
ദുബൈയില്‍ ആഢംബര വീടുകള്‍ വാങ്ങുന്നവരുടെ മുന്‍ നിരയില്‍ ഇന്ത്യന്‍ മുതലാളിമാരും. സൗദി അറേബ്യയില്‍ നിന്നുള്ള ധനാഢ്യര്‍ക്കൊപ്പം ഇന്ത്യന്‍ ധനികരുടെ പേരുകളും ലക്ഷ്വറി പ്രോപ്പര്‍ട്ടികളുടെ ഇടപാടുകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ പേരാണ് ആദ്യ നിരയിലുള്ളത്. 830 കോടി രൂപയുടെ വീടാണ് അദ്ദേഹം ദുബൈയില്‍ അടുത്തിടെ വാങ്ങിയത്.
ദുബൈയില്‍ അള്‍ട്ര ലക്ഷ്വറി വിഭാഗത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ധനാഢ്യരില്‍ ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനമാണ്. നിക്ഷേപകരില്‍ 80 ശതമാനം വരുന്ന സൗദികളാണ് മുന്നില്‍. രണ്ടാം സ്ഥാനം ബ്രിട്ടീഷ് ധനാഢ്യര്‍ക്ക് (74 %), മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരും (69%) നാലാം സ്ഥാനത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
2024 ല്‍ ദുബൈയിലെ അത്യാഡംബ വീടുകള്‍ വാങ്ങിയവരില്‍ പകുതിയിലേറെ ആദ്യത്തെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 435 അള്‍ട്ര ലക്ഷ്വറി പ്രോപ്പര്‍ട്ടികളാണ് വില്‍പ്പന നടന്നത്. ലണ്ടനിലും ന്യൂയോര്‍ക്കിലും ഒരു വര്‍ഷം നടക്കുന്ന വില്‍പ്പന ചേര്‍ന്നാല്‍ ഇതിന് താഴെയാണ് വരുന്നത്.
ലോകത്തിലെ തന്നെ ആകര്‍ഷകമായ വ്യവസായ നഗരമാണ് ദുബൈ. സുസ്ഥിരമായ ഇടം. നിയമപരിരക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മെച്ചപ്പെട്ട കണക്ടിവിറ്റി, സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം സമ്പന്നരെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. ആദായ നികുതി പ്രശ്‌നമില്ല. പ്രോപ്പര്‍ട്ടിക്ക് മൂലധന നേട്ട നികുതിയില്ല. പാരമ്പര്യ സ്വത്ത് നികുതിയില്ല. ഫലത്തില്‍ സ്വത്ത് ആര്‍ജിച്ച് സംരക്ഷിക്കാനും മൂലധന നേട്ടമുണ്ടാക്കാനും ആകര്‍ഷകം. ദുബൈ ഹില്‍സ് എസ്‌റ്റേറ്റിലും മറ്റും 50 ശതമാനം വരെയാണ് ചുരുങ്ങിയ വര്‍ഷങ്ങളില്‍ വില വര്‍ധിച്ചത്. വാടകക്കും നല്‍കാം. സ്റ്റാറ്റസ് സിംബലുമാണ്.
ദുബൈയില്‍ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ തേടുന്നവരുടെ ഇഷ്ട ലൊക്കേഷനുകള്‍ ദുബൈ മറീന, ദുബൈ ഹില്‍ എസ്റ്റേറ്റ്‌സ്, എമിറേറ്റ്‌സ് ഹില്‍സ് എന്നിവയാണ്. ബ്രിട്ടീഷ്-ഇന്ത്യന്‍ ധനാഢ്യനായ ലക്ഷ്മി മിത്തല്‍ ദുബൈ ബെവേര്‍ലി ഹില്‍സിലാണ് 830 കോടി രൂപ വില വരുന്ന കൊട്ടാര തുല്യമായ വീട് സ്വന്തമാക്കിയത്. മുകേഷ് അംബാനി ഉള്‍പ്പടെ ഇന്ത്യന്‍ ബിസിനസ് രംഗത്തും സിനിമാ രംഗത്തുമുള്ളവര്‍ ലക്ഷ്വറി വീടുകള്‍ വാങ്ങിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine