വീട് സ്വന്തമാക്കാന്‍ ഒരുങ്ങും മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? അപ്പാര്‍ട്ട്മെന്റായാലും വില്ലയായാലും വിലക്കുറവ് ഉയര്‍ത്തിക്കാട്ടിയാണ് കമ്പനികള്‍ ഉപഭോക്താവിനെ തേടുന്നത്. എന്നാല്‍ വീട് വാങ്ങും മുമ്പ് വിലക്കുറവ് മാത്രം നോക്കിയാല്‍ മതിയോ? പോര. ഇതാ ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍.

1. ലൊക്കേഷന്‍

വീടിന്റെ കാര്യത്തില്‍ അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നതു പരമപ്രധാനമാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് എളുത്തില്‍ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകാനുള്ള സൗകര്യമുണ്ടോ? ആശുപത്രി, കച്ചവടസ്ഥാപനങ്ങള്‍, ബാങ്ക് തുടങ്ങി നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ അപ്പാര്‍ട്ട്മെന്റിന്റെ/വില്ലയുടെ സമീപത്തുണ്ടോയെന്ന് പരിശോധിക്കണം. ശുദ്ധജലം, വൈദ്യുതി എന്നിവയുടെ ലഭ്യതയും ഉറാപ്പാക്കണം. വ്യവസായ ശാലകളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണവും മറ്റും നിലവില്‍ പ്രശ്നം സൃഷ്ടിക്കുന്ന പ്രദേശത്ത് പുതുതായി വീട് വാങ്ങാന്‍ ഒരുങ്ങാതിരിക്കുന്നതാകും ഉചിതം.

2. കൃത്യസമയത്തുള്ള പദ്ധതി കൈമാറ്റം

കൃത്യസമയത്ത് ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറുന്ന പാരമ്പര്യമുള്ള ബില്‍ഡറെ മാത്രം ആശ്രയിക്കുക. പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി മാത്രം പണം നല്‍കുക.

3. വീട് സ്വന്തമെന്ന് ഉറപ്പാക്കുക

അപ്പാര്‍ട്ട്‌മെന്റ് വാങ്ങും മുമ്പ് അത് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ടൈറ്റില്‍ ഡീഡിന്റെ കോപ്പി ബില്‍ഡറോട് ആവശ്യപ്പെടുക. നിങ്ങള്‍ പണം കൊടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട, സ്ഥലത്തിന്റെ 'അണ്‍ഡിവൈഡഡ് ഷെയര്‍' നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തരുമെന്നതും ഉറപ്പാക്കുക.

4. ഗുണമേന്മ

ഗുണമേന്മ ബില്‍ഡറുടെ വാക്കില്‍ മാത്രമല്ല, ഭവനത്തിലും കാണുമെന്ന് ഉറപ്പാക്കുക. ഇതിന് ബില്‍ഡറുടെ മുന്‍പദ്ധതികളില്‍

നേരിട്ട് പരിശോധനയാകാം. അവിടെ താമസിക്കുന്നവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാം. ഭവനപദ്ധതിക്കായി സ്ഥലം തെരഞ്ഞെടുക്കുന്നതു മുതലുള്ള കാര്യങ്ങള്‍ വൈദഗ്ധ്യത്തോടെ നടാക്കുന്നവരാണ് നിങ്ങളുടെ ബില്‍ഡറെന്ന കാര്യവും ഉറപ്പാക്കുക.

5. സുരക്ഷ

സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന പ്രദേശത്താകണം വീട്. സ്ഥലത്തിന്റെ ഭംഗി മാത്രം നോക്കി ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്ഥലത്തോ, സമാധാനമായി ജീവിക്കാനുള്ള സാഹചര്യമില്ലാത്തയിടത്തോ വീട് വാങ്ങിയാല്‍ പിന്നീട് ദുഃഖിക്കേണ്ട വരും. ആര്‍ക്കെങ്കിലും വിറ്റ് അവിടം ഉപേക്ഷിക്കാന്‍ പോലും ചിലപ്പോള്‍ പറ്റിയെന്നിരിക്കില്ല.

Related Articles
Next Story
Videos
Share it