ഫ്‌ളാറ്റ് , കടമുറി വാടകകള്‍ കുത്തനെ ഇടിയുന്നു
സംസ്ഥാനത്തെമ്പാടും ഫ്‌ളാറ്റ്, കടമുറി വാടകകള്‍ കുത്തനെ കുറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലനില്‍പ്പിനായി ബുദ്ധിമുട്ടിയിരുന്ന കച്ചവട സ്ഥാപനങ്ങളും ബിസിനസുകളും കോറോണ ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതാണ് വാടകകള്‍ കുത്തനെ ഇടിയുന്നതിന് ഒരു പ്രധാന കാരണം. ആവശ്യത്തിലേറെ ഫഌറ്റുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ലഭ്യതയും വാടക വരുമാനം ഇടിയാന്‍ കാരണമാകുന്നുണ്ട്. ''ഒരു പ്രദേശത്ത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് എത്രമാത്രം ആവശ്യക്കാരുണ്ട് എന്നതൊക്കെ ശാസ്ത്രീയമായി വിശകലനം ചെയ്തല്ല ആരും വാണിജ്യാവശ്യത്തിനുള്ള ബില്‍ഡിംഗുകള്‍ കെട്ടിയത്.
പെരിന്തല്‍മണ്ണയില്‍ പോലും 2500 ഓളം മുറികള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നാണ് സൂചന. ഇതു തന്നെയാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തെയും സ്ഥിതി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കച്ചവടക്കാര്‍ പ്രതിസന്ധിയിലായിരുന്നു. പുതിയ വാടകക്കാരുടെ വരവും കുറവായിരുന്നു. കോറോണ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. വാടകക്കാരില്ലാതെ കെട്ടിടമുടമയ്ക്ക് നിലനില്‍ക്കാനാവില്ല. ഏതുവിധേനയും നിലവിലുള്ള വാടകക്കാരെ പിടിച്ചുനിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്,'' ഓള്‍ കേരള ബില്‍ഡിംഗ്
ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി മുഹമ്മദ് ഷെരീഫ്
(പഴേരി ഷെരീഫ് ഹാജി) അഭിപ്രായപ്പെടുന്നു.
കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് രംഗത്ത് പ്രതിസന്ധി രൂക്ഷം
2018ലെ പ്രളയമാണ് കേരളത്തിലെ കച്ചവട സ്ഥാപനങ്ങള്‍ ആദ്യത്തെ കനത്ത
ആഘാതമേകിയത്. അതിനു മുമ്പേ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളും ഗള്‍ഫ്
രാജ്യങ്ങളിലെ തദ്ദേശവല്‍ക്കരണവുമൊക്കെ കേരളത്തില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ രീതിയില്‍ മാറ്റം വരുത്തിയിരുന്നു. നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി നടപ്പാക്കുന്നതിലെ സങ്കീര്‍ണതകള്‍, തുടര്‍ച്ചയായി രണ്ടു വര്‍ഷത്തെ പ്രളയം, ഉരുള്‍ പൊട്ടല്‍, നിപ്പ വൈറസ് ബാധ എന്നിവയെല്ലാം സംസ്ഥാനത്തെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
ജനങ്ങളുടെ ക്രയശേഷി ചുരുങ്ങിയതോടെ വന്‍കിട റീറ്റെയ്ല്‍ സ്റ്റോറുകള്‍ വരെ
വാടക കുറയ്ക്കാന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് വാടക പുതുക്കിയവര്‍ പലരും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ തുക കുറച്ചാണ് പുതിയ വാടക കരാര്‍ എഴുതിയത്. ''പലരും മൂന്നുവര്‍ഷത്തോളമായി വാടക വര്‍ധിപ്പിച്ചിട്ടില്ല. കച്ചവടക്കാര്‍ മെച്ചപ്പെട്ടാലെ ബില്‍ഡിംഗ് ഉടമയ്ക്കും നേട്ടമുള്ളൂ. പക്ഷേ ഇപ്പോഴത്തെ പ്രതിസന്ധി കാര്യങ്ങള്‍ എവിടെ എത്തിക്കുമെന്നറിയില്ല,'' പഴേരി ഷെരീഫ് ഹാജി പറയുന്നു. കച്ചവടക്കാര്‍ക്ക് ജീവനക്കാര്‍ക്ക് പോലും വേതനം നല്‍കാന്‍ പറ്റാത്ത
അവസ്ഥയാണ്. ''ഈ സാഹചര്യത്തില്‍ വാടക തരാന്‍ പോലും അവര്‍ക്ക് സാധിക്കില്ല.
അതുകൊണ്ടാണ് ഞാന്‍ എന്റെ കെട്ടിടങ്ങളുടെ വാടക ഒഴിവാക്കിയത്,'' കോഴിക്കോട്
കച്ചവടക്കാര്‍ക്ക് വാടക ഒഴിവാക്കി കൊടുത്ത കെട്ടിട ഉടമ ഷെവലിയര്‍ സി ഇ
ചാക്കുണ്ണി പറയുന്നു.
സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുന്നവര്‍ പൊതുവേ. തങ്ങളുടെ നിക്ഷേപത്തിന് ആറ് ശതമാനത്തോളമാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് രണ്ടു കോടി രൂപ നിക്ഷേപത്തില്‍ കെട്ടിടം കെട്ടിയാല്‍ അതില്‍ നിന്ന് വാടകയിനത്തില്‍ പ്രതിമാസം ഒരുലക്ഷം രൂപ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നിക്ഷേപത്തിന്മേല്‍ രണ്ടുശതമാനം പോലും റിട്ടേണ്‍ കിട്ടുന്നില്ലെന്ന് മലബാറില്‍ നിന്നുള്ള ഒരു കെട്ടിട ഉടമ പറയുന്നു.
