ഓണ്‍ലൈന്‍ മരുന്നു വ്യാപാരം കൊഴുപ്പിക്കാന്‍ ആമസോണ്‍, റിലയന്‍സ്, ഫ്‌ളിപ്കാര്‍ട്ട്

ഓണ്‍ലൈന്‍ മരുന്നു വ്യാപാരം കൊഴുപ്പിക്കാന്‍ ആമസോണ്‍, റിലയന്‍സ്, ഫ്‌ളിപ്കാര്‍ട്ട്
Published on

ആമസോണിനു പിന്നാലെ റിലയന്‍സും ഫ്‌ളിപ്കാര്‍ട്ടും ഉള്‍പ്പെടെയുള്ള ഇ കോമേഴ്‌സ് ഭീമന്മാര്‍ ചേര്‍ന്ന് മല്‍സരം കൊഴുപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്ത് വന്‍ കുതിപ്പിനു കളമൊരുങ്ങുന്നു. ഇപ്പോഴത്തെ ഓഫ് ലൈന്‍ ബിസിനസിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ സമയബന്ധിതമായി വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളാണ് തയ്യാറാകുന്നതെന്ന് ഈ മേഖലയിലെ നിരീക്ഷകര്‍ പറയുന്നു.കമ്പനികള്‍ക്കിടയിലെ കടുത്ത പ്രാരംഭ മല്‍സരം ഉപഭോക്താക്കള്‍ക്കു വലിയ തോതില്‍ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.

പമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കി. 620 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങുന്നത്. ഇതോടെ ഇ - ഫാര്‍മസി രംഗത്തേക്ക് റിലയന്‍സ് റീട്ടെയിലും ചുവടുവയ്ക്കുകയാണ്. ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെതിരെ ചൂടേറിയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. നേരത്തെ തന്നെ റിലയന്‍സ് ജിയോമാര്‍ട്ടും ഇ-കോമേഴ്‌സ് രംഗത്ത് സാന്നിധ്യം ഉറപ്പിച്ചിരുന്നു.കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിലും അതിനുശേഷവും രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇ- ഫാര്‍മസി മേഖലയില്‍ വ്യാപാര ഭീമന്‍മാര്‍ വലിയ താല്‍പ്പര്യമെടുക്കുന്നത്.പരമ്പരാഗത ശൈലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മരുന്നു വ്യാപാര സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്ന പ്രവര്‍ത്തനത്തിലേക്കാണ് ആമസോണും റിലയന്‍സും ഫ്‌ളിപ്കാര്‍ട്ടും ശ്രദ്ധയൂന്നുന്നത്.

നെറ്റ് മെഡ്‌സ് കൂടി ചേരുന്നതോടെ മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള റിലയന്‍സ് റീട്ടെയിലിന്റെ ക്ഷമത വര്‍ധിക്കും. ഉപഭോക്താക്കളുടെ ദൈനംദിന അവശ്യ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ കൊമേഴ്സ് അനുപാതം വിശാലമാകുകയും ചെയ്യും - റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വേഴ്‌സ് ഡയറക്ടര്‍ ഇഷാ അംബാനി  പറഞ്ഞു.ലോക്ക്ഡൗണിന് മുന്‍പേ തന്നെ ഈ മേഖലയിലേക്കു കടക്കാനും നെറ്റ് മെഡ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആലോചിച്ചിരുന്നുവെന്നും ലോക്ക്ഡൗണ്‍ ഈ മേഖലയുടെ മൂല്യം വിലയിരുത്താനും ഇടപാട് യാഥാര്‍ത്ഥ്യമാക്കാനും സഹായിച്ചുവെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്നതിനും നിരവധി പേര്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങി. കണ്‍സല്‍ട്ടേഷന്‍, ചികിത്സ, പരിശോധനകള്‍, മരുന്ന് വിതരണം തുടങ്ങിയവയും ഓണ്‍ലൈന്‍ വഴിയാക്കി.മരുന്ന് വിതരണത്തിനായി ധാരാളം സ്റ്റാര്‍ട്ടപ്പുകളും രംഗത്തെത്തി. കുറിപ്പടി പ്രകാരമുള്ള അലോപ്പതി മരുന്നുകള്‍ക്കാണ് നിലവില്‍ മുന്നേറ്റം. മെഡിക്കല്‍ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പ്പനക്കാരില്‍നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍, ഹോമിയോ മരുന്നുകള്‍  തുടങ്ങിയവയുടെ വിതരണവും ചിലയിടങ്ങളിലുണ്ട്. വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സാധിക്കേണ്ടതാണ് ഇന്നത്തെ പ്രധാന ആവശ്യമെന്ന ആശയവുമായാണ് ഇ- ഫാര്‍മസി മേഖല സജീവമാകുന്നത്.

