ചര്‍ച്ചകള്‍ക്ക് വിരാമം; റിലയന്‍സിന് കീഴിലേക്ക് മെട്രോ ക്യാഷ് ആന്‍ഡ് ക്യാരി ഇന്ത്യ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (Reliance Industries) അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) 'മെട്രോ ഇന്ത്യ' ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ കമ്പനിയായ മെട്രോ ക്യാഷ് ആന്‍ഡ് ക്യാരി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ 2,850 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഈ ഏറ്റെടുക്കലിലൂടെ റിലയന്‍സ് റീട്ടെയിലിന് വിവധ നഗരങ്ങളിലുടനീളമുള്ള മെട്രോ ഇന്ത്യ സ്റ്റോറുകളുടെ പ്രവര്‍ത്തനം നടത്താനാകും.
ഇത് ശക്തമായ വിതരണ ശൃംഖല, വലിയ ഉപഭോക്തൃ അടിത്തറ എന്നിവ കൂട്ടിച്ചേര്‍ക്കാനും സഹായിക്കും. ഏറ്റെടുക്കല്‍ റിലയന്‍സ് റീട്ടെയിലിന്റെ ഫിസിക്കല്‍ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൂടാതെ വിതരണ ശൃംഖലകള്‍, ടെക്നോളജി പ്ലാറ്റ്ഫോമുകള്‍, സോഴ്സിംഗ് സൗകര്യം എന്നിവയിലുടനീളമുള്ള കാര്യക്ഷമതയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മികച്ച സേവനം നല്‍കുന്നതിന് ശക്തിയേകും.
ചെറുകിട വ്യാപാരികളുമായും സംരംഭങ്ങളുമായും സജീവമായ സഹകരണത്തിലൂടെ ഒരു അതുല്യ മാതൃക കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പുതിയ വാണിജ്യ തന്ത്രവുമായി ഒത്തുചേരുന്നതാണ് മെട്രോ ഇന്ത്യയുടെ ഏറ്റെടുക്കലെന്ന് ആര്‍ആര്‍വിഎല്‍ ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു. വളരുന്നതും ലാഭകരവുമായ മൊത്തവ്യാപാര ബിസിനസാണ് തങ്ങള്‍ മെട്രോ ഇന്ത്യയിലൂടെ വിപണിയില്‍ വില്‍ക്കുന്നത്. റിലയന്‍സില്‍ മികച്ചൊരു പങ്കാളിയാണെന്ന് ബോധ്യമുണ്ടെന്നും മെട്രോ എജി സിഇഒ സ്റ്റെഫന്‍ ഗ്രൂബെല്‍ പറഞ്ഞു.
മെട്രോ ഇന്ത്യയ്ക്ക് 31 മൊത്തവിതരണ കേന്ദ്രങ്ങള്‍, ലാന്‍ഡ് ബാങ്ക് കൂടാതെ മറ്റ് ആസ്തികളും ഉണ്ട്. 34 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ക്യാഷ് ആന്‍ഡ് ക്യാരി ഇന്ത്യ 2003 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ജയ്പൂര്‍, കൊല്‍ക്കട്ട, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ മൊത്ത വിതരണ സ്ഥാപനങ്ങളുണ്ട്. ഏറ്റെടുക്കല്‍ ഇടപാട് 2023 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.