

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മഹാരാഷ്ട്രയിലെ ലോണാവാലയിൽ 70 കോടി രൂപയോളം വിലമതിക്കുന്ന 3.86 ഏക്കർ ഭൂമി സ്വന്തമാക്കി തൻ്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വിപുലീകരിച്ചു. ലോണാവാലയിലെ മാവൾ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തു സെപ്റ്റംബർ 4ന് രജിസ്റ്റർ ചെയ്ത മൂന്ന് പ്രത്യേക ആധാരങ്ങളിലൂടെയാണ് (conveyance deeds) സച്ചിൻ വാങ്ങിയത്.
3.09 ഏക്കർ വിസ്തൃതിയുള്ള പ്രധാന ഭൂമി 63.69 കോടി രൂപയ്ക്കാണ് വാങ്ങിയത്; ഇതിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും സച്ചിനാണ്.
രണ്ടാമത്തെ വസ്തു 4.56 കോടി രൂപയ്ക്കും മൂന്നാമത്തേത് 1.75 കോടി രൂപയ്ക്കുമാണ് വാങ്ങിയത്; ഇവയിൽ 50% ഓഹരി പങ്കാളിത്തമാണുള്ളത്.
മൂന്നാമത്തെ വസ്തുവിൽ ഏകദേശം 2,100 ചതുരശ്ര അടിയുടെ കെട്ടിടവും ഉൾപ്പെടുന്നു.
നന്ദൻ ധനഞ്ജയ് മേത്ത, വിവസ്വത് ധനഞ്ജയ് മേത്ത എന്നിവരിൽ നിന്നാണ് ഈ സ്ഥലം വാങ്ങിയത്. ഈ ഇടപാടിനായി ഏകദേശം 4.20 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 90,000 രൂപ രജിസ്‌ട്രേഷൻ ഫീസായും നൽകിയിട്ടുണ്ട്.
മുംബൈ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലുള്ള 'ദൊറാബ് വില്ല' (Dorab Villa) എന്ന അഞ്ചുനില മാളികയാണ് സച്ചിന്റെ പ്രധാന വസതി. 2007-ൽ ഏകദേശം 39 കോടി രൂപയ്ക്കാണ് 6,000 ചതുരശ്ര അടി പ്ലോട്ടിലുള്ള ഈ വസതി വാങ്ങിയത്. ഏകദേശം 170 മില്യൺ ഡോളർ അറ്റമൂല്യമുള്ള സച്ചിൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ്.
എന്തുകൊണ്ട് ലോണാവാല?: മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ലോണാവാല, മികച്ച കാലാവസ്ഥയും യാത്രാസൗകര്യവും സ്വകാര്യതയും കാരണം കായിക-സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട സെക്കൻഡ് ഹോം താവളമാണ്. തുടർച്ചയായി ഭൂമിക്ക് മൂല്യം വർദ്ധിക്കുന്ന ഇവിടെ വാരാന്ത്യ വിശ്രമ കേന്ദ്രം നിർമ്മിക്കാനോ ദീർഘകാല നിക്ഷേപത്തിനായോ ആകാം സച്ചിൻ ഈ ഭൂമി വാങ്ങിയതെന്ന് കരുതുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine