ആർബിഐ നയം: റിയൽ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചു വരവ് ഇനിയും വൈകും

ആർബിഐ നയം: റിയൽ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചു വരവ് ഇനിയും വൈകും
Published on

റിസർവ് ബാങ്ക് തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് ഉയർത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് റിയൽ എസ്റ്റേറ്റ് മേഖല. അടിസ്ഥാന നിരക്ക് ഉയർന്നതോടെ ഭവന വായ്പാ നിരക്കുകൾ വർധിക്കുകയും, ഇത് വില്പനയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നതാണ് ആശങ്കയ്ക്ക് കാരണം.

ഇന്നലെ അവസാനിച്ച വായ്പാ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാക്കി വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയർന്നതിനെത്തുടർന്നായിരുന്നു തീരുമാനം.

വീട് വാങ്ങാൻ ആലോചിക്കുന്നവർ തൽക്കാലത്തേക്ക് ആ തീരുമാനം മാറ്റിവയ്ക്കാനാണ് സാധ്യതയെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പലിശ നിരക്ക് ഉയർത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ നിരീക്ഷിച്ചു. വായ്പാ ചെലവ് കൂടും എന്നത് മാത്രമല്ല, വ്യവസായത്തിന് ആവശ്യമായ മറ്റ് ഉൽപ്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയെ ഇത് പരോക്ഷമായി ബാധിക്കാൻ ഇടയുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു.

പതിയെ മാന്ദ്യത്തിൽ നിന്ന് കരകേറിക്കൊണ്ടിരുന്ന ഹൗസിംഗ്, കൺസ്യൂമർ ഗുഡ്സ് വിപണിയ്ക്ക് പലിശ നിരക്കിലെ തുടർച്ചയായ വർദ്ധനവ് തിരിച്ചടിയാകുമെന്നാണ് മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ആർബിഐ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരുമുണ്ട്.

സ്വന്തമായി വീടോ ഫ്ലാറ്റോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു തിരിച്ചടിയാണ് ആർബിഐയുടെ നീക്കം. കുറഞ്ഞ ടിക്കറ്റ് സൈസ് വായ്പ എടുക്കാൻ ആലോചിക്കുന്നവരെയാണ് തീരുമാനം കൂടുതൽ ബാധിക്കുക.

പലിശ നിരക്കുകൾ ഉയരുന്നത് ഉപഭോക്താവിന്റെ ചെലവാക്കാനുള്ള ശേഷി (spending power) കുറക്കുകയും വീട്, സ്ഥലം തുടങ്ങിയ വലിയ നിക്ഷേപങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com