

ഉയരം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ബുര്‍ജ് ഖലീഫ ചരിത്രത്തിലേക്ക് പിന്‍വാങ്ങുകയാണോ? ബുര്‍ജ് ഖലീഫയെ തോല്‍പ്പിക്കുന്ന ഒരു കിലോമീറ്റര്‍ ഉയരമുള്ള ജിദ്ദയിലെ കെട്ടിടം മുതല്‍ അര കിലോമീറ്റര്‍ വരെ ഉയരമുള്ള ചൈനയിലെ കെട്ടിടം വരെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ വാണിജ്യപ്രാധാന്യം നേടുകയാണ്. നിര്‍മാണ രംഗത്തെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ഈ കെട്ടിടങ്ങളുടെ നിര്‍മിതി തന്നെ വിസ്മയമാകുകയാണ്. വിവിധ രാജ്യങ്ങളിലെ പ്രോപ്പര്‍ട്ടി ഡെലവപ്പര്‍മാരും ആര്‍ക്കിടെക്ടുകളും ഉയരം കൂടിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ലോകശ്രദ്ധ നേടുകയെന്ന ശൈലിയിലേക്ക് നീങ്ങുന്നു. സൗദിയിലും ചൈനയിലും ബ്രസീലിലുമൊക്കെ പുതിയ ഉയരങ്ങള്‍ കണ്ടെത്താനാണ് റിയാല്‍ട്ടി മേഖലയിലെ ശ്രമം.
ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമാകാന്‍ കാത്തിരിക്കുകയാണ് സൗദിയിലെ ജിദ്ദ ടവര്‍. ബുര്‍ജ് ഖലീഫയുടെ ഉയരം 830 മീറ്റര്‍ ആണെങ്കില്‍ നിര്‍മാണത്തിലിരിക്കുന്ന ജിദ്ദ ടവര്‍ 1,000 മീറ്റര്‍ വരും. ഉയരം കൂടിയ കെട്ടിടങ്ങളില്‍ നാലെണ്ണം ദുബൈയിലാണ് നിര്‍മിതിയിലുള്ളത്.
ഉയരം 1,000 മീറ്റര്‍. ലോകത്തെ ഒരു കിലോമീറ്റര്‍ ഉയരമുള്ള ആദ്യത്തെ കെട്ടിടം. ബുര്‍ജ് ഖലീഫക്ക് രൂപം നല്‍കിയ അഡ്രിയാന്‍ സ്മിത്തും ഗോര്‍ഡന്‍ ഗില്ലുമാണ് ജിദ്ദ ടവറിന്റെയും ആര്‍ക്കിടെക്ടുകള്‍. 167 നിലകളുള്ള കെട്ടിടം കാറ്റിനെ അതിജീവിക്കാനുള്ള എയ്‌റോബിക് ആകൃതിയിലാണ് നിര്‍മിക്കുന്നത്.
ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ഉയരത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം ലക്ഷ്യമിടുകയാണ് ദുബൈയിലെ ബുര്‍ജ് അസീസി. 725 മീറ്ററാണ് ഉയരം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിനും ദുബൈ മാളിനും അടുത്ത് വാണിജ്യ പ്രാധാന്യമേറെയുള്ള കെട്ടിടമാകും ഇത്. 131 നിലകളാണുള്ളത്. ആര്‍ക്കിടെക്ചര്‍ കമ്പനിയായ എഇ7 ആണ് രൂപ കല്‍പ്പന. 2016 ല്‍ നിര്‍മാണം തുടങ്ങി. 2028 ല്‍ പൂര്‍ത്തീകരിക്കും.
ചൈനയിലെ ടിയാന്‍ജിനില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള തയ്യാറെടുപ്പ്. 597 മീറ്ററാണ് ഉയരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയെങ്കിലും ഉടമകളായ ഗോള്‍ഡിന്‍ ഗ്രൂപ്പ് 2015 ലെ ചൈന ഓഹരി വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതോടെ നിര്‍മാണം നിര്‍ത്തി. രണ്ട് വര്‍ഷം മുമ്പ് പുനരാരംഭിച്ചു. 2027 ല്‍ പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ഡിന്‍ ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്.
റെസിഡന്‍ഷ്യന്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ദുബൈയില്‍ നിര്‍മിക്കുന്ന ബുര്‍ജ് ബിന്‍ഗാട്ടി ജേക്കബ് ആന്റ് കോ എന്ന കെട്ടിടം ഈ സെക്ടറില്‍ ലോകത്തിലെ ഉയരം കൂടിയതാകും. 595 മീറ്ററാണ് ഉയരം. 104 നിലകളിലും താമസത്തിനുള്ള സൗകര്യമാണുള്ളത്. സില്‍വര്‍ സ്‌റ്റോണ്‍ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ആണ് രൂപകല്‍പ്പന. 2022 ല്‍ തുടങ്ങിയ നിര്‍മാണം 2027 ല്‍ പൂര്‍ത്തിയാകും. അപ്പാര്‍ട്‌മെന്റുകള്‍, സ്യൂട്ടുകള്‍, ക്ലബ്ബ് ഹൗസുകള്‍, ഗാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.
