Loan
Bank loansImage by Canva

വീട് വാങ്ങുന്നവരെയും ഭവന വായ്പ എടുത്തവരെയും റിസര്‍വ് ബാങ്ക് തീരുമാനം എങ്ങനെ ബാധിക്കും? റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ഗുണമോ?

ഭവന വായ്പ എടുത്തവര്‍ക്കും വീടുവാങ്ങാന്‍ ആലോചിക്കുന്നവര്‍ക്കും, റിസര്‍വ് ബാങ്ക് തീരുമാനം അനിശ്ചിതത്വം കുറയ്ക്കുന്ന, എന്നാല്‍ വലിയ ഇളവുകള്‍ നല്‍കാത്ത ഒരു ഇടവേളയാണ് സമ്മാനിക്കുന്നത്.
Published on

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ പണനയ അവലോകനത്തില്‍ റീപോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. വിപണി പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു തീരുമാനം. ഇതോടെ ഭവന വായ്പ എടുത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ഇഎംഐയില്‍ ഉടന്‍ മാറ്റമില്ല

റീപോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പകളിലാണ് തീരുമാനം നേരിട്ട് പ്രതിഫലിക്കുന്നത്. റീപോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാല്‍ നിലവില്‍ ഭവനവായ്പ അടച്ചു വരുന്നവരുടെ ഇഎംഐയില്‍ ഉടന്‍ വര്‍ധനവുണ്ടാകില്ല.

കുറേ വര്‍ഷങ്ങളായി പലിശ നിരക്കുകളില്‍ ഇടയ്ക്കിടയ്ക്ക് വന്ന മാറ്റങ്ങള്‍ കുടുംബ ബജറ്റിനെ ബാധിച്ചിരുന്ന സാഹചര്യത്തില്‍, ഈ നിലപാട് വായ്പയെടുത്തവര്‍ക്ക് ചെലവുകള്‍ പദ്ധതിപരമായി ക്രമീകരിക്കാന്‍ സഹായകമാകും.

പുതിയ ഭവന വായ്പ എടുക്കുന്നവര്‍ക്ക് ഗുണകരം

പുതിയ ഭവനവായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പലിശനിരക്കില്‍ സ്ഥിരതയുള്ള കാലഘട്ടമാണ് ഇപ്പോള്‍. ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും റീപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള വായപ്കളാണ് അധികവും നല്‍കുന്നത്. അതിനാല്‍ വായ്പ നിരക്കുകളില്‍ പെട്ടെന്ന് വര്‍ധനവുണ്ടാകുമെന്ന ആശങ്ക ഇല്ല. എങ്കിലും, പലിശ കുറവ് പ്രതീക്ഷിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ചെലവ് കുറയുന്ന അവസരമല്ല, മറിച്ച് നിലവിലെ നിരക്ക് തുടരുന്ന അവസ്ഥ മാത്രമാണ്.

റീപോ-ലിങ്ക്ഡ് ലോണുകള്‍ക്ക് കൂടുതല്‍ ഗുണം

റീപോ-ലിങ്ക്ഡ് അല്ലെങ്കില്‍ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനത്തിലുള്ള വായ്പ്പുകളിലാണ് RBI തീരുമാനങ്ങള്‍ വേഗത്തില്‍ പ്രതിഫലിക്കുന്നത്. MCLR അല്ലെങ്കില്‍ പഴയ ബേസ് റേറ്റ് സംവിധാനത്തിലുള്ള വായ്പയുള്ളവര്‍ ലോണ്‍ പുനഃക്രമീകരണം അല്ലെങ്കില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സാധ്യതകള്‍ പരിശോധിക്കണമെന്ന് ധനകാര്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ആശ്വാസം, പക്ഷേ വലിയ ഉണര്‍വില്ല

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് RBIയുടെ തീരുമാനം സ്ഥിരത നല്‍കുന്നതാണ്, എന്നാല്‍ വലിയ ആവേശം സൃഷ്ടിക്കുന്നില്ല. പലിശനിരക്കുകള്‍ ഉയര്‍ന്നില്ല എന്നത് വീടുവാങ്ങല്‍ തീരുമാനങ്ങളെ താല്‍ക്കാലികമായി തടയില്ലെങ്കിലും, വിലക്കയറ്റവും ഭൂമി വിലയും നിര്‍മാണ ചെലവും ഡിമാന്‍ഡിനെ ഇപ്പോഴും നിയന്ത്രിക്കുന്ന ഘടകങ്ങളായി തുടരുന്നു.

ഡെവലപ്പര്‍മാര്‍ക്ക് ഫണ്ടിംഗ് ചെലവ് സ്ഥിരതയുള്ളതായതിനാല്‍ പ്രോജക്ട് പ്ലാനിംഗില്‍ അനിശ്ചിതത്വം കുറയും. എന്നാല്‍ താങ്ങാവുന്ന പാര്‍പ്പിട വിഭാഗത്തില്‍ (Affordable Houseing Segment) ഡിമാന്‍ഡ് വര്‍ധിക്കണമെങ്കില്‍ പലിശ കുറവോ സര്‍ക്കാര്‍ പ്രോത്സാഹനങ്ങളോ ആവശ്യമാണെന്നാണ് വിലയിരുത്തല്‍.

മുന്നോട്ട് എന്ത്?

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ നിയന്ത്രണവും മുന്‍നിര്‍ത്തിയാണ് RBI നിലവില്‍ സൂക്ഷ്മ സമീപനം തുടരുന്നത്. അടുത്ത പണനയ അവലോകനങ്ങളില്‍ പലിശനിരക്ക് കുറയ്ക്കുമോയെന്നത് പണപ്പെരുപ്പ പ്രവണതയും ആഗോള സാഹചര്യങ്ങളും ആശ്രയിച്ചായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com