കഴിഞ്ഞയാഴ്ച ആമസോണ്‍ ഇന്ത്യ തങ്ങളുടെ ഇ-ഫാര്‍മസി സേവനം ബെംഗളൂരുവില്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും വിവിധ മേഖലകളില്‍ ബിസിനസ് പ്രതീക്ഷ വളര്‍ത്തുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായെന്ന വിലയിരുത്തലോടെയാണ് ഫാര്‍മസി രംഗത്തേക്കുള്ള ആമസോണ്‍ ഇന്ത്യയുടെ കടന്നുവരവ്.

ലോക്ക്ഡൗണും സാമൂഹിക അകലവും ഉപഭോക്താക്കളെ കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്ന് വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചു. ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളായ പ്രാക്ടോ, നെറ്റ്മെഡ്സ്, 1 എം ജി, ഫാം ഈസി, മെഡ് ലൈഫ് എന്നിവ ഡിമാന്‍ഡില്‍ വന്‍ കുതിച്ചുചാട്ടം നേടി. എഡ്ടെക് പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായ മുന്നേറ്റമാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടായത്.

ആമസോണ്‍ ഇന്ത്യയ്ക്ക് പിന്നാലെ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടും ഇ-ഫാര്‍മസി ബിസിനസിലേക്കു പ്രവേശിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.ഇതിനു വേണ്ടി ബംഗളൂരു ആസ്ഥാനമായുള്ള മെഡ്ലൈഫ് സ്വന്തമാക്കുന്നതിന് വിപുലമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.  ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫാം ഈസിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

പ്രദീപ് ദാദ സ്ഥാപിച്ച നെറ്റ് മെഡ്‌സ് നിലവില്‍ മരുന്നുകള്‍, വ്യക്തിഗത- ശിശു പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയ വിതരണം ചെയ്യുന്നു. കൂടാതെ വെബ്സൈറ്റിലും അപ്ലിക്കേഷനിലും ഡോക്ടര്‍ ബുക്കിംഗും ഡയഗ്‌നോസ്റ്റിക്‌സും നല്‍കുന്നു.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡൗണ്‍ പെന്‍ കംബോഡിയ ഗ്രൂപ്പ്, സിസ്റ്റേമ ഏഷ്യ ഫണ്ട്, ടാന്‍കാം ഇന്‍വെസ്റ്റ്മെന്റ്, ഹെല്‍ത്ത് കെയര്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനമായ ഓര്‍ബിമെഡ് എന്നിവരും കമ്പനിയിലെ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. മരുന്നുകള്‍ പതിവായി വിതരണം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഒരു സംഘം ഏതാനും വര്‍ഷങ്ങളായി ഇ-ഫാര്‍മസിയില്‍ കടുത്ത പോരാട്ടം നടത്തിവരികയായിരുന്നു.

ഇന്ത്യയിലെ ഇ- ഫാര്‍മ വിപണിയില്‍ വരുന്ന വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇ വൈ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2023ഓടെ 2.7 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഇ- ഫാര്‍മ വിപണി എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 360 മില്യണ്‍ ഡോളറിന്റെ വലുപ്പമാണ് ഉള്ളതെന്നും 'ഇ- ഫാര്‍മ: ആരോഗ്യകരമായ ഫലങ്ങള്‍' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നത്, സ്മാര്‍ട്ട് ഫോണ്‍ വ്യാപനം, ദീര്‍ഘകാല അസുഖങ്ങളുടെ വര്‍ധന, പ്രതിശീര്‍ഷ വരുമാനം ഉയരുന്നതിലൂടെ ചികിത്സയ്ക്കായി ചെലവഴിക്കാവുന്ന തുകയില്‍ ഉണ്ടാകുന്ന വളര്‍ച്ച എന്നിവയെല്ലാമാണ് ഈ മേഖലയിലെ വളര്‍ച്ചാ പ്രതീക്ഷകളെ മുന്നോട്ടു നയിക്കുന്നത്.

