ശോഭ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക്, ലക്ഷ്യം സ്വര്‍ണവും ഫര്‍ണിച്ചറും; പി.എന്‍.സി മേനോന്‍ പുതിയ ഇന്നിംഗ്‌സിന്

മുംബൈയില്‍ പുതിയ ഓഫീസ്, ടെക്‌നോ പാര്‍ക്കില്‍ ഫാക്ടറി
PNC Menon with Ravi Menon
forbesindia.com
Published on

ബിസിനസിലെ ആദ്യ ഇന്നിംഗിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പ്രമുഖ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ രണ്ടാം ഇന്നിംഗിനൊരുങ്ങുന്നു. ഇത്തവണ സ്വര്‍ണത്തിന്റെയും ഫര്‍ണിച്ചറിന്റെയും ബിസിനസിലേക്കാണ് കടന്നു വരുന്നത്. ശോഭ ജ്വല്ലേഴ്‌സ്, ശോഭ ഫര്‍ണിച്ചേഴ്‌സ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ക്ക് വൈകാതെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം ദുബൈയില്‍ വെളിപ്പെടുത്തി. ശോഭ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി മാസങ്ങള്‍ക്കുള്ളില്‍ ചുമതലയേല്‍ക്കാനിരിക്കുന്ന മകന്‍ രവി മേനോന്‍, കമ്പനിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ റിയല്‍ട്ടി ബിസിനസിനെ വിപുലീകരിക്കാന്‍ മുന്നോട്ടു വരും. 76-ാം വയസിലാണ് പി.എന്‍.സി മേനോന്‍ പുതിയ ബിസിനസ് മേഖലയിലേക്ക് കടക്കുന്നത്.

ലക്ഷ്യം 1000 കോടി ഡോളര്‍ മൂല്യം

ജ്വല്ലറി, ഫര്‍ണിച്ചര്‍ മേഖലയില്‍ കൂടി സജീവമാകുന്നതോടെ ശോഭ ഗ്രൂപ്പിനെ അടുത്ത അഞ്ചു വര്‍ഷത്തിനിടയിൽ 1000 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.എന്‍.സി മേനോന്‍ ദുബൈയില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ പുതിയ ബിസിനസിന് സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബിസിനസ് ഏതെല്ലാം രാജ്യങ്ങളിലായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. റിയല്‍ എസ്റ്റേറ്റ് കമ്പനിക്കൊപ്പം നിലവില്‍ ശോഭ ഗ്രൂപ്പിന് ലൈറ്റിംഗ് ബിസിനസ്, ഡിസൈന്‍ സ്റ്റുഡിയോ, കോണ്‍ട്രാക്ടിംഗ് തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുണ്ട്. 500 ആര്‍ക്കിടെക്ടുകളും എഞ്ചിനിയര്‍മാരും ഈ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്.

പുതിയ മേഖലകള്‍,പുതിയ ലക്ഷ്യങ്ങള്‍

റിയല്‍ എസ്റ്റേറ്റിനൊപ്പം പുതിയ മേഖലകളിലും കമ്പനിക്ക് പുതിയ ലക്ഷ്യങ്ങളാണുള്ളതെന്ന് ശോഭ ഗ്രൂപ്പിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കാനിരിക്കുന്ന രവി മേനോന്‍ പറഞ്ഞു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മുംബൈയില്‍ പുതിയൊരു ബ്രാഞ്ച് ഉടനെ തുറക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 300 കോടി ഡോളറിന്റെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ദുബൈയില്‍ 50,000 ചതുരശ്ര മീറ്റര്‍ വലുപ്പുമുള്ള ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ടെക്‌നോപാര്‍ക്കില്‍ 12,000 ചതുരശ്ര മീറ്ററിലുള്ള ഫാക്ടറിയും ചര്‍ച്ചയിലാണ്. അബുദാബിയിയില്‍ 9,000 ചതുരശ്ര മീറ്ററില്‍ പ്ലാന്റ് വരും. രവി മേനോന്‍ വ്യക്തമാക്കി. നിലവില്‍ കമ്പനിക്ക് യു.എ.ഇ, മസ്‌കറ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്.

തലമുറ മാറ്റം നവംബറില്‍

കമ്പനിയില്‍ അധികാര കൈമാറ്റം നവംബര്‍ 18 ന് നടക്കുമെന്ന് പി.എന്‍.സി മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ 76-ാം ജന്മദിനമായ അന്ന് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കും. നിലവില്‍ വൈസ് ചെയര്‍മാനായ മകന്‍ രവി മേനോന്‍ പുതിയ സാരഥിയാകും. നിലവില്‍ കമ്പനിക്ക് യു.എ.ഇയില്‍ 25,000 ജീവനക്കാരുണ്ട്. അടുത്ത വര്‍ഷത്തോടെ 10,000 പേരെ കൂടി നിയമിക്കാന്‍ പദ്ധതിയുണ്ട്.

സാമൂഹ്യ സേവന രംഗത്ത് പുതിയ പദ്ധതികളും ശോഭ ഗ്രൂപ്പ് നടപ്പാക്കി വരുന്നു. അഹമ്മദാബാദില്‍ സബര്‍മതി നദീതട വികസനത്തിനായി ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 1,000 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ വനിതാ യൂണിവേഴ്സിറ്റി നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇത് സര്‍ക്കാരിന് കൈമാറും. സൗജന്യ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസമാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com