കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ബ്രാന്റ്‌സ്

കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡ് (ആര്‍ബിഎല്‍). ഇന്ത്യയിലെ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികളാണ് ആര്‍ബിഎല്‍ ഏറ്റെടുക്കുന്നത്. ഇതിലൂടെ റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനും വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പില്‍ 25 വര്‍ഷത്തിലേറെയായി കളിപ്പാട്ട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറ്റലിയിലെ സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ. 2009ലാണ് ഗ്രൂപ്പ് അതിന്റെ ഇന്ത്യന്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് അനുസൃതമായാണ് നടപടിയെന്ന് റിലയന്‍സ് ബ്രാന്‍ഡ് വക്താവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് റീട്ടെയില്‍ ശൃംഖലയായ ഹാംലിസ്, ഹോംഗ്രൗണ്‍ ടോയ് ബ്രാന്‍ഡായ റോവന്‍ എന്നിവയില്‍ പങ്കാളിത്തമുള്ള റിലയന്‍സിന് കളിപ്പാട്ട വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമുണ്ട്. നിലവില്‍ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയില്‍ വലിയൊരു കളിപ്പാട്ട സ്റ്റോര്‍ ശൃംഖലയുമുണ്ട്.


Related Articles
Next Story
Videos
Share it