റിയല്‍ എസ്‌റ്റേറ്റ് മാന്ദ്യം മാറ്റാന്‍ ഇതാ ഒരു വഴി

നാട്ടില്‍ ഒരാള്‍ 50 ലക്ഷം രൂപയുടെ വീടുവെച്ചാല്‍ എന്താണ് മെച്ചം? അതിനെ സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? വീട് നിര്‍മാണവും നാട്ടില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളും കണക്കിലെടുക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാകും.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും വിപണിയില്‍ ചലനമുണ്ടാക്കാനും നല്ല ഒരു വഴി സ്വകാര്യ വ്യക്തികളെ വീടുകള്‍ പണിയാന്‍ പ്രോത്സാഹിപ്പിക്കലാണ്.

വീട് പണികൊണ്ട് എന്ത് മെച്ചം?

സ്വകാര്യ വ്യക്തി വീട് പണിതാല്‍ നാടിനുണ്ടാകുന്ന മെച്ചമെന്തെന്ന് നോക്കാം. കേരളത്തിലെ ഇടത്തരക്കാരും അതിനു മുകളിലുമുള്ളവരെ പരിഗണിക്കാം. ഇത്തരക്കാര്‍ ശരാശരി 50 ലക്ഷം രൂപയെങ്കിലും വീട് നിര്‍മാണത്തിനായി ചെലവിടും. പലരും കൈയില്‍ നിന്ന് ചെലവിടുന്നത് പത്തു ലക്ഷമാകും. വീടിന്റെ 80 ശതമാനം തുകയും ഭവനവായ്പ വഴിയാകും കണ്ടെത്തുക. ഇതോടൊപ്പമുള്ള പട്ടികയിലെ കണക്ക് നോക്കൂ.

പട്ടികയിലെ കണക്ക് പ്രകാരം ഒരാള്‍ 50 ലക്ഷം രൂപയുടെ വീട് നിര്‍മിക്കുമ്പോള്‍ 3000 മനുഷ്യദിനങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് പ്രത്യക്ഷമായുള്ള തൊഴിലുകളാണ്. 27.5 ലക്ഷം രൂപയ്ക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഇഷ്ടിക, കമ്പി, മരഉരുപ്പടികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്. ഇതിന്റെയെല്ലാം പിന്നിലും തൊഴിലാളികളുണ്ട്. അത്തരത്തിലുള്ള പരോക്ഷ തൊഴിലവസരങ്ങള്‍ പരിഗണിച്ചിട്ടില്ല. എക്‌സൈസ് ഡ്യൂട്ടി, ജിഎസ്ടി, മറ്റനേകം ഫീസുകള്‍ എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഒരു വീട് പണി മൂലം നിശ്ചിതശതമാനം സാമ്പത്തികവിഹിതം വേറെ ലഭിക്കും. ബാങ്കുകളെ എടുത്താല്‍ ഏറ്റവും സുരക്ഷിതമായ വായ്പയാണ് ഭവന വായ്പ. അവര്‍ പരമാവധി അത് നല്‍കുന്നുമുണ്ട്. ഒരു വ്യക്തി പത്തുലക്ഷം രൂപ ചെലവിട്ടാല്‍ 50 ലക്ഷം രൂപയുടെ വീട് നിര്‍മിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന സാഹചര്യമുണ്ട്.

കേരളത്തില്‍ ഒരു ലക്ഷം വീടുകള്‍ ഇതുപോലെ പണിയാന്‍ സാധിച്ചാല്‍ 30 കോടി മനുഷ്യ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാം. കൂലിയിനത്തിലായി 22,500 കോടി രൂപ വിതരണം ചെയ്യപ്പെടും. സ്വകാര്യ വ്യക്തികളുടെ നിക്ഷേപമായി പതിനായിരം കോടി രൂപ നാട്ടില്‍ വരും. ഇപ്പോള്‍ പണം നിക്ഷേപിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യമാണുള്ളത്. സ്വന്തം വീട് നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിച്ചാല്‍ മടിച്ചു നില്‍ക്കുന്നവര്‍ പോലും പണമിറക്കും. കേരളത്തിലെ ഒരുലക്ഷം പേര്‍ അതിന് തയ്യാറാകണമെങ്കില്‍ അതിനും വഴിയുണ്ട്.

സര്‍ക്കാരുകള്‍ ചെയ്യേണ്ടത്

ഭവന വായ്പ എടുക്കാന്‍ പ്രോത്സാഹനം നല്‍കും വിധം നികുതി ഇളവുകള്‍ നല്‍കണം. വരുമാനത്തില്‍ നിന്ന് ഡയറക്റ്റ് ഡിഡക്ഷന്‍ വരും വിധം നാലര ലക്ഷം രൂപയുടെയെങ്കിലും ഇളവ് ലഭിച്ചാല്‍ ജനങ്ങള്‍ക്കത് വലിയ പ്രോത്സാഹനമാകും. മൊത്തം കിഴിവ് ഇങ്ങനെ:

ഹോം ലോണ്‍ പലിശ: 3 ലക്ഷം
ഹോം ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ്: 1.50 ലക്ഷം
മൊത്തം: 4.50 ലക്ഷം
ഇങ്ങനെ ഇളവ് ലഭിച്ചാല്‍ 40 ലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം അവര്‍ നല്‍കുന്ന പലിശ പൂര്‍ണമായും ഒഴിവായി കിട്ടിയെന്ന ധാരണ വരും. അതുതന്നെ ഭവന വായ്പ എടുക്കാനും വീട് പണിയാനും വലിയ പ്രോത്സാഹനമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

പി.ഐ ആന്റോ
(ലേഖകന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍)

Related Articles
Next Story
Videos
Share it