

അടുത്ത കാലം വരെ അത്ര ഉണര്‍വിലായിരുന്നില്ല കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല. പ്രത്യേകിച്ച് കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍. അന്വേഷണങ്ങള്‍ കുറഞ്ഞതോടെ പുതിയ പ്രോജക്ടുകള്‍ നീട്ടിവയ്ക്കാന്‍ പല ബില്‍ഡര്‍മാരും തീരുമാനിച്ചു. എന്നാല്‍, പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അന്വേഷണങ്ങള്‍ വര്‍ധിക്കുന്നതായാണ് കാണുന്നത്. യുദ്ധം തുടങ്ങിയശേഷം ഡിമാന്‍ഡ് വലിയതോതില്‍ വര്‍ധിച്ചെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഗള്‍ഫ് മേഖല അത്ര സേഫ് അല്ലെന്ന പ്രതീതി വന്നതോടെയാണ് പ്രവാസി മലയാളികള്‍ നിക്ഷേപരീതി മാറ്റിയത്. അടുത്ത കാലത്ത് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം വിദേശീയര്‍ക്ക് ഇളവുകള്‍ നല്കിയിരുന്നു. ഇത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ക്ഷീണമായിരുന്നു.
എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല ഒന്നാകെ സുരക്ഷിതമല്ലെന്ന ചിന്ത ശക്തമായിട്ടുണ്ട്. യുദ്ധം ഇന്നോ നാളെയോ തീര്‍ന്നാലും ഭാവിയിലും ഇപ്പോഴത്തെ പോലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക ശക്തമാണ്. ഇതും പ്രവാസി നിക്ഷേപകരെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നിന്നാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം ദീര്‍ഘകാല നിക്ഷേപങ്ങളെക്കുറിച്ച് പ്രവാസികളെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഭാവിയിലെ താമസ ആവശ്യങ്ങള്‍, വിരമിക്കല്‍ ജീവിതം, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ എന്നിവ മുന്നില്‍ക്കണ്ടാണ് പലരും കേരളത്തിലെ വീടുകളിലും ഭൂമിയിലും നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.
അന്വേഷണം കൂടുന്നുണ്ടെങ്കിലും ഇടപാടിലേക്ക് എത്തുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നാണ് കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ബില്‍ഡര്‍ ധനംഓണ്‍ലൈനോട് പ്രതികരിച്ചത്. യുദ്ധത്തിനുശേഷം വലിയതോതില്‍ അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്. യുദ്ധത്തിന്റെ ഗതി ഏതു വഴിക്കാകുമെന്ന് അറിയില്ലാത്തതിനാല്‍ വാങ്ങല്‍ തല്ക്കാലം നീട്ടിവയ്ക്കുകയാണ് പലരും. എന്നാല്‍ യുദ്ധം മാറി സമാധാനം വന്നാല്‍ ഗള്‍ഫില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്റ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പേരുവെളിപ്പെടുത്തരുതെന്ന് നിബന്ധയോടെ അവര്‍ വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് അന്വേഷണങ്ങളില്‍ ഭൂരിഭാഗവും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. കൊച്ചിയില്‍ മറൈന്‍ ഡ്രൈവ്, കാക്കനാട് മേഖലകളിലെ ഭവന പദ്ധതികള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. തിരുവനന്തപുരത്ത് കഴക്കൂട്ടം മേഖലയിലാണ് ഡിമാന്‍ഡ് കൂടുതല്‍. ഐടി മേഖലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും സാന്നിധ്യമാണ് കഴക്കൂട്ടത്തെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നത്.
