സീറോ കാര്‍ബണ്‍ കമ്പനിയാകാൻ റിലയന്‍സ്; യുഎസില്‍ നിന്ന് ലോകത്തെ ആദ്യത്തെ 'കാര്‍ബണ്‍-ന്യൂട്രല്‍ ഓയില്‍' എത്തിച്ചു

ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ലൊക്കേഷന്‍ ഓയില്‍ റിഫൈനിംഗ് കോംപ്ലക്‌സും റിലയന്‍സിന്റേതാണ്.
സീറോ കാര്‍ബണ്‍ കമ്പനിയാകാൻ റിലയന്‍സ്;  യുഎസില്‍ നിന്ന് ലോകത്തെ ആദ്യത്തെ 'കാര്‍ബണ്‍-ന്യൂട്രല്‍ ഓയില്‍' എത്തിച്ചു
Published on

2035 ഓടെ മൊത്തം സീറോ കാര്‍ബണ്‍ കമ്പനിയായി മാറുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി വന്‍ പദ്ധതികള്‍ ഒരുങ്ങുകയാണ് റിലയന്‍സില്‍. യുഎസില്‍ നിന്ന് കമ്പനി കഴിഞ്ഞ ദിവസം ലോകത്തെ ആദ്യത്തെ 'കാര്‍ബണ്‍-ന്യൂട്രല്‍ ഓയില്‍' ഇന്ത്യയിലേക്ക് എത്തിച്ചു.

യുഎസ് ഓയില്‍ മേജര്‍ ഒക്സിഡന്റലിന്റെ ഒരു വിഭാഗമായ ഓക്സി ലോ കാര്‍ബണ്‍ വെന്‍ചേഴ്സ് (ഒഎല്‍സിവി) കാര്‍ബണ്‍ ന്യൂട്രല്‍ ഓയില്‍ റിലയന്‍സിന് കൈമാറിയതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഊര്‍ജ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രധാന പെട്രോളിയം കയറ്റുമതിയാണ് മക്വയറി ഗ്രൂപ്പിന്റെ കൊമ്മോഡിറ്റീസ് ആന്‍ഡ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഗ്രൂപ്പുമായി (മാക്വയറി) സംയോജിപ്പിച്ചുകൊണ്ടുള്ള ഈ ഇടപാട്. ഗ്രീന്‍ഹൗസ്ഗ്യാസ് (ജിഎച്ച്ജി)യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായുള്ളതാണിത്.

പ്രതിവര്‍ഷം 68.2 ദശലക്ഷം ടണ്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ലൊക്കേഷന്‍ ഓയില്‍ റിഫൈനിംഗ് കോംപ്ലക്‌സ് ഗ്രൂപ്പിന് കീഴില്‍ ഗുജറാത്തിലെ ജാംനഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ പദ്ധതിയ്ക്കായി റിലയന്‍സിന് 2 ദശലക്ഷം ബാരല്‍ ചരക്ക് പെര്‍മിയന്‍ തടം ലഭിച്ചുവെന്നും യുഎസ് വിതരണക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

അസംസ്‌കൃത എണ്ണയുടെ ഉത്പാദനം, വിതരണം, ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സി ലോ കാര്‍ബണ്‍ വെഞ്ച്വറുകളും മക്വയറിയും ഓഫ്‌സെറ്റ് ചെയ്യും. ഇത് എണ്ണയെ 'കാര്‍ബണ്‍ ന്യൂട്രല്‍' ആക്കും എന്നതാണ് പ്രത്യേകത എന്നും കമ്പനി വക്താക്കള്‍ പറയുന്നു.

എന്തു തന്നെയായാലും സീറോ കാര്‍ബണ്‍ കമ്പനിയാകുന്നതോടെ റിലയന്‍സ് ആഗോള ഭീമന്മാര്‍ക്കിടയില്‍ പോലും വ്യാവസായിക മുന്നേറ്റത്തിന്റെ ഉദാഹരണമായി മാറുമെന്നത് ഉറപ്പ്. ഭാവിയിലെ അവസരങ്ങളും പ്രതിസന്ധികളും മുന്‍കൂട്ടി വിലയിരുത്തിക്കൊണ്ടുള്ള റിലയന്‍സിന്റെ തന്ത്രപരമായ നീക്കവുമാണ് ഇത് വെളിവാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com