പ്രമുഖ ഫോര്‍മുല വണ്‍ താരം ഐര്‍ടണ്‍ സെന്നയുടെ സ്വപ്‌ന പദ്ധതിയായ സെന്ന ടവര്‍ ബ്രസീലിലെ ബാല്‍നീറിയോ കാംബറിയിലാണ് നിര്‍മിക്കുന്നത്. 544 മീറ്റര്‍ ഉയരം. ബ്രസീലിലെ നിരവധി ബിസിനസുകാര്‍ കെട്ടിടത്തിനായി നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്രസീസിലെ ഉയരം കൂടിയ റെഡിഡന്‍ഷ്യല്‍ കെട്ടിടമാകും സെന്ന ടവര്‍. 2030 ലാണ് ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്.
ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള നീന്തല്‍കുളം, റെസ്‌റ്റോറന്റ് എന്നിവയുടെ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈയിലെ ടൈഗര്‍ സ്‌കൈ ടവര്‍. കെട്ടിടത്തിനകത്ത് മരങ്ങളുമായി കാടിന്റെ മാതൃക സൃഷ്ടിക്കാനാണ് ശ്രമം. 100 കോടി ഡോളര്‍ ചെലവിടുന്ന കെട്ടിടം നിര്‍മിക്കുന്നത് ടൈഗര്‍ പ്രോപ്പര്‍ട്ടീസാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ പാര്‍ക്കും ഒരുക്കുന്നുണ്ട്. 2029 ല്‍ പ്രവര്‍ത്തന സജ്ജമാകും.
ദുബൈയിലെ ഉയരമുള്ള കെട്ടിടങ്ങളോട് മല്‍സരിക്കാന്‍ മറീനയിലെ സിക്‌സ് സെന്‍സസ് റെസിഡന്‍സും തയ്യാറാകുകയാണ്. 2007 ല്‍ പെന്റമോണിയം എന്ന പേരിലാണ് നിര്‍മാണം തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണം മുടങ്ങി. കഴിഞ്ഞ വര്‍ഷമാണ് സിക്‌സ് സെന്‍സസ് എന്ന പേരില്‍ വീണ്ടും സജീവമായത്. 122 നിലകളിലായി 251 ഫ്‌ളാറ്റുകളാണ് ഉള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.
ഉയരത്തോടൊപ്പം നീളത്തിനും പ്രാധാന്യം നല്‍കുന്നതാണ് സൗദിയിലെ തബൂക്കില്‍ നിര്‍മിക്കുന്ന ദ ലൈന്‍ എന്ന കെട്ടിടം. 500 മീറ്റാണ് ഉയരം. രണ്ട് കെട്ടിടങ്ങളായാണ് നിര്‍മിതി. തബൂക്കിലെ മരുഭൂമിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് വേറെയും പ്രത്യേകതകള്‍ ഉണ്ട്. പൂര്‍ണമായും പുനരുപയോഗ ഉര്‍ജ്ജം ഉപയോഗപ്പെടുത്തുന്ന പദ്ധതിയില്‍ വാഹനങ്ങള്‍ക്ക് അനുമതിയോ വാണിജ്യ കെട്ടിടങ്ങളോ ഉണ്ടാകില്ല.
ചൈനയിലെ നാന്‍ജിംഗ് നഗരത്തില്‍ നിര്‍മിക്കുന്ന ഹെക്‌സ് യൂസി ടവറിന് ഉയരം 498.8 മീറ്റര്‍. ചൈനയിലെ യാംഗ്‌സെ നദിക്കരയില്‍ വികസിച്ചു വരുന്ന പുതിയ ബിസിനസ് കേന്ദ്രത്തിന് നടുവിലാണ് നിര്‍മാണം. ബുര്‍ജ് ഖലീഫയുടെ ആര്‍ക്കിടെക്ടുകള്‍ തന്നെയാണ് ഈ പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. റെസിഡന്‍ഷ്യല്‍, കമേഴ്സ്യല്‍ സ്‌പേസുകള്‍ ഉള്‍പ്പെടുന്നതാണ് കെട്ടിടം.
489 മീറ്റര്‍ ഉയരത്തില്‍ ചൈനയിലെ ചെംഗ്ഡുവില്‍ നിര്‍മിക്കുന്ന പാണ്ട ടവര്‍ രാജ്യത്തെ ഉയരം കൂടിയ കെട്ടിടങ്ങളുടെ നിരയിലെത്തും. ചൈനയില്‍ പാണ്ടകളുടെ പ്രജനന കേന്ദ്രങ്ങളിലൊന്നാണ് ചെംഗ്ഡു. പര്‍വ്വത മേഖലയായ സിചുവാന്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്ന നഗരത്തില്‍ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ രൂപ കല്‍പ്പന.
Read DhanamOnline in English
Subscribe to Dhanam Magazine