അറബിക്കടല്‍ കാണാന്‍ തടസ്സം! വീടിന് മുന്നിലെ അത്യാഡംബര അപ്പാര്‍ട്ട്‌മെന്റ് വാങ്ങി രേഖ ജുന്‍ജുന്‍വാല
അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയായ രേഖ ജുന്‍ജുന്‍വാല 118 കോടി രൂപയ്ക്ക് സൗത്ത് മുംബൈയിലെ മലബാര്‍ ഹിൽസിൽ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി. അടുത്തിടെ സൗത്ത് മുംബൈയില്‍ തന്നെയുള്ള റെസിഡന്‍ഷ്യല്‍ ടവര്‍ റോക്ക്സൈഡ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ 11.76 കോടി രൂപയ്ക്ക് 1,666 ചതുരശ്ര അടി വരുന്ന ആഡംബര അപ്പാര്‍ട്ട്മെന്റും രേഖ വാങ്ങിയിരുന്നു. ഇവ പുതുക്കി പണിയുന്നതിന് തയ്യാറാറെടുക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ്.
ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ പുതുക്കി പണിയുമ്പോള്‍ രേഖ ജുന്‍ജുന്‍വാല താമസിക്കുന്ന 'റെയര്‍ വില്ല' എന്ന വസതിയില്‍ നിന്ന് അറബിക്കടലിന്റെ സൗന്ദര്യ ആസ്വദിക്കുന്നത് തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ കോടികള്‍ മുടക്കി ഈ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കുകയായിരുന്നു. വിവിധ ഡീലര്‍മാരില്‍ നിന്ന് 2023 നവംബര്‍ മുതല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക
കഴിഞ്ഞ വര്‍ഷം, ബാന്ദ്ര കുര്‍ള കോംപ്ലക്സിലും അന്ധേരി വെസ്റ്റിലെ ചാന്ദിവാലിയിലുമായി 1.94 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള അഞ്ച് വാണിജ്യ ഓഫീസ് സ്പേസുകള്‍ രേഖ ജുന്‍ജുന്‍വാല 739 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. രേഖ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ 50,980 കോടി രൂപയിലധികം ആസ്തിയുള്ള 26 ഓഹരികള്‍ കൈവശമുണ്ട്. ഇതില്‍ ഏറ്റവും മികച്ച അഞ്ച് നിക്ഷേപങ്ങളില്‍ ടൈറ്റന്‍, ടാറ്റ മോട്ടോഴ്സ് എന്നിങ്ങനെ രണ്ട് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി നിക്ഷേപകയാണ് രേഖ ജുന്‍ജുന്‍വാല.