മാസ്‌കും കോണ്ടവും വില്‍ക്കാന്‍ രജിസ്‌ട്രേഷന്‍, നേട്ടം മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക്

മെഡിക്കല്‍ ഉപകരണങ്ങള്‍ (Medical Devices) വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റേറ്റ് രജിസ്‌ട്രേഷന്‍ അതോറിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫേസ് മാസ്‌ക്, കോണ്ടം, പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുടെയും വില്‍പ്പനയ്ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമാണ്. നിലവില്‍ മരുന്നുകള്‍ വില്‍ക്കാന്‍ ആണ് ലൈസന്‍സ് വേണ്ടത്.

ഭേദഗതി (Medical Device Rules) പ്രാബല്യത്തില്‍ വരുന്നതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയെ ഇത് ബാധിക്കും. റീഡിംഗ് ഗ്ലാസ്, ഡയപ്പറുകള്‍, വീല്‍ചെയര്‍, ഓക്‌സിമീറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉള്‍പ്പടെയുള്ള ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗവും സൂപ്പര്‍മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും ലഭിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവുകള്‍ വേണമെന്നാണ് മേഖലയില്‍ നിന്നുള്ള ആവശ്യം. എക്‌സ്-റേ മെഷീന്‍ പോലുള്ളവ വില്‍ക്കുന്ന വന്‍കിട കമ്പനികളും രജിസ്റ്റര്‍ ചെയ്യേണ്ടി വരും

രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായ മേഖലയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അംഗീകൃത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇനി മുതല്‍ വില്‍ക്കാന്‍ സാധിക്കു. കൂടാതെ ഉപഭോക്താക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ രണ്ട് വര്‍ഷം സൂക്ഷിക്കുകയും വേണം. മെഡിക്കല്‍ ഉപകരങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍, സ്റ്റാഫുകളുടെ യോഗ്യത തുടങ്ങിയവ പരിഗണിച്ചാവും വില്‍പ്പനക്കാര്‍ക്ക് ലൈസന്‍സ് നല്‍കുക. അതുകൊണ്ട് തന്നെ മാസ്‌ക് ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന കച്ചവടക്കാര്‍ അവസാനിപ്പിക്കേണ്ടി വരും. പുതിയ നിയമം, കേന്ദ്രം നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ പാലിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നേട്ടമാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it