ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയെ 350 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ റിലയന്‍സ്

ബോളിവുഡ് താരം ആലിയ ഭട്ട് ആരംഭിച്ച കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡായ എഡ്-എ-മമ്മയെ (Ed-a-mamma) 300-350 കോടി രൂപയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ബ്രാന്‍ഡ്‌സ് ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സും എഡ്-എ-മമ്മയും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അടുത്ത 7-10 ദിവസത്തിനുള്ളില്‍ കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എഡ്-എ-മമ്മയുടെ വളര്‍ച്ച

മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് ആലിയ ഭട്ടിനെ 2020ല്‍ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു.എഡ്-എ-മമ്മയുടെ സ്വന്തം വെബ്സ്റ്റോര്‍ കൂടാതെ ഫസ്റ്റ്‌ക്രൈ (FirstCry), അജിയോ (AJIO), മിന്ത്ര (Myntra), ആമസോണ്‍ (Amazon), ടാറ്റ ക്ലിക് (Tata cliq) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കമ്പനിയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.

ലൈഫ്സ്‌റ്റൈല്‍, ഷോപ്പേഴ്സ് സ്റ്റോപ്പ് തുടങ്ങിയ റീട്ടെയില്‍ ശൃംഖലകള്‍ വഴിയും ബ്രാന്‍ഡ് വില്‍ക്കുന്നു. 4 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് ആരംഭിച്ചത്. ഈ വര്‍ഷമാദ്യം കുട്ടികളുടെ സ്ലീപ്പ് സ്യൂട്ടുകള്‍, ബോഡി സ്യൂട്ടുകള്‍ എന്നിവയുടെ ഒരു വസ്ത്ര നിരയും എഡ്-എ-മമ്മ ആരംഭിച്ചു. എഡ്-എ-മമ്മയുടെ ഏറ്റെടുക്കല്‍ നടക്കുകയാണെങ്കില്‍ അത് റിലയന്‍സിന്റെ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങുടെ ഉല്‍പ്പന്നനിരയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള ആലിയ ഭട്ട് സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ്. 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. പിന്നീട് കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന സിനിമയിലുടെ നായികയായി ബോളിവുഡിലെത്തി. നടന്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിച്ച ആലിയ ഭട്ടിന് ഒരു മകളുണ്ട്. അഭിനയത്തിനും സ്വന്തമായ വസ്ത്ര ബ്രാന്‍ഡിനും പുറമേ ആലിയ ഭട്ട് 'കോഎക്‌സ്‌സിസ്റ്റ്' എന്നൊരു പാരിസ്ഥിതിക സംരംഭവും ആരംഭിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it