വീട് നിര്‍മാണച്ചെലവ് കൂടിയത് 34%, വീടുവില കുതിച്ചുയര്‍ന്നത് 59%; വ്യത്യാസത്തിന് പിന്നിലെ 'രഹസ്യം' ഇതാണ്

2021നും 2025നും ഇടയിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വീട് നിര്‍മാണച്ചെലവ് ഉയര്‍ന്നതിനേക്കാള്‍ ഇരട്ടിയോളം വേഗതയിലാണ് വീടുകളുടെ വിപണി വില ഉയര്‍ന്നത്
home under construction
canva
Published on

രാജ്യത്തെ വന്‍നഗരങ്ങളില്‍ വീടുവില വാനോളം ഉയരുമ്പോള്‍ അതിന്റെ പ്രധാന കാരണം നിര്‍മാണച്ചെലവുകളിലെ വര്‍ധനയാണെന്ന് കരുതുന്നെങ്കില്‍ തെറ്റി. 2021നും 2025നും ഇടയിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വീട് നിര്‍മാണച്ചെലവ് ഉയര്‍ന്നതിനേക്കാള്‍ ഇരട്ടിയോളം വേഗതയിലാണ് വീടുകളുടെ വിപണി വില ഉയര്‍ന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് സ്ഥാപനമായ അനറോക്ക് (Anarock Research) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പ്രമുഖ ഏഴ് നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ അസാധാരണ മാറ്റം വ്യക്തമാക്കുന്നത്.

ഇക്കാലയളവില്‍ ചതുരശ്ര അടിക്ക് ശരാശരി വീടുനിര്‍മാണച്ചെലവ് 2,681 രൂപയില്‍ നിന്ന് 34 ശതമാനം ഉയര്‍ന്ന് 3,604 രൂപയായി. എന്നാല്‍, ഇതേ കാലയളവില്‍ വീടുകളുടെ ശരാശരി വിപണി മൂല്യം (Capital Values) ചതുരശ്ര അടിക്ക് 5,826 രൂപയില്‍ നിന്ന് 59 ശതമാനം കുതിച്ചുയര്‍ന്ന് 9,260 രൂപയിലെത്തി.

കെട്ടിടത്തേക്കാള്‍ വേഗത്തില്‍ ഉയരുന്ന ഭൂമിവില

കണക്കുകള്‍ പരിശോധിച്ചാല്‍ നിര്‍മാണച്ചെലവുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ശരാശരി 6.9 ശതമാനം ഉയര്‍ന്നപ്പോള്‍, വീടുകളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനത്തോളമാണ് വര്‍ധിച്ചത്. വീടുവിലയിലുണ്ടായ ഈ വന്‍ കുതിച്ചുചാട്ടത്തിന്റെ 66 ശതമാനത്തോളം നിര്‍മാണ വസ്തുക്കളുടെയും കൂലിയുടെയും ചെലവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ബാക്കി വരുന്ന 34 ശതമാനം വര്‍ധനവിന് കാരണം കെട്ടിടത്തിന് പുറത്തുള്ള ഘടകങ്ങളാണ്.

പ്രധാനമായും ഭൂമിയുടെ ലഭ്യതക്കുറവും ഭൂമിവിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഇതിന് പിന്നില്‍. 2021നും 2026ന്റെ ആദ്യ പകുതിക്കുമിടയില്‍ വന്‍നഗരങ്ങളിലെ ഭൂമിവില 50 മുതല്‍ 120 ശതമാനം വരെയാണ് ഉയര്‍ന്നത്. ബെംഗളൂരുവില്‍ 60-120 ശതമാനവും ഡല്‍ഹി-എന്‍.സി.ആറില്‍ 70-130 ശതമാനവും ഭൂമിവില വര്‍ധിച്ചു.

വികസന പദ്ധതികളും ലൊക്കേഷന്‍ പ്രീമിയവും

മെട്രോ ലൈനുകള്‍, എക്സ്പ്രസ് വേകള്‍, പുതിയ വിമാനത്താവളങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം എത്തുന്നതോടെ പ്രദേശത്തെ ഭൂമിവില അതിവേഗം ഉയരുന്നു. ഡെവലപ്പര്‍മാര്‍ ഉയര്‍ന്ന തുക നല്‍കി ഭൂമി വാങ്ങാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ആ ചെലവ് അവസാന ഘട്ടത്തില്‍ വീടുവാങ്ങുന്ന ഉപഭോക്താവിലേക്ക് എത്തുപ്പെടുകയാണ് ചെയ്യുന്നത്.

കൂടാതെ, കെട്ടിടത്തിനുള്ളിലെ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ എം.ഇ.പി (MEP) സാങ്കേതിക സംവിധാനങ്ങളുടെ ചെലവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2023-2025 കാലയളവില്‍ എം.ഇ.പി ചെലവുകളില്‍ മാത്രം 17 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. നിലവില്‍ ആകെ നിര്‍മാണച്ചെലവിന്റെ 22 ശതമാനത്തോളം ഈ സാങ്കേതിക സംവിധാനങ്ങള്‍ക്കാണ് ചെലവാകുന്നത്.

നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള പ്രതിസന്ധികളും കാരണം അടുത്ത കാലത്തായി നിര്‍മാണച്ചെലവില്‍ 8 മുതല്‍ 10 ശതമാനം വരെ അധികമായിട്ടുണ്ട്. സ്റ്റീല്‍ വിലയില്‍ 20 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി (ടണ്ണിന് 72,000 രൂപ). ടൈലുകള്‍, ഗ്ലാസ് എന്നിവയ്ക്ക് 8-12 ശതമാനവും, ഇന്ധന-ഗതാഗത ചെലവുകളില്‍ 15-20 ശതമാനവും വര്‍ധനയുണ്ടായി. ആകെ പദ്ധതിച്ചെലവിന്റെ 25-30 ശതമാനം വരുന്ന തൊഴിലാളികളുടെ കൂലിയിലും 5-6 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല

വന്‍നഗരങ്ങളിലെ ഈ പ്രവണത കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരപ്രദേശങ്ങളിലും ദൃശ്യമാണ്. ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാം ഘട്ടം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളുടെ വരവോടെ കേരളത്തിലെ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ഭൂമിവില ഗണ്യമായി ഉയരുന്നുണ്ട്. ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും വില വര്‍ധനയ്ക്ക്‌ നിര്‍മാണ വസ്തുക്കളുടെ വിലയേക്കാള്‍ കേരളത്തിലും ഭൂമിയുടെ ഉയര്‍ന്ന വില തന്നെയാണ് വില്ലനാകുന്നത്.

A cautious homebuyer sentiment influenced by Middle East conflict and tech sector uncertainty drove down Q2 housing sales across India's top 7 cities by 6%.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com