
രാജ്യത്തെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാരയുടെ (Nayara Energy) ഓഹരികള്‍ സ്വന്തമാക്കാന്‍ റഷ്യന്‍ ഓയില്‍ കമ്പനിയായ റോസ്‌നെഫ്റ്റുമായി (Rosneft) മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries) ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. നയാര എനര്‍ജിയുടെ 49.13 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് രാജ്യത്തെ ഇന്ധന റീറ്റെയ്ല്‍ ബിസിനസില്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെയും മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി റിലയന്‍സ് മാറും. നിലവില്‍ ഏറ്റവും ഉയര്‍ന്ന എണ്ണശുദ്ധീകരണ ശേഷി ഇന്ത്യന്‍ ഓയിലിനാണ്.
റെസ്‌നെഫ്റ്റും റിലയന്‍സുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. അധികം വൈകാതെ എണ്ണക്കമ്പനികള്‍ക്കിടയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായി ഇത് മാറുമെന്നാണ് കരുതുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പമ്പുകളുള്ള സ്വകാര്യ കമ്പനിയാണ് നയാര. റിലയന്‍സിന് വെറും 1,972 പമ്പുകളാണുള്ളത്. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം, നയാരയുടെ വിപുലമായ പെട്രോള്‍ വിതരണ ശൃംഖല ഏറ്റെടുക്കുന്നത് ഒരു തന്ത്രപരമായ നേട്ടമായിരിക്കും.
കൂടാതെ റിലയന്‍സിന് പ്രതിവര്‍ഷം 68.2 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയാണ് ജാംനഗര്‍ പ്ലാന്റിലുള്ളത്. നയാരയുടെ വാഡിനറിലുള്ള രണ്ടു കോടി ടണ്‍ വാര്‍ഷിക ശേഷി കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്യുമ്പോള്‍ റിലയന്‍സിന്റെ മൊത്തം ശേഷി ഗണ്യമായി ഉയരുകയും ചെയ്യും.
അതേസമയം കമ്പനിയുടെ മൂല്യനിര്‍ണയത്തില്‍ തട്ടി നില്‍ക്കുകയാണ് ചര്‍ച്ചകള്‍ എന്നാണ് വിവരങ്ങള്‍.
റോസ്‌നെഫ്റ്റ് ഇപ്പോള്‍ ഏകദേശം 17 ബില്യണ്‍ ഡോളര്‍ വാല്വേഷന്‍ ആണ് ആവശ്യപ്പെടുന്നത്. നേരത്തെ 20 ബില്യണ്‍ ഡോളറിനടുത്തായിരുന്നെങ്കിലും പിന്നീട് ഇത് കുറയ്ക്കുകയായിരുന്നു. റിലയന്‍സ് ഉള്‍പ്പെടെയുള്ള ബയര്‍മാര്‍ ഈ മൂല്യനിര്‍ണയം കൂടുതലാണെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ ഈ കരാര്‍ നടപ്പാക്കാനുള്ള സാധ്യതയെ സംശയത്തോടെയാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ കാണുന്നത്.
പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഇന്ത്യയില്‍ നിന്ന് സമ്പാദിക്കുന്ന പണം തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാലാണ് നയാര എനര്‍ജിയിലെ ഓഹരികള്‍ വില്‍ക്കാന്‍ റോസ്‌നെഫ്റ്റ് തയാറെടുക്കുന്നത്.
റെസ്‌നെഫ്റ്റ് 2017 ല്‍ 12.9 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത എസ്സാര്‍ ഓയില്‍ എന്ന കമ്പനിയാണ് പേരുമാറ്റി നയാര എനര്‍ജി ആയത്. അടുത്തിടെയുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് രാജ്യത്തെ നിക്ഷേപത്തെക്കുറിച്ച് പുനര്‍ചിന്തിക്കാനും ഓഹരി വില്പനയിലേക്ക് തിരിയാനും റെസ്‌നെഫ്റ്റിനെ പ്രേരിപ്പിച്ചത്.
റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ഇന്ധനം വിറ്റ് നല്ല ലാഭം നേടുന്ന റിലയന്‍സ് നയാരയെ മികച്ച ഓപ്ഷനായാണ് കാണുന്നത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ യുഎസിലേക്കുള്ള ഇന്ധന കയറ്റുമതിയില്‍ നിന്ന് റിലയന്‍സ് ഏകദേശം 724 മില്യണ്‍ യൂറോയാണ് (ഏകദേശം 6,850 കോടി രൂപ) സമ്പാദിച്ചത്. ആഗോള വിപണിയില്‍ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ ഇത് റിലയന്‍സിനെ സഹായിക്കുകയും ചെയ്തു.
റോസ്നെഫ്റ്റിന് പുറമേ, യുസിപി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ്, ട്രാഫിഗുറ എന്നിവയുള്‍പ്പെടെ നയാര എനര്‍ജിയിലെ മറ്റ് പങ്കാളികളും ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് സജീവമായി ആലോചിക്കുന്നുണ്ട്. റിലയന്‍സുമായി റോസ്‌നെഫ്റ്റ് കരാര്‍ അന്തിമമായാല്‍, ട്രഫിഗരയും (Trafigura) സമാനമായ നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൗദി അരാംകോയ്ക്കും ഇന്ധന സംബന്ധിയായ ബിസിനസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ താത്പര്യമുണ്ട്. ഇതിനായി നയാരയെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഉയര്‍ന്ന മൂല്യ നിര്‍ണയം പ്രശ്‌നമായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെയും ഒ.എന്‍.ജി.സിയെയും പിന്തിരിപ്പിക്കുന്നതും ആസ്തികള്‍ക്ക് നല്‍കേണ്ട ഉയര്‍ന്ന വിലയാണ്. നയാരയുടെ ഓരോ പെട്രോള്‍ പമ്പിനും 33.5 കോടി രൂപയും റിഫൈനറിക്ക് 2.53 ബില്യണ്‍ ഡോളറുമാണ് ഇന്ത്യന്‍ ഓയിലും ഒഎന്‍ജിസിയും വില കണക്കാക്കുന്നത്. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ലാഭം നേടുന്നതിനും നയാരയുടെ ബിസിനസ് ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ റിലയന്‍സ് കൂടുതല്‍ വില നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine