

സൗദി അറേബ്യന്‍ നഗരങ്ങളില്‍ വാണിജ്യ കെട്ടിടങ്ങളുടെ വാടകയില്‍ വര്‍ധന. കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ പ്രകാരം കമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ വിലയിൽ അഞ്ചു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വാണിജ്യ കെട്ടിടങ്ങളുടെ റിയല്‍ എസ്റ്റേറ്റ് മൂല്യം, വാടക എന്നിവയിലാണ് വര്‍ധന. വാണിജ്യ ഭൂമിയുടെ വിലയില്‍ 5.2 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കെട്ടിടങ്ങളുടെ വിലയില്‍ 5.1 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ വിലകള്‍ 4.6 ശതമാനം ഉയര്‍ന്നു. സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ പ്രകാരം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല 3.6 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്.
കാര്‍ഷിക മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് മൂല്യം ഇടിയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാര്‍ഷിക ഭൂമിയുടെ വിലയില്‍ 9.8 ശതമാനത്തിന്റെ ഇടിവുണ്ടായി. നിക്ഷേപങ്ങള്‍ നഗര കേന്ദ്രീകൃതമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടൂറിസം മേഖലകളിലാണ് സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഡിമാന്റ് വര്‍ധിക്കുന്നത്. അപ്പാര്‍ട്‌മെന്റുകളുടെ വിലയില്‍ 2.9 ശതമാനവും വില്ലകളുടെ വിലയില്‍ 6.5 ശതമാനവും ഉയര്‍ച്ചയുണ്ടായി. രാജ്യത്തെ മൊത്തം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 47 ശതമാനം റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്.
തലസ്ഥാന നഗരമായ റിയാദിലാണ് റിയല്‍ എസ്റ്റേറ്റ് വില വലിയ തോതില്‍ ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍ 10.2 ശതമാനമാണ് വര്‍ധന. നജ്‌റാന്‍, തബൂക്ക് എന്നിവിടങ്ങളിലും വില ഗണ്യമായി വര്‍ധിച്ചു. അതേസമയം, മക്ക നഗരത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അല്‍ഹസയില്‍ 16.7 ശതമാനവും അസീര്‍ മേഖലയില്‍ 7.3 ശതമാനവും വിലയിടിഞ്ഞതായും റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine