പണി പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റ് ബുക്ക് ചെയ്യാനൊരുങ്ങുകയാണോ? ശ്രദ്ധിച്ചിരിക്കേണ്ട 5 കാര്യങ്ങള്‍

ഫ്‌ളാറ്റ് ബുക്കിങ്ങിനൊരുങ്ങും മുമ്പ് പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യത, വഴി, മലിനീകരണ പ്രശ്‌നങ്ങള്‍, ന്യായമായ വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കോടതി, കേസുകള്‍, പാപ്പരത്ത നടപടികള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യവും പിരിമുറുക്കവും നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കുകള്‍ പ്രമാണിച്ചും ഉയര്‍ന്ന വാടകയുള്ളതിനാലും പലരും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. നിര്‍മാണം നടക്കുന്നതോ ഉടന്‍ ആരംഭിക്കുന്നതോ ആയ പ്രോജക്റ്റുകളോ ആയാല്‍ വാങ്ങുന്നയാള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ഇതാ:

റെറയ്ക്ക് കീഴിലുള്ളതാണോ

റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ സുതാര്യത കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രോജക്ടുകള്‍ മാത്രമേ ഫ്‌ളാ വാങ്ങുന്നയാള്‍ എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കാവൂ. മോഡല്‍ ആക്ടും മറ്റ് വായ്പക്കാരുമായി തുല്യമായ അവകാശം നല്‍കുന്ന സുപ്രീം കോടതി വിധിന്യായവും നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ നിരവധി പേര്‍ക്ക് വിശ്വസിച്ചു മുന്നോട്ടു വരാനുള്ള അവസരമൊരുക്കുന്നു.

ബില്‍ഡറെ പഠിക്കുക

ഓണ്‍ലൈനില്‍ കണ്ടും പരിചയക്കാര്‍ പറഞ്ഞും ബില്‍ഡര്‍മാരെ കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുമുമ്പ്, ബില്‍ഡര്‍ വിശ്വാസ്യ യോഗ്യരാണോ അല്ലയോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. രാജ്യത്തുടനീളം 63 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണം സ്തംഭിച്ച റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ഉണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. വീട് വാങ്ങുന്നയാള്‍ മറ്റ് പ്രോജക്റ്റുകളില്‍ പ്രശ്നത്തിലായ ഡെവലപ്പര്‍മാരെ ഒഴിവാക്കണം. പ്രശ്‌നബാധിക മേഖലകളും ഒഴിവാക്കുക. ബില്‍ഡറുടെ സാമ്പത്തിക സ്ഥിതി പൂര്‍വകാല ചരിത്രം എന്നിവ കൂടെ അറിയാന്‍ ശ്രമിക്കാം. ഓഫറുകളില്‍ വീണുപോകരുത്.

പദ്ധതിയിലെ മാറ്റങ്ങള്‍

ഒരു പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, കെട്ടിട പദ്ധതിയിലെ മാറ്റത്തെക്കുറിച്ചുള്ള വ്യവസ്ഥകളെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം വായിക്കുക. ഏതൊരു മാറ്റവും വാങ്ങുന്നയാളുടെ സമ്മതത്തോടെ മാത്രമേ നടത്താവൂവെന്ന് റെറ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പറയുന്നു. നിലവില്‍ പ്രോപ്പര്‍ട്ടി രൂപകല്‍പ്പനയിലോ ലേഔട്ടിലോ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍, വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ട് പേരുടെയും അംഗീകാരം നേടണമെന്നു നിഷ്‌കര്‍ഷിക്കുന്നു.

ബാങ്ക് വായ്പ

ലോണെടുത്ത് ഫ്‌ളാറ്റ് വാങ്ങാനൊരുങ്ങുന്നവര്‍ ബാങ്ക് അംഗീകാരമുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. ഇവിടെ, വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ ഡെവലപ്പറെയും പ്രോജക്ടിനെയും വിലയിരുത്തും. അല്ലാത്തപക്ഷം വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്കുമാത്രമാകും ഭാവിയിലെ നഷ്ടങ്ങള്‍.

കരാര്‍ ശ്രദ്ധിക്കുക

നിങ്ങളും ബില്‍ഡറും തമ്മിലുള്ള കരാര്‍ പൂര്‍ണമായും വായിക്കുകയും മനസ്സിലാക്കുകയും വേണം. കൂടാതെ, പ്രോജക്റ്റ് പൂര്‍ത്തിയാകുന്നതിന് കാലതാമസമുണ്ടായാല്‍, നിര്‍മ്മാതാവ് വാങ്ങുന്നയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമോ എന്ന് വാങ്ങുന്നയാള്‍ പരിശോധിക്കണം. എന്ത് ശ്രദ്ധിച്ചാലും 40-50 ശതമാനം പൂര്‍ത്തിയായതും നിര്‍മ്മാണ പുരോഗതി കാണിക്കുന്നതുമായ ഒരു പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപം നടത്താനായിരിക്കണം വാങ്ങുന്നവര്‍ ലക്ഷ്യമിടേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it