പ്രധാന നഗരങ്ങള്‍ക്കു പുറമെ തൊടുപുഴ, പെരിന്തല്‍മണ്ണ തുടങ്ങിയ ചെറുപട്ടണങ്ങളിലേക്കും റിയല്‍ എസ്റ്റേറ്റ് അന്വേഷണങ്ങള്‍ വ്യാപിക്കുന്നുണ്ട്. നഗരങ്ങളോട് ചേര്‍ന്ന ഉപനഗര മേഖലകളിലും നിക്ഷേപ താല്‍പര്യം വര്‍ധിച്ചതായി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ ബ്രാന്‍ഡഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് കൂടുതല്‍ താല്‍പ്പര്യമെങ്കില്‍, ടിയര്‍-2 നഗരങ്ങളില്‍ പ്രവാസികള്‍ ഭൂമിയിലാണ് നിക്ഷേപം നടത്തുന്നത്. നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തിയായതോ ആയ അപ്പാര്‍ട്ട്മെന്റുകളെക്കാള്‍ ഭാവിയില്‍ വില വര്‍ധനയ്ക്ക് സാധ്യതയുള്ള ഭൂമി സ്വന്തമാക്കാനാണ് പല പ്രവാസി നിക്ഷേപകരും ശ്രമിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് കേരളത്തിലെ നിര്‍മാണച്ചെലവിനെയും ബാധിച്ചിട്ടുണ്ട്. നിര്‍മാണച്ചെലവ് 15 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചതായാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വിലയിരുത്തല്‍.
സിമന്റ്, സ്റ്റീല്‍, അലുമിനിയം, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗതാഗതച്ചെലവ് തുടങ്ങിയവയിലെ വര്‍ധനയാണ് നിര്‍മാണച്ചെലവ് ഉയരാന്‍ കാരണം. ചെലവ് കൂടിയതോടെ സ്വന്തമായി വീട് നിര്‍മിക്കുന്നതിനേക്കാള്‍ പ്രമുഖ ബില്‍ഡര്‍മാരുടെ പൂര്‍ത്തിയായതോ നിര്‍മാണത്തിലിരിക്കുന്നതോ ആയ അപ്പാര്‍ട്ട്മെന്റുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ടെങ്കിലും വലിയ തോതില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബില്‍ഡര്‍മാര്‍ തയാറാകുന്നില്ല. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം, വായ്പാ ചെലവ്, ആഗോള അനിശ്ചിതത്വം എന്നിവ കണക്കിലെടുത്ത് കമ്പനികള്‍ ജാഗ്രതയോടെ നീങ്ങുന്നത്. എന്നാല്‍ നിലവിലുള്ള ബ്രാന്‍ഡഡ് ഭവന പദ്ധതികള്‍ക്കും മികച്ച സ്ഥലങ്ങളിലെ ഭൂമിക്കും പ്രവാസികളില്‍ നിന്ന് തുടര്‍ന്നും ആവശ്യക്കാര്‍ ലഭിക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷ.
പ്രവാസികള്‍ ഏറെയുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ യുദ്ധം വഴിയൊരുക്കിയിട്ടുണ്ട്. ഭവന നിര്‍മാണവും ഇടത്തരം അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണത്തിലുമാണ് ഈ മാന്ദ്യം ഉള്ളത്. പ്രവാസി പണത്തെ ആശ്രയിച്ചാണ് ഈ ജില്ലകളില്‍ നടക്കുന്നത്. മുന്‍കാലത്തും ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന ചെറുചലനങ്ങള്‍ പോലും മലബാര്‍ മേഖലയിലെ നിര്‍മാണ മേഖലയെ സ്വാധീനിച്ചിരുന്നു.
അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ ആളുകള്‍ വലിയ തുകകള്‍ വീട് നിര്‍മാണത്തിനായി പെട്ടെന്ന് മുടക്കാന്‍ മടിക്കുന്നതും സ്വാഭാവികമാണെന്ന് മലപ്പുറത്ത് ഭവനനിര്‍മാണ കരാറുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന അഹമ്മദ് കബീര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
വിപണിയിലെ വിലക്കയറ്റം ഉപഭോക്താക്കളുടെ സമീപനത്തിലും പ്രകടമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പല ഗള്‍ഫ് കമ്പനികളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ശമ്പളരഹിത അവധിക്ക് ജീവനക്കാരെ അയയ്ക്കുകയോ ആണ് ചെയ്യുന്നത്. അതിനാല്‍ പാതിവഴിയില്‍ പണി നിര്‍ത്തിവയ്ക്കുന്ന വീടുകളുടെ എണ്ണം മലബാര്‍ മേഖലയില്‍ വര്‍ധിച്ചിട്ടുണ്ട്. യുദ്ധം മാറി എല്ലാം പഴയപടി ആകുമ്പോള്‍ നിര്‍മാണമേഖലയിലും ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine