
ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ പ്രീമിയം ജൂസ് ബ്രാന്‍ഡായ സണ്‍ ക്രഷിന്റെ ഇന്ത്യന്‍ അവകാശം സ്വന്തമാക്കിയ മുകേഷ് അംബാനിയുടെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് (RCPL) രാജ്യത്ത് ഉത്പാദനം ആരംഭിച്ചു.
പ്രാദേശിക ബ്രാന്‍ഡുകളായ ഡാബറിന്റെ റിയല്‍, ഐ.ടി.സിയുടെ ബി നാച്വറല്‍, അമൂല്‍ ട്രൂ, പേപ്പര്‍ ബോട്ട്, പെപ്‌സികോയുടെ ട്രോപ്പിക്കാന എന്നിവരോട് അങ്കം കുറിച്ചുകൊണ്ടാണ് പുതിയ ബ്രാന്‍ഡിന്റെ വരവ്.
സോഫ്റ്റ് ഡ്രിങ്കുകളിലും എനര്‍ജി ഡ്രിങ്കുകളിലും നടപ്പാക്കിയ വില മോഡല്‍ ജൂസ് ബ്രാന്‍ഡിംഗിലും പിന്തുടരാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. 200 മില്ലി ബോട്ടിലുകള്‍ 20 രൂപയിലാണ് സണ്‍ ക്രഷ് അവതരിപ്പിക്കുക. ഇതോടെ പാക്കേജ്ഡ് ബിവറേജസ് രംഗത്ത് മത്സരം കൊഴുക്കും. എതിരാളികളായ റിയലും ട്രോപ്പിക്കാനയും സമാന വിലയിലാണ് ജൂസ് ഡ്രിങ്ക് വില്‍ക്കുന്നത്.
റിലയന്‍സിനു കീഴില്‍ വരുന്ന രണ്ടാമത്തെ ജൂസ് ബ്രാന്‍ഡാണ് സണ്‍ ക്രഷ്. കഴിഞ്ഞ ഫെബ്രുവരിയില്‍ റാസ്‌കിക് എന്ന ജൂസ് ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പ്രാദേശിക ജൂസ് നിര്‍മാണ കമ്പനിയായ റാസ്‌കിക്കിനെ ഏറ്റെടുക്കുന്നത്. കോക്ക-കോളയുടെ തെക്കു കിഴക്കന്‍ യൂറോപ്പ് വിഭാഗം മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന വികാസ് ചൗളയുടെ സംരംഭമായിരുന്നു റാസ്‌കിക്ക്.
രാജ്യത്തെ ശീതള പാനീയ വിപണി 67,000 കോടിയുടേതാണെന്നാണ് ഐ.സി.ആര്‍.ഐ.ഇ.ആര്‍ (CRIER) കണക്കാക്കുന്നത്. ഇത് 2023 ഓടെ 1.48 ലക്ഷം കോടിയാകുമെന്നും കരുതുന്നു. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, ജൂസുകള്‍ എന്നിവ അടങ്ങുന്ന ഈ വന്‍ വിപണിയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ശീതള പാനീയ ബ്രാന്‍ഡായ കാമ്പയുടെ പാക്കേജിംഗിനും എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ സ്പിന്നറിന്റെ നിര്‍മാണത്തിലും മുത്തയ്യ മുരളീധരന്റെ സിലോണ്‍ ബിവറേജസുമായി റിലയന്‍സിന് പങ്കാളിത്തമുണ്ട്. കൂടാതെ മുത്തയ്യ മുരളീധരന്റെ എനര്‍ജി ഡ്രിങ്കുകളുടെയും ജൂസിന്റെയും ഇന്ത്യന്‍ വിതരണവും റിലയന്‍സാണ് നടത്തുന്നത്.
എഫ്.എം.സി.ജി വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിലയന്‍സ് കഴിഞ്ഞ വര്‍ഷം കാമ്പകോളയെ ഏറ്റെടുത്തത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതുമാസക്കാലയളവില്‍ 8,000 കോടി രൂപയുടെ വരുമാനമാണ് ആര്‍.സി.പി.എല്‍ നേടിയത്.
Read DhanamOnline in English
Subscribe to Dhanam Magazine