേരളത്തില്‍ ചാക്കിന് പത്ത് രൂപ വരെ വര്‍ധനയുണ്ട്. തമിഴ്‌നാട്ടില്‍ ചാക്കിന് 40 രൂപ വരെയാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.

നിര്‍മാണ മേഖല സജീവം

വിവിധ സംസ്ഥാനങ്ങളില്‍ ഉല്‍സവ സീസണ്‍ കഴിഞ്ഞതോടെ നിര്‍മാണ മേഖല സജീവമായതാണ് സിമന്റിന് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ നാലു മാസമായി വില താഴ്ന്ന നിലയിലായിരുന്നു. ഇത് സിമന്റ് വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തില്‍ ചെറുകിട സിമന്റ് കമ്പനികള്‍ ഏറെയുള്ള പാലക്കാട് കഞ്ചിക്കോട് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പത്തിലേറേ സിമന്റ് കമ്പനികള്‍ വിലയിടിവില്‍ പിടിച്ചു നില്‍ക്കാനാകാതെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അദാനി സിമന്റ്‌സ് കേരളത്തില്‍ വ്യാപകമായി എത്തിയതോടെ കിടമല്‍സരത്തില്‍ പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയുമുണ്ടെന്ന് കഞ്ചിക്കോട്ടെ വ്യാപാരികള്‍ പറയുന്നു.

വര്‍ധന 10 മുതല്‍ 40 രൂപ വരെ

എല്ലാ സംസ്ഥാനങ്ങളിലും സിമന്റ് വില ഉയരുകയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 രൂപ വരെയാണ് വര്‍ധന. അതേസമയം തമിഴ്‌നാട്ടില്‍ 40 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചാക്കിന് 340 രൂപ മുതല്‍ 395 രൂപ വരെയാണ് വില. നേരത്തെ വലിയ തോതില്‍ വില കുറഞ്ഞിരുന്ന തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഹോള്‍സെയില്‍ വില 40 രൂപയോളം കൂടി 320 രൂപയില്‍ എത്തിയിട്ടുണ്ട്.

വര്‍ധന കുറവ് കേരളത്തില്‍

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സിമന്റ് വില വര്‍ധന കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. എല്ലാ ബ്രാന്റിലും 10 രൂപയാണ് വര്‍ധിച്ചത്.  നിലവിൽ  എ.സി.സി, അള്‍ട്രാടെക് ബ്രാന്റുകളുടെ ചില്ലറ വില്‍പ്പന വില ചാക്കിന് 350 രൂപയാണ്. നേരത്തെ ഇത് 330 രൂപ വരെയാണ് കുറഞ്ഞത്. ചെട്ടിനാട് സിമന്റിന് 320 ല്‍ നിന്ന് 330 ആയി വര്‍ധിച്ചു. അതേസമയം, തമിഴ്‌നാട്ടില്‍ വില വലിയ തോതില്‍ വര്‍ധിക്കുന്നത് കേരളത്തിലും വരും ദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികളും കെട്ടിടനിര്‍മാണ കമ്പനികളും ചൂണ്ടിക്കാട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com