രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ റിലയന്‍സ്

ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനായുള്ള കരാറിലേര്‍പ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ റിയാലിറ്റി എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ ഡാറ്റാ സെന്ററുകള്‍ക്കായുള്ള എസ്.പി.വികളിലാണ് റിലയന്‍സ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യന്‍ എസ്.പി.വികളിലും (പ്രത്യേക കമ്പനി/ Special purpose vehicles) റിലയന്‍സ് 33.33% ഓഹരികള്‍ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും. 'ഡിജിറ്റല്‍ കണക്ഷന്‍: എ ബ്രൂക്ക്ഫീല്‍ഡ്, ജിയോ ആന്‍ഡ് ഡിജിറ്റല്‍ റിയാലിറ്റി കമ്പനി' എന്നാണ് സംരംഭത്തിന്റെ പേര്.

ആഗോളതലത്തില്‍ ക്ലൗഡ്, കാരിയര്‍-ന്യൂട്രല്‍ ഡാറ്റാ സെന്റര്‍, കോളോക്കേഷന്‍, ഇന്റര്‍കണക്ഷന്‍ സൊല്യൂഷനുകള്‍ എന്നിവയുടെ ഏറ്റവും വലിയ ദാതാവാണ് ഡിജിറ്റല്‍ റിയാലിറ്റി. 27 രാജ്യങ്ങളിലായി 300ലധികം ഡാറ്റാ സെന്ററുകളുമുണ്ട് . രാജ്യാന്തര തലത്തില്‍ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപകരില്‍ ഒന്നാണ് ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍. ഡിജിറ്റല്‍ റിയാലിറ്റിക്ക് ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി ഒരു സംയുക്ത സംരംഭമുണ്ട്. ഇന്ത്യയിലെ എന്റര്‍പ്രൈസുകളുടെയും ഡിജിറ്റല്‍ സേവന കമ്പനികളുടെയും നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കാന്‍ റിലയന്‍സിന്റെ പങ്കാളിത്തത്തിലൂടെ സാധിക്കും.
ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ലോകോത്തര ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കും. ആദ്യഘട്ടത്തില്‍ ചെന്നൈയിലും മുംബൈയിലുമാണ് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it