ആഗോള തലത്തില്‍ നിലവില്‍ 9.3 ബില്യണ്‍ ഡോളറിന്റെ വലുപ്പമാണ് നിലവില്‍ ഇ-ഫാര്‍മ വ്യവസായത്തിനുള്ളത്. 2023 ഓടെ 18.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 18.1 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ദീര്‍ഘ കാല രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 85 ശതമാനം വരെ പങ്കാളിത്തം സ്വന്തമാക്കാന്‍ ഇ-ഫാര്‍മസി മേഖലയ്ക്ക് സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. രൂക്ഷതയുള്ള രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 40 ശതമാനത്തോളം നാലുവര്‍ഷത്തിനുള്ളില്‍ ഇ- ഫാര്‍മസി സ്വന്തമാക്കുമെന്നാണ് നിരീക്ഷണം.

ഇന്ത്യയില്‍ ഇന്ന് ഇ-കൊമേഴ്‌സിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പ്രകടമാകുന്നത്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ ഫാര്‍മസികളും വര്‍ധിച്ചു. ഡിജിറ്റല്‍ പേമെന്റുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ന്നതോടെ അടുത്ത നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണ് ഇ- ഫാര്‍മസി മേഖലയ്ക്ക്. ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പന മാത്രമല്ല, ബി ടു ബി ഇടപാടുകളും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്ത് വര്‍ധിക്കും' ഇവൈ ഇന്ത്യ പാര്‍ട്ണറും ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലകളിലെ വിദഗ്ധനുമായ അന്‍കുര്‍ പഹ്വ നിരീക്ഷിക്കുന്നു.

ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ടെക്, ഫിന്‍ടെക് എന്നിവയിലെ വന്‍ കമ്പനികളുടെയും നിക്ഷേപകരുടെയും ശ്രദ്ധ കൂടുതലായി ഇ- ഫാര്‍മസി മേഖലകളിലേക്ക് തിരിയും. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച ഫണ്ട് സമാഹരണം സാധ്യമാക്കിയിട്ടുണ്ട്. ആരോഗ്യത്തിനായുള്ള പ്രതിശീര്‍ഷ ചെലവിടല്‍ വേഗത്തില്‍ വര്‍ധിക്കുന്ന രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വിപുലമായ ശൃംഖലകളുള്ള സംരംഭങ്ങള്‍ക്ക് ഇ-ഫാര്‍മസി മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അന്‍കുര്‍ ചൂണ്ടിക്കാണിക്കുന്നു.

എല്ലാത്തരം സാധനങ്ങളും എത്തിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വേണമെന്ന ജിയോയുടെ ആഗ്രഹത്തിന് പുതിയ കരാര്‍ ഊര്‍ജം പകരുന്നു. ദുരിതത്തിലായ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നത് ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ്. ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റാര്‍ട്ടപ്പായ അര്‍ബന്‍ ലാഡര്‍, ഓണ്‍ലൈന്‍ വസ്ത്ര റീട്ടെയിലര്‍ സിവാമെ, ഓണ്‍ലൈന്‍ പാല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പ് മില്‍ക്ക് ബാസ്‌ക്കറ്റ് എന്നിവയും റിലയന്‍സ് ഏറ്റെടുത്തുവരികയാണ്.

ഓണ്‍ലൈനായി മരുന്നു വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇ ഫാര്‍മസി കരടു വിജ്ഞാപനം 2018 ല്‍ പുറത്തിറക്കിയിരുന്നു. ഓണ്‍ലൈന്‍ മരുന്നുവ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് കേന്ദ്ര ലൈസന്‍സിങ് അതോറിറ്റിയുടെ (സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇതിനു പുറമേ രാജ്യം മുഴുവന്‍ വ്യാപാരം നടത്തുന്നതിനായി ഏതെങ്കിലും സംസ്ഥാനത്തുനിന്നു വ്യാപാര ലൈസന്‍സ് നേടണം.

വില്‍പന നടത്തുന്ന മരുന്നുകളുടെ മുഴുവന്‍ രേഖകളും കമ്പനി സൂക്ഷിക്കുന്നതിനൊപ്പം രോഗികളുടെ വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പരാതി പരിഹരിക്കാന്‍ സംവിധാനവും വേണം. മയക്കുമരുന്നുകള്‍, മനക്ഷോഭത്തിനുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വ്യാപാരം നിരോധിച്ചിട്ടുണ്ട്. ഐടി ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാണ്. മരുന്നുകളുടെ വ്യാപാരം കൂട്ടാന്‍ പരസ്യം നല്‍കരുതെന്നും വ്യവസ്ഥയുണ്ട്. 2015 മുതലാണ് ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിരുന്നില്ല. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണു പൊതുനിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചു കരടു തയാറാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com