
ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയില്‍ പുതിയൊരു പങ്കാളി കൂടി വരുന്നു. ആത്മസുഹൃത്തായ മുകേഷ് അംബാനി തന്നെ. യു.എസ് പ്രസിഡന്റിന്റെ ബിസിനസ് കണക്കുകളിലാണ് അംബാനിയില്‍ നിന്ന് വാങ്ങിയ 86.47 കോടി രൂപയുള്ളത്. ഇന്ത്യയില്‍ പുതിയൊരു ബിസിനസിന് ട്രംപ് ബ്രാന്‍ഡ് ഉപയോഗിക്കുന്നതിനുള്ള ഫീസാണ് ഇത്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നുള്ള ഡലവപ്പ്‌മെന്റ് ഫീസാണ് ഈ തുകയെന്ന് യുഎസ് സര്‍ക്കാരിന്റെ എത്തിക്‌സ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച കണക്കുകളില്‍ ട്രംപ് വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആഗോള സാന്നിധ്യമുള്ള ട്രംപ് ബ്രാന്‍ഡിനെ മുംബൈയില്‍ എത്തിക്കാനാണ് മുകേഷ് അംബാനി ശ്രമിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള റിയാല്‍ട്ടി ഡവലപ്മെന്റ് ലിമിറ്റഡ് മുംബൈയില്‍ ട്രംപ് ബ്രാന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് റിലയന്‍സ് പ്രതികരിച്ചിട്ടില്ല. റിലയന്‍സിന് നിലവില്‍ റിയാല്‍ട്ടി മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യവുമില്ല.
മുകേഷ് അംബാനിയും കുടുംബവും ട്രംപുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. അടുത്തിടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ട്രംപിന് ഖത്തര്‍ അമീര്‍ ഒരുക്കിയ വിരുന്നില്‍ മുകേഷ് അംബാനിയും പങ്കെടുത്തിരുന്നു. അധികാരമേറ്റ ശേഷം വാഷിംഗ്ടണില്‍ ട്രംപ് നടത്തിയ വിരുന്നില്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ക്ഷണമുണ്ടായിരുന്നു. അംബാനിയുടെ മകന്‍ അനന്തിന്റെ വിവാഹത്തില്‍ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും കുടുംബവും പങ്കെടുത്തിരുന്നു.
നിലവില്‍ ഇന്ത്യയില്‍ ട്രംപ് ഓര്‍ഗനൈസേഷന് ഏതാനും കമ്പനികളുമായി പങ്കാളിത്തമുണ്ട്. ട്രബേക്ക ഡവലപ്പേഴ്‌സ് എന്ന കമ്പനി വര്‍ഷങ്ങളായി ട്രംപ് ഓര്‍ഗനൈസേഷന്റെ ബ്രാന്‍ഡ് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. കൊല്‍ക്കത്തയിലും ഗുരുഗ്രാമിലും ഇവരുടെ സംയുക്ത പ്രൊജക്ടുകള്‍ ഉണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine