ഇന്ധന വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് റിലയന്‍സ്, കാരണം ഇതാണ്

പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനങ്ങള്‍ തിരിച്ചടി. പ്രതിമാസം 700 കോടിയുടെ നഷ്ടം
ഇന്ധന വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് റിലയന്‍സ്, കാരണം ഇതാണ്
Published on

ചില്ലറ ഇന്ധന വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡ് (ആര്‍ബിഎംഎല്‍). റിലയന്‍സിന്റെയും യുകെ ആസ്ഥാനമായ ബിപിയുടെയും സംയുക്ത സംരംഭമാണ് ആര്‍ബിഎംഎല്‍. വിപണി നിയന്ത്രിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണെന്നും പലപ്പോഴും ഇവര്‍ യാഥാര്‍ത്ഥ ചെലവിന് താഴെ വില പിടിച്ചു നിര്‍ത്തുകയാണെന്നുമാണ് കമ്പനിയുടെ ആരോപണം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഉല്‍പ്പടെയുള്ള കമ്പനികള്‍ 2021 നവംബര്‍ മുതല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ച്ചയായി 137 ദിവസമാണ് ഇന്ധന വില ഒരേ നിലയില്‍ തുടര്‍ന്നത്. വിഷയം ചൂണ്ടിക്കാട്ടി ആര്‍ബിഎംഎല്‍ പെട്രോളിയം മന്ത്രാലയത്തിന് കത്തെഴുതി. രാജ്യത്തെ ചില്ലറ ഇന്ധന വില്‍പ്പനയില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് പൊതുമേഖല എണ്ണക്കമ്പനികളാണ്.

ക്രൂഡ് ഓയില്‍ (Crude Oil) വിലയ്ക്ക് അനുസൃതമായി പൊതുമേഖല കമ്പനികള്‍ വില വര്‍ധിപ്പിക്കാത്തകിനെ തുടര്‍ന്ന് എല്ലാ കമ്പനികള്‍ക്കും വലിയ നഷ്ടമാണ് ഫെബ്രുവരി മുതല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഓരോ മാസവും 700 കോടിയുടെ നഷ്ടമാണ് ആര്‍ബിഎംഎല്ലിന് ഉണ്ടാകുന്നത്. നഷ്ടം കുറയ്ക്കാന്‍ റീട്ടെയില്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയാണ് കമ്പനി. റഷ്യയുടെ റോസ്‌നെഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നയാര എനര്‍ജി നഷ്ടം നികത്താന്‍ പൊതുമേഖലാ കമ്പനികളെക്കാള്‍ മൂന്ന് രൂപ പെട്രോള്‍-ഡീസല്‍ വിലയില്‍ കൂട്ടിയിരുന്നു.

മെയ് 16ലെ കണക്കുകള്‍ അനുസരിച്ച് പെട്രോളിള്‍ ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയുമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. അതേ സമയം പൊതുമേഖലാ സ്ഥാപനങ്ങള്‍ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര എണ്ണ വിലയെ അടിസ്ഥാനമാക്കി മാത്രമല്ലെന്നും പെട്രോകെമിക്കല്‍സ്, എണ്ണ ശുദ്ധീകരണം തുടങ്ങിയവ കൂടി പരിഗണിച്ചാണെന്നും പെട്രോളിയം മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച കേന്ദ്രം പെട്രോളിനും ഡീസലിനും യഥാക്രമം 8 രൂപ. 6 രൂപ വീതമാണ് എക്‌സൈസ് തീരുവ കുറച്ചത്. എക്‌സൈസ് തീരുവയിലൂണ്ടാകുന്ന വ്യത്യാസങ്ങള്‍ എണ്ണക്കമ്പനികളെ ബാധിക്കില്ല. അതേ സമയം കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 79 പൈസ വര്‍ധിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com