കൊക്കകോളയും പെപ്‌സിയും വെള്ളം കുടിക്കുമോ? വില കുറച്ച്, ഉല്‍പാദനം കൂട്ടി വിപണി പിടിക്കാന്‍ 8,000 കോടിയുടെ നിക്ഷേപവുമായി അംബാനി; എല്ലാം കുടിച്ചു തീര്‍ക്കേണ്ടത് നമ്മള്‍!

അടുത്ത 12-15 മാസത്തിനുള്ളിൽ കാമ്പയുടെയും മറ്റ് പാനീയങ്ങളുടെയും ശേഷി വർദ്ധിപ്പിക്കാനുളള നീക്കങ്ങളില്‍
Mukesh Ambani's Campa Cola
Image Courtesy: Canva
Published on

ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയായി മാറിയിരിക്കുകയാണ് ശീതളപാനീയങ്ങള്‍. 67,000 കോടി രൂപയുടേതാണ് ഇന്ത്യയിലെ ശീതള പാനീയ വ്യവസായമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ICRIER) കണക്കാക്കുന്നു. 2030 ആകുമ്പോഴേക്കും ശീതള പാനീയ വിൽപ്പന 1.47 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിപണിയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുളള നീക്കങ്ങളിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (RCPL).

കൂടുതല്‍ പ്ലാന്റുകൾ

കൊക്കകോള, പെപ്‌സി തുടങ്ങിയവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി റിലയന്‍സ് അവതരിപ്പിക്കുന്ന ശീതളപാനീയമാണ് കാമ്പ കോള. അടുത്ത 12-15 മാസത്തിനുള്ളിൽ കാമ്പയുടെയും മറ്റ് പാനീയ ബ്രാൻഡുകളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനായി റിലയൻസ് 8,000 കോടി രൂപയോളമാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. വികസിക്കുന്ന വിപണി ലക്ഷ്യമിട്ട് 12 ഓളം പുതിയ പ്ലാന്റുകൾ കൂട്ടിച്ചേർക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

18 പ്ലാന്റുകളിലാണ് നിലവില്‍ കാമ്പയടക്കമുളള കമ്പനിയുടെ ശീതള പാനീയങ്ങള്‍ നിർമ്മിക്കുന്നത്. പ്ലാന്റുകളെല്ലാം മറ്റു കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ പ്രാദേശിക പങ്കാളിയായ ജെറിക്കോ ഫുഡ്‌സ് ആൻഡ് ബിവറേജസ് ചേർന്ന് റിലയൻസ് പ്ലാന്റ് സ്ഥാപിച്ചിരുന്നു. വടക്കുകിഴക്കൻ മേഖലയ്ക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ നിര്‍മ്മിക്കുന്നത് ഈ പ്ലാന്റിലായിരിക്കും. ബീഹാറിൽ മറ്റൊരു പ്ലാന്റ് തുടങ്ങാനുളള നീക്കങ്ങളിലാണ് കമ്പനി.

വില യുദ്ധം

250 മില്ലി കുപ്പികൾക്ക് 10 രൂപ വിലയില്‍ സ്പിന്നർ സ്പോർട്സ് പാനീയങ്ങൾ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കൊക്കകോള, പെപ്സി തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങളേക്കാള്‍ പകുതി വിലക്കാണ് ഇവ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനാണ് ഇതിന്റെ പരസ്യങ്ങളില്‍ എത്തുന്നത്.

കൊക്കകോള, പെപ്സികോ, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ്, ഡാബർ എന്നിവയേക്കാൾ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് റിലയൻസ് തങ്ങളുടെ കോള, സ്പോർട്സ്, ഹൈഡ്രേഷൻ, ജ്യൂസ് പാനീയങ്ങൾ വിപണിയിലെത്തിക്കുന്നത്. ഇത് മറ്റു കമ്പനികളെ ഉപഭോക്തൃ പ്രമോഷനുകൾ വര്‍ധിപ്പിക്കാനും വ്യാപാര മാർജിനുകൾ കൂട്ടാനും ചെറുതും വിലകുറഞ്ഞതുമായ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും നിർബന്ധിതരാക്കുകയണ്.

നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം ലഭ്യമായ കാമ്പ കോളയടക്കമുളള ഉല്‍പ്പന്നങ്ങള്‍ 2027 മാർച്ചോടെ രാജ്യ വ്യാപകമായി ലഭ്യമാക്കാനുളള നീക്കങ്ങളിലാണ് കമ്പനി.

Reliance plans to invest ₹8,000 crore to challenge Coca-Cola and Pepsi with Campa Cola and expand pan-India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com