പ്രവാസജീവിതം മതിയാക്കി വന്നവരും കഷ്ടപ്പാടില്‍
ഗള്‍ഫിലെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേറ്റപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നിര്‍മാണം കുത്തനെ കൂടിയിരുന്നു. പ്രവാസ ജീവിതം നയിച്ചവര്‍ ഇവിടെ തിരികെ വന്ന് വാടക വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയതുകൊണ്ടാണത്. ഇവരില്‍ പലരുടെയും ഇപ്പോഴത്തെ
വരുമാനമാര്‍ഗം തന്നെ ഈ വാടകയാണ്. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് വാടകക്കാര്‍ ഒഴിഞ്ഞുപോകുന്നത് തടയാന്‍ ഇവര്‍ വാടക പരമാവധി കുറയ്ക്കാന്‍ തയ്യാറായിരിക്കുകയാണ്. നിലവിലുള്ളവര്‍ ഒഴിഞ്ഞുപോയാല്‍ പുതിയവരെ ലഭിക്കില്ലെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല, ഒട്ടേറെ സ്‌പേസുകള്‍ ഇപ്പോള്‍ തന്നെ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്.
ഓഡിറ്റോറിയങ്ങളുടെ കാര്യവും അവതാളത്തില്‍
കോറോണ വന്നതോടെ ഓഡിറ്റോറിയങ്ങള്‍ വാടകയ്ക്ക് നല്‍കിയവരും
അവതാളത്തിലായിരിക്കുകയാണ്. പലരും വന്‍തുക ബാങ്ക് വായ്പ എടുത്താണ്
ഓഡിറ്റോറിയങ്ങള്‍ കെട്ടിയിരിക്കുന്നത്. വിവാഹങ്ങളും പൊതുപരിപാടികളും
പൂര്‍ണമായും ഒഴിവാക്കിയതോടെ ഇവരുടെ വരുമാനം നിലച്ചു. ''ഓഡിറ്റോറിയങ്ങളും
നമ്മുടെ നാട്ടില്‍ ആവശ്യത്തിലേറെ വന്നുകഴിഞ്ഞിരുന്നു. വിവാഹസീസണില്‍ വരുമാനം വരുമെന്നല്ലാതെ വര്‍ഷത്തില്‍ എല്ലാമാസവും നല്ല റിട്ടേണ്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അതുമില്ല. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി പലതും ജപ്തി ഭീഷണിയിലാണ്,'' പഴേരി ഷെരീഫ് ഹാജി പറയുന്നു. കിട്ടിയ വിലയ്ക്ക് വിറ്റൊഴിയാനും പലരും തയ്യാറാണെങ്കിലും വാങ്ങാന്‍ ആളില്ല. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ
നിര്‍മിക്കാന്‍ ബാങ്കുകള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവും വരും മാസങ്ങളില്‍ വന്‍തോതില്‍ കുറയും.
അപ്പാര്‍ട്ട്‌മെന്റുടമകള്‍ കുറഞ്ഞ വാടകയിലേക്ക്
കൊറോണ ബാധ ഒഴിഞ്ഞാലും കാര്യങ്ങള്‍ എല്ലാം പഴയപടിയാകില്ലെന്ന വിശ്വാസം
ജനങ്ങളിലുണ്ടായിട്ടുണ്ട്. സ്‌കൂള്‍ അടയ്ക്കുമ്പോള്‍ പലരും കുടുംബത്തെ നാട്ടിലേക്ക് അയക്കുമ്പോള്‍ നഗരത്തിലെ വാടക ഫഌറ്റുകള്‍ നിലനിര്‍ത്തുക പതിവാണ്. എന്നാല്‍ ഇത്തവണ അതുണ്ടാകാനിടയില്ല. പല കുടുംബങ്ങളും കുറഞ്ഞ വാടകയിലെ ഫഌറ്റുകളിലേക്ക് മാറിക്കഴിഞ്ഞു. ജോലിയുണ്ടാകുമോ, നിലവിലുള്ള വേതനം ഇനിയും ലഭിക്കുമോ എന്ന ആശങ്കകള്‍ മൂലം വാടക ഫഌറ്റുകള്‍ ഒഴിഞ്ഞ് പോകുന്ന പ്രവണത ശക്തമായിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ്അ സോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. മാസം 30,000 രൂപ വാടക നല്‍കിയിരുന്നവര്‍, കുറഞ്ഞ സൗകര്യത്തില്‍ പകുതിയിലും താഴെ വാടകയുള്ള ഫഌറ്റുകളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
പുതിയ വാടകക്കാരെ കിട്ടാനുള്ള പ്രയാസം മുന്നില്‍ കണ്ട് ചില ഫഌറ്റുടമകള്‍
വാടക കുറയ്ക്കാനും തയ്യാറാകുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രതിസന്ധികള്‍ മൂലം പുതിയ അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ ഏതാനും മാസങ്ങളായി പ്രഖ്യാപിക്കുന്നുണ്ടായിരുന്നില്ല. ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ പുതിയ ഒന്നോ രണ്ടോ പ്രോജക്റ്റുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതിയ പദ്ധതികള്‍ വരാത്തതുകൊണ്ട് പണി പൂര്‍ത്തിയായ ഫഌറ്റുകളുടെ വിലയില്‍ വലിയ കുറവും വന്നിരുന്നില്ല. അതിനിടെയാണ് സര്‍വ രംഗങ്ങളെയും പിടിച്ചുലച്ച് കോറോണ വന്നത്. ജോലിയെ സംബന്ധിച്ച് എല്ലാവരെയും പിടികൂടിയിരിക്കുന്ന ആശങ്ക ഫഌറ്റ് വില്‍പ്പനയെയും വാടകയ്ക്ക് കൊടുക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline