കഷ്ടത അനുഭവിച്ചത് മധ്യവര്‍ഗം, ആശ്വാസ നടപടികള്‍ ലഭിക്കുമോ?, മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ സുപ്രീംകോടതിയില്‍ വാദങ്ങള്‍ തുടരുന്നു

കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോയെന്ന് കേരള സർക്കാര്‍ പരിഗണിക്കണം
Maradu flat demolitions
Published on

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തീരദേശപരിപാലന നിയമം ലംഘിച്ചതിന് എറണാകുളം മരടിലെ നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു മാറ്റിയത്. ഹോളി ഫെയ്ത് എച്ച്ടുഒ, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, നെആൽഫ സെറിൻ എന്നീ ബഹുനില ഫ്ലാറ്റുകള്‍ 2020 ജനുവരി 11, 12 തീയതികളിലായി പൊളിക്കുകയായിരുന്നു.

മരടിലെ പൊളിച്ച ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ് ആത്യന്തികമായി ഈ നടപടി മൂലം കഷ്ടത അനുഭവിച്ചത് മധ്യവർഗമാണെന്ന് നിരീക്ഷിച്ചത്.

സി.ആര്‍.ഇസഡ്-II ലായിരുന്നുവെന്ന് വാദം

ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കനത്ത പിഴ ചുമത്തി കേസ് തീര്‍പ്പാക്കേണ്ടതായിരുന്നുവെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഈ ഫ്ലാറ്റുകളിലുണ്ടായിരുന്ന മധ്യവര്‍ത്തി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോയെന്ന് കേരള സർക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു.

പൊളിച്ചുമാറ്റിയ ഫ്ലാറ്റ് സമുച്ചയം സി.ആര്‍.ഇസഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും റസിഡന്റ്സ് അസോസിയേഷനുകൾക്കായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. കോണ്‍ക്രീറ്റ് നിർമ്മാണങ്ങള്‍ ഒന്നും അനുവദനീയമല്ലാത്ത പ്രദേശമായ സി.ആര്‍.ഇസഡ്-III പരിധിക്കുള്ളിലാണ് ഈ ഫ്ലാറ്റ് സമുച്ചയങ്ങള്‍ വരുന്നതെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

2011 ലെ സി.ആര്‍.ഇസഡ് വിജ്ഞാപനം അനുസരിച്ച് തയാറാക്കിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനില്‍ (CZMP) എറണാകുളത്തെ മരട് പ്രദേശം സി.ആര്‍.ഇസഡ്-II പ്രകാരം തരംതിരിച്ച പ്രദേശത്തായിരുന്നുവെന്നും ഇവിടെ നിർമ്മാണം അനുവദനീയമായിരുന്നുവെന്നും ഫ്ലാറ്റ് ഉടമകളുടെ സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ലക്ഷ്മീഷ് കാമത്ത് പറഞ്ഞു.

കേസ് വീണ്ടും പരിഗണിക്കും

പാരിസ്ഥിതികമായി ദുർബലമെന്ന് കരുതുന്ന കായൽ മേഖലയിൽ നിന്ന് 12 മുതൽ 13 കിലോമീറ്റർ വരെ അകലെയായിരുന്നു ഫ്ലാറ്റ് സമുച്ചയങ്ങളെന്നും ഇവിടങ്ങളിലെ താമസക്കാരായിരുന്നവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. സി.ആര്‍.ഇസഡ് മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള മനുഷ്യനിർമിത കനാലിന്റെ അരികിലായിരുന്നു ഈ കെട്ടിടങ്ങള്‍.

2019 മെയ് 8 ന് ഫ്ലാറ്റുകള്‍ പൊളിക്കാനുളള ഉത്തരവ് കോടതി പുറപ്പെടുവിച്ചപ്പോള്‍, താമസക്കാരായിരുന്ന ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേട്ടില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. നവംബർ